chandrasekaran

കൊച്ചി: ടാറ്റയുടെ പാരമ്പര്യം കാത്ത് ഗ്രൂപ്പിനെ ഉയരങ്ങളിലേക്ക് നയിക്കാൻ പുതു തലമുറയെ നിയോഗിച്ചാണ് രത്തൻ ടാറ്റ അരങ്ങൊഴിഞ്ഞത്. രത്തൻ ടാറ്റയുടെ പിൻഗാമിയായി വിലയിരുത്തുന്ന അർദ്ധ സഹോദരൻ നോയൽ നവൽ ടാറ്റയുടെ മക്കളായ ലിയ, മായ, നെവില്ലെ എന്നിവർ കഴിഞ്ഞ വർഷങ്ങളിൽ ടാറ്റ ഗ്രൂപ്പിന്റെ വിവിധ ബിസിനസുകളിൽ സജീവമായിരുന്നു. വിവിധ കമ്പനികളിൽ പ്രധാന പദവികൾ ഏറ്റെടുത്ത് ബിസിനസിന്റെ പടികൾ ചവിട്ടികയറുകയാണിവർ.

നോയൽ ടാറ്റയുടെ മൂത്ത മകളായ ലിയ ടാറ്റ സ്‌പെയിനിലെ മാഡ്രിഡ് ബിസിനസ് സ്കൂളിൽ നിന്ന് മാർക്കറ്റിംഗിൽ ബിരുദാനന്തര ബിരുദം നേടിയതിന് ശേഷം 2006ൽ താജ് ഹോട്ടൽസിൽ അസിസ്റ്റന്റ് സെയിൽസ് മാനേജരായാണ് ഗ്രൂപ്പിൽ പ്രവേശിച്ചത്. നിലവിൽ ടാറ്റ ഗ്രൂപ്പിന്റെ ഹോസ്‌പിറ്റാലിറ്റി വിഭാഗത്തിന്റെ വൈസ് പ്രസിഡന്റാണ്.

നോയലിന്റെ ഇളയ മകളായ മായ ടാറ്റ ഗ്രൂപ്പിന്റെ ധനകാര്യ കമ്പനിയായ ടാറ്റ കാപ്പിറ്റലിൽ അനലിസ്‌റ്റായാണ് പ്രവർത്തനം തുടങ്ങിയത്. ഇവരുടെ സഹോദരനായ നെവില്ലെ ഗ്രൂപ്പ് കമ്പനിയായ ട്രെന്റിലെ പ്രധാന പദവിയിലുണ്ട്.

ടാറ്റ സൺസ് ചന്ദ്രശേഖരനിൽ സുരക്ഷിതം

ടാറ്റ ഗ്രൂപ്പിന്റെ ഹോൾഡിംഗ് കമ്പനിയായ ടാറ്റ സൺസിന്റെ നേതൃത്വത്തിൽ നടരാജൻ ചന്ദ്രശേഖരൻ തുടരും. ടാറ്റ ഗ്രൂപ്പിലെ എക്സിക്യുട്ടീവ് പദവികളിൽ നിന്ന് വിരമിക്കാനുള്ള പ്രായം 65 ആണ്. നിലവിൽ 61 വയസുള്ള എൻ, ചന്ദ്രശേഖരന് നാല് വർഷം കൂടി കാലാവധിയുണ്ട്. ടാറ്റ സൺസ് ചെയർമാനായിരുന്ന സൈറസ് മിസ്‌ത്രിയെ പദവിയിൽ നിന്ന് നീക്കിയതിന് ശേഷം ചുമതലയേറ്റെടുത്ത ചന്ദ്രശേഖരൻ പ്രതിസന്ധികൾ മറികടന്ന് വിജയകരമായി ഗ്രൂപ്പിനെ മുന്നോട്ടുകൊണ്ടുപോയി. ടാറ്റ ട്രസ്‌റ്റ്‌സിന്റെ ഡയറക്‌ടർ ബോർഡിൽ ചന്ദ്രശേഖരനെ ഉൾപ്പെടുത്തിയിട്ടില്ല.

അവസരം കാത്ത് ഷപൂർ മിസ്ത്രി

ടാറ്റ സൺസിൽ 18.4 ശതമാനം ഓഹരികളുള്ള പല്ലോൻജി മിസ്‌ത്രി ഗ്രൂപ്പ് മേധാവി ഷപൂർ മിസ്‌ത്രി നേതൃത്വത്തിലേക്ക് എത്താൻ അവസരം കാത്തിരിക്കുകയാണ്. നിലവിൽ ടാറ്റ ഗ്രൂപ്പുമായി നിയമ പോരാട്ടം നടത്തുന്ന മിസ്‌ത്രി നേതൃത്വം പിടിക്കാൻ സാദ്ധ്യത കുറവാണ്. സൈറസ് മിസ്‌ത്രിയുടെ മുതിർന്ന സഹോദരനാണ് ഷപൂർ മിസ്‌ത്രി.