
വാഷിംഗ്ടൺ: 'നൂറ്റാണ്ടിലെ ഭീതി"യെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വിശേഷിപ്പിച്ച മിൽട്ടൺ ചുഴലിക്കാറ്റ് തീരം വിട്ടു.
10 മരണം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ചില പ്രദേശങ്ങളിൽ കനത്ത മഴ തുടരുകയാണ്. മിൽട്ടൺ തീവ്രത കുറഞ്ഞ കാറ്റഗറി 1 കാറ്റായി അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് കടന്നെന്നും വരും മണിക്കൂറുകളിൽ മഴക്ക് ശമനമുണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
മദ്ധ്യ ഫ്ലോറിഡയിലാണ് കൂടുതൽ നാശമുണ്ടായത്. നിരവധി കെട്ടിടങ്ങൾ തകർന്നു. 30 ലക്ഷം വീടുകളിൽ വൈദ്യുതി നിലച്ചു.
വിവിധ മേഖലകളിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. നിലവിൽ 80,000ത്തിലധികം ആളുകൾ ക്യാമ്പിലാണ്.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട ആറ് വിമാനത്താവളങ്ങൾ ഉടൻ തുറക്കും.
അതിനിടെ മിൽട്ടൺ കുറഞ്ഞത് 19 അനുബന്ധ ചുഴലിക്കാറ്റുകളുണ്ടായതായി
ഫ്ലോറിഡ ഗവർണർ റോൺ ഡിസാൻറിസ് പറഞ്ഞു. നിരവധി കൗണ്ടികളിൽ നാശനഷ്ടങ്ങൾ വരുത്തി. നിരവധി വീടുകൾ നശിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്ക സാദ്ധ്യത നിലനിൽക്കുന്നതിനാൽ ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ഗവർണർ അറിയിച്ചു.
ബുധനാഴ്ച വൈകിട്ടോടെയാണ് കര തൊട്ട മിൽട്ടൺ ചുഴലിക്കാറ്റ് ഫ്ലോറിഡയിലെ സിയെസ്റ്റ കീ നഗരത്തിലാണ് ആദ്യമെത്തിയത്. ആദ്യം കാറ്റഗറി 2 കൊടുങ്കാറ്റായി ശക്തി പ്രാപിച്ച മിൽട്ടൺ മണിക്കൂറിൽ 120 മൈൽ (195 കി.മീ) മൈൽ വേഗത്തിൽ തീരപ്രദേശങ്ങളിൽ ആഞ്ഞടിച്ചു. ടാമ്പയിൽ 10 ഇഞ്ചും സെയിന്റ് പീറ്റേർസ്ബർഗിൽ 17 ഇഞ്ചും മഴയും പെയ്തു.
ആഴ്ചകൾക്കു മുമ്പ് അമേരിക്കൻ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത നാശം വിതച്ച് ഹെലൻ ചുഴലിക്കാറ്റടിച്ചിരുന്നു. ഇതേ തുടർന്ന് 232 പേരാണ് മരിച്ചത്.
ദൃശ്യം പങ്കുവച്ച് നാസ
മിൽട്ടൺ ചുഴലിക്കാറ്റിന്റെ ബഹിരാകാശത്തുനിന്നുള്ള ദൃശ്യങ്ങൾ പകർത്തി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന നാസയുടെ ഗവേഷകനായ മാത്യു ഡൊമിനിക്ക്. ബഹിരാകാശ നിലയത്തിന്റെ ജാലകത്തിലൂടെയുള്ള ടൈംലാപ്സ് വിഡിയോയാണ് ഡൊമിനിക്ക് പങ്കുവച്ചത്.