k

ദ വെജിറ്റേറിയൻ എന്ന നോവലിലൂടെ ലോക പ്രശസ്തയായ കൊറിയൻ നോവലിസ്റ്റ് ഹാൻ കാംഗ് സാഹിത്യ നോബൽ നേടിയപ്പോൾ ഒരു ചോദ്യം ഉയരുന്നു. കൂടുതൽ അർഹതയുള്ളവർ ഉണ്ടായിരുന്നില്ലേ? ഉണ്ടായിരുന്നു. പക്ഷേ, നോബലിന്റെ തുടക്കം തൊട്ടേ അങ്ങനെയായിരുന്നു. എത്രയോ പ്രതിഭകൾ ഒഴിവാക്കപ്പെട്ടിട്ടുണ്ട്.

ലിയോ ടോൾസ്റ്റോയ് മരിച്ചത് 1910ലാണ്. സാഹിത്യ നോബൽ തുടങ്ങുന്നത് 1901ൽ. നോബൽ സമ്മാനം നിലവിൽ വന്ന ശേഷം ഒൻപതു വർഷത്തോളം ടോൾസ്റ്റോയ് ജീവിച്ചിരുന്നു. അദ്ദേഹത്തിന് നോബൽ ലഭിച്ചില്ല. പല തവണ നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. സമാധാന നോബലിനും നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. അതും ലഭിച്ചില്ല.

ടോൾസ്റ്റോയ് ജീവിച്ചിരുന്നപ്പോൾ സാഹിത്യ നോബൽ കിട്ടിയ പതിനൊന്നു പേരിൽ ഒരാൾ പോലും ഇന്നത്തെ ലോകവായനയിൽ സജീവമല്ല. അവരിൽ കിപ്ലിംഗിന്റെ ഒഴിച്ച്‌ ആരുടെയെങ്കിലും പുസ്തകങ്ങൾ ലഭ്യമാണോ എന്നും സംശയിക്കണം. നോബൽ കമ്മറ്റി തഴഞ്ഞ ടോൾസ്റ്റോയിയെ ലോകം ഇന്നും ആരാധനയോടെ വായിക്കുന്നു. എല്ലാ കാലത്തും എല്ലാ ഭാഷയിലും സമകാലികനായി ജീവിക്കുന്ന എഴുത്തുകാരനാണ് അദ്ദേഹം.

നോബൽ കിട്ടാത്ത വേറെയും പ്രതിഭകൾ ധാരാളം. ചെക്കോവ്,ജെയിംസ് ജോയ്സ്, മാർസൽ പ്രൂസ്റ്റ്, ഹെൻറി ജെയിംസ്, ബോർഹസ്... സമാധാന നോബൽ ഗാന്ധിജിക്കും കിട്ടിയില്ല.

നോബൽ കിട്ടിയില്ലെങ്കിലും മൗലിക പ്രതിഭകൾ കാലത്തോടൊപ്പം നിലനിൽക്കും. ആസ്ട്രേലിയൻ നോവലിസ്റ്റ് ജെറാൾഡ് മർനേൻ, ചൈനീസ് നോവലിസ്റ്റ് സാൻ ഷുയെ, ജപ്പാൻ എഴുത്തുകാരൻ മുറകാമി എന്നിവരാണ് ഈ വർഷം സാദ്ധ്യതയുള്ളവരായി പറഞ്ഞു കേട്ടത്. ഹാൻ കാംഗിന്റേത് അപ്രതീക്ഷിത വിജയമാണ്.

ദി വെജിറ്റേറിയൻ

ഹാൻ കാംഗിന്റെ ദി വെജിറ്റേറിയൻ എന്ന നോവൽ വെറിട്ടൊരു വായനാനുഭവമാണ്. സസ്യഭുക്കായി മാറുന്ന യായോംഗ് ഹേ എന്ന വീട്ടമ്മയുടെ കഥ. മറ്റൊരു നോവലായ ഹ്യൂമൻ ആക്ട്സിന്റെ പശ്ചാത്തലം1980ലെ ഒരു കൂട്ടക്കൊലയാണ്. അവരുടെ എഴുത്തിൽ ജീവിതത്തിന്റെ അസ്വസ്ഥതകൾ നിറയുന്നുണ്ട്. മനുഷ്യാവസ്ഥയെ നേരിയൊരു ദാർശനിക വീക്ഷണത്തിലാണ് ഹാൻ കാംഗ് കാണുന്നത്. വായനക്കാരെ കഥാപാത്രങ്ങളുടെ അസ്വസ്ഥമായ ജീവിതത്തോട് ഭാഷയിലൂടെ ചേർത്തു നിറുത്തുന്നു. ജീവിതത്തിന്റെ ദുർബലത എഴുത്തിലൂടെ കാണിക്കുന്നു. ജീവിതത്തെക്കുറിച്ചുള്ള തീവ്രമായ അന്വേഷണങ്ങൾ ഇവരുടെ നോവലുകളെ ശക്തമാക്കുന്നു.

വെജിറ്റേറിയൻ കൾട്ട് നോവലായി വായനക്കാർ ഏറ്റെടുത്തു. ഇംഗ്ലീഷ് പരിഭാഷ വന്നതോടെ ലോക വായനയിൽ ഇടം നേടി. 2016ലെ മാൻ ബുക്കർ പുരസ്കാരവും നേടി. 2023ൽ ഗ്രീക്ക് ലെസ്സൻസ് എന്ന നോവലും ഏറെ ശ്രദ്ധിക്കപ്പെട്ടു.

ആധുനിക നോവലിന്റെ സാദ്ധ്യതകളെ സമർത്ഥമായി ഉപയോഗിക്കുന്ന എഴുത്തിന്റെ രീതി ലോകമെമ്പാടുമുള്ള വായനക്കാരുടെ പ്രീതി പിടിച്ചെടുത്തിട്ടുമുണ്ട്. നോബൽ പുരസ്കാരം കൂടുതൽ വായനക്കാരിലേക്ക് അവരുടെ സാഹിത്യത്തെ എത്തിക്കും.