
ഇംഗ്ളണ്ട് 823/7 ഡിക്ള. പാകിസ്ഥാൻ തോൽവിയിലേക്ക്
ബ്രൂക്കിന് ട്രിപ്പിൾ(317), റൂട്ടിന് ഡബിൾ (262)
ബ്രൂക്കും റൂട്ടും ചേർന്ന് 454 റൺസിന്റെ റെക്കാഡ് കൂട്ടുകെട്ട്
മുൾട്ടാൻ : ട്രിപ്പിൾ സെഞ്ച്വറിയുമായി ഹാരി ബ്രൂക്കും (317) ഡബിൾ സെഞ്ച്വറിയുമായി ജോ റൂട്ടും കത്തിക്കയറുകയും നാലാം വിക്കറ്റിൽ 454 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കുകയും ചെയ്ത മുൾട്ടാൻ ടെസ്റ്റിൽ ഇംഗ്ളണ്ട് തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 823/7 എന്ന സ്കോറിൽ ഡിക്ളയർ ചെയ്തു. ആദ്യ ഇന്നിംഗ്സിൽ 556 റൺസ് നേടിയിരുന്ന പാകിസ്ഥാൻ നാലാം ദിവസമായ ഇന്നലെ രണ്ടാം ഇന്നിംഗ്സിനിറങ്ങി 152/6 എന്ന നിലയിൽ പതറുകയാണ്. ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ പാകിസ്ഥാന് 115 റൺസ് കൂടി വേണം.
823/7
ടെസ്റ്റ് ക്രിക്കറ്റിൽ പാകിസ്ഥാനെതിരെ ഒരു ഇന്നിംഗ്സിൽ 800 റൺസിൽ അധികം നേടുന്ന ആദ്യ ടീമാണ് ഇംഗ്ളണ്ട്. പാക് മണ്ണിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോർ.
454
ടെസ്റ്റിൽ ഇംഗ്ളണ്ടിന്റെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ് ഹാരി ബ്രൂക്കും ജോ റൂട്ടും ചേർന്ന് നേടിയത്.
317
ടെസ്റ്റിൽ ഒരു ഇംഗ്ളീഷ് താരത്തിന്റെ ഏറ്റവും ഉയർന്ന അഞ്ചാമത്തെ സ്കോറാണ് ബ്രൂക്കിന്റേത്.
34
വർഷത്തിന് ശേഷമാണ് ഒരു ഇംഗ്ളീഷ് ബാറ്റർ ട്രിപ്പിൾ സെഞ്ച്വറി നേടുന്നത്. 1990ൽ ലോഡ്സിൽ ഇന്ത്യയ്ക്ക് എതിരെ ഗ്രഹാം ഗൂച്ചാണ് ഇതിന് മുമ്പ് ഇംഗ്ളണ്ടിന് വേണ്ടി ട്രിപ്പിൾ നേടിയിരുന്നത്.
4
പാക് മണ്ണിൽ കളിച്ച നാലുടെസ്റ്റുകളിലും ബ്രൂക്ക് സെഞ്ച്വറി നേടി.
262
ജോ റൂട്ടിന്റെ ആറാം ഡബിൾ സെഞ്ച്വറി.