e

1991 മാർച്ച്... ടാറ്റ ഗ്രൂപ്പ് രത്തൻ ടാറ്റയുടെ കൈയിലേക്ക്.. ടാറ്റയുടെ ചെയർമാൻ പദവിയിലേക്ക് കടന്നുവരാൻ യോഗ്യരായ പലരും ഉണ്ടായിരുന്നു.

എന്നാൽ ഒരു സുപ്രഭാതത്തിൽ ജെ.ആർ.ഡി ടാറ്റ കണ്ടെത്തിയ ഉത്തരമായിരുന്നു രത്തൻ. അത് തെറ്റായില്ല എന്ന് തെളിയിക്കും വിധം പിന്നീട് ടാറ്റ വളർന്നു.

ടാറ്റ ഏറ്റെടുക്കുന്നതിനെക്കുറിച്ച് രത്തൻ ടാറ്റ പറയുന്നു: ജെ.ആർ.ഡി ടാറ്റ ഹൃദ്രോഗത്തെത്തുടർന്ന് ആശുപത്രിയിലായപ്പോഴാണ് കമ്പനിയുടെ ചുമതലകൾ എനിക്ക് കൈമാറാൻ തീരുമാനിക്കുന്നത്. മെഴ്സിഡസ് ബെൻസുമായുള്ള ചില ചർച്ചകൾക്കായി എനിക്ക് സ്റ്റട്ട്ഗാർട്ടിലേക്ക് പോകേണ്ടിവന്നു. തിരികെ വന്നപ്പോഴാണ് അദ്ദേഹം ആശുപത്രിയിലാണെന്നറിഞ്ഞത്. എല്ലാദിവസം ഞാൻ ചെന്ന് കാണും. ഒരു വെള്ളിയാഴ്ച അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തു. തുടർന്നുള്ള തിങ്കളാഴ്ച അദ്ദേഹത്തെ ഓഫീസിൽ വച്ച് കണ്ടു.ശരി, എന്താണ് പുതിയത് എന്ന ആമുഖത്തോടെയാണ് അദ്ദേഹം സംഭാഷണം ആരംഭിക്കുക. അന്നും അങ്ങനെ ചോദിച്ചു. ഞാൻ താങ്കളെ എന്നും കാണുന്നുണ്ട്, അവസാനമായി കണ്ടതിന് ശേഷം പുതുതായി ഒന്നും ഉണ്ടായിട്ടില്ലെന്ന് മറുപടി നൽകി. എന്റെ സ്ഥാനം താങ്കളെ ഏൽപ്പിക്കാൻ ഞാൻ തീരുമാനിച്ചു- ജെ.ആർ.ഡി ടാറ്റ പറഞ്ഞു. മാർച്ച് 25ന് നടന്ന ടാറ്റ ഗ്രൂപ്പിന്റെ ബോർഡ് യോഗത്തിൽ തീരുമാനം വന്നു. അമ്പതോളം വർഷമുണ്ടായിരുന്ന സ്ഥാനത്തുനിന്ന് അദ്ദേഹം പടിയിറങ്ങുന്നു. അന്ന് അദ്ദേഹം വൈകാരികമായി സംസാരിച്ചു. '- രത്തൻ പറഞ്ഞു.