p

ഹരിപ്പാട്: അകാലത്തിൽ വേർപിരിഞ്ഞ ഡോ.വന്ദനദാസിന്റെ മാതാപിതാക്കളുടെ ധീരത പ്രശംസനീയമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് മരിച്ച ഡോ.വന്ദന ദാസിന്റെ സ്മരണാർത്ഥം മാതാപിതാക്കൾ നിർമ്മിച്ച ക്ലിനിക്ക് തൃക്കുന്നപ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വന്ദനയുടെ മാതാപിതാക്കൾ മകൾ നഷ്ടപ്പെട്ട ദുഃഖം തരണം ചെയ്തത് ഏവർക്കും മാതൃകയാണ്. അട്ടപ്പാടി പോലെയുള്ള പിന്നാക്ക മേഖലകളിൽ സേവനം ചെയ്യുക എന്നുള്ളതായിരുന്നു വന്ദന ദാസിന്റെ ലക്ഷ്യം. അത് പൂർത്തിയാക്കുന്ന രീതിയിലാണ് ഗ്രാമപ്രദേശത്ത് നിർമ്മിച്ച ഡോ.വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക്ക്. സ്വന്തം മകളെ നഷ്ടപ്പെട്ട ദുഃഖമാണ് വന്ദനയുടെ മരണം തനിൽ ഉണ്ടാക്കിയതെന്നും ഗവർണർ പറഞ്ഞു. രമേശ് ചെന്നിത്തല എം.എൽ.എ അദ്ധ്യക്ഷനായി. ഡോ.വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക്കിലേക്കുള്ള റോഡ് നവീകരിക്കാൻ എം.എൽ.എ ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ അനുവദിക്കുമെന്ന് ചെന്നിത്തല പറഞ്ഞു. ഡോ.വി.പി.ഗംഗാധരൻ ഫാർമസി, ലാബ് ഉദ്ഘാടനം നിർവ്വഹിച്ചു. മോൻസ് ജോസഫ് എം.എൽ.എ , ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. അജയ് തറയിൽ , എസ്.വിനോദ് കുമാർ, ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.ജോസഫ് ബെന്നവൻ, സംവിധായകൻ ഡോ.സിദ്ധാർത്ഥ് ശിവ തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം കോ-ഓർഡിനേറ്റർ പി.ജി. ഷാജി മോൻ സ്വാഗതവും ഡോ.ഐശ്വര്യ.പി നന്ദിയും പറഞ്ഞു.

രാവിലെ നടന്ന ചടങ്ങിൽ പ്രാർത്ഥന ഹാൾ സമർപ്പണവും സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനവും കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവ്വഹിച്ചു.ക്ലിനിക്കിന് വേണ്ട എല്ലാ സഹായസഹകരണങ്ങളും തന്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.