
ടെൽ അവീവ്: മദ്ധ്യ ബെയ്‌റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 18 പേർ കൊല്ലപ്പെടുകയും 111 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണ നിരക്ക് ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. അതേസമയം, ഗാസയിൽ അഭയാർത്ഥികൾ താമസിക്കുന്ന സ്‌കൂളിന് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടു. മദ്ധ്യ ഗാസയിലെ പടിഞ്ഞാറൻ ദേർ അൽ-ബാലയിലെ റുഫൈദ സ്‌കൂളിന് നേരെയാണ് വ്യോമാക്രമണം നടന്നത്. 54 പേർക്ക് പരിക്കേറ്റു.
അതേസമയം, വടക്കൻ ഇസ്രയേലിൽ ഹിസ്ബുള്ള നടത്തിയ റോക്കറ്റാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. നൂറിലധികം റോക്കറ്റുകളാണ് ഇസ്രയേലിന്റെ തന്ത്രപ്രധാന തുറമുഖമായ ഹൈഫയിലടക്കം പതിച്ചത്. ഹൈഫയിൽ റോക്കറ്റ് വർഷത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഇസ്രയേൽ അതിർത്തി പട്ടണമായ കിര്യത് ശമോനയിലാണ് രണ്ടുപേർ കൊല്ലപ്പെട്ടത്. ദമ്പതികളായ റിവിറ്റൽ യെഹൂദ് (45), ദ്വിർ ഷർവിത് (43) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ബുധനാഴ്ച കിര്യത് ശമോനയിൽ നടന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഹിസ്ബുള്ള ഏറ്റെടുത്തു. ലെബനനിൽ നിന്ന് കിര്യത് ഷിമോന പ്രദേശത്തേക്ക് മാത്രം 20 ഓളം റോക്കറ്റുകൾ തൊടുത്തുവിട്ടതായി ഐ.ഡി.എഫ് സ്ഥിരീകരിച്ചു. ഹൈഫയിലേക്ക് 40 റോക്കറ്റുകളെങ്കിലും അയച്ചതായും ഗലീലിയിലുടനീളമുള്ള മറ്റ് നഗരങ്ങളിലും റോക്കറ്റാക്രമണം നടന്നതായും സൈന്യം സ്ഥിരീകരിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം, ഹൈഫയുടെ തെക്ക് കാർമൽ മേഖലയിലേക്ക് ഹിസ്ബുള്ള അയച്ച രണ്ട് മിസൈലുകൾ പ്രതിരോധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. ദക്ഷിണ ലെബനനിൽ ആക്രമണം തുടരുകയാണ് ഇസ്രയേൽ. ബുധനാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടെന്ന് ലെബനൻ അധികൃതർ പറഞ്ഞു. സിറിയൻ തലസ്ഥാന നഗരമായ ഡമസ്കസിലെ ഇറാൻ എംബസിക്ക് സമീപത്തും ഇസ്രയേൽ വ്യോമാക്രമണം നടത്തി.
ലെബനനിൽ ഇതിനകം 2100 ലേറെ പേർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഗാസയിലെ 42,010 പേർ കൊല്ല്പ്പെട്ടു. 97,720 പേർക്ക് പരിക്കേറ്റു.
യു.എൻ ആസ്ഥാനത്തും ആക്രമണം
അതിനിടെ തെക്കൻ ലെബനനിലെ യു.എൻ ദൗത്യസേനാ ആസ്ഥാനത്തുണ്ടായ വ്യോമാക്രമണത്തിൽ രണ്ട് സൈനികർക്ക് പരിക്കേറ്റു. ഇറ്റാലിയൻ സൈനികരുടെ രണ്ടു താവളങ്ങൾക്കുനേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം മറ്റൊരു താവളത്തിലും ആക്രമണം നടന്നിരുന്നു. നഖൂറയിലെ യൂനിഫിൽ ആസ്ഥാനത്തിലാണ് ഇന്നലെ ഇസ്രയേൽ കരസേനയുടെ മെർകാവാ ടാങ്ക് മിസൈൽ അയച്ചത്. ആസ്ഥാനത്തെ നിരീക്ഷണ ടവർ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. ടവർ തകർന്നുവീണതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവിടെ സൈനികർ കഴിഞ്ഞിരുന്ന ബങ്കറിലും മിസൈൽ പതിച്ചു. സൈനിക വാഹനങ്ങൾക്കു കേടുപാടുകൾ സംഭവിക്കുകയും ആശയവിനിമയ സംവിധാനം തകരാറിലാകുകയും ചെയ്തതു.
അതേസമയം, ഇസ്രയേലിനെതിരെ രൂക്ഷവിമർശനവുമായി ഇറ്റലി രംഗത്ത് വന്നു. ഇറ്റലിയിലെ ഇസ്രയേൽ അംബാസഡറെ നേരിട്ടു വിളിച്ചുവരുത്തി പ്രതിരോധ മന്ത്രി ഗ്വിയ്‌ദോ ക്രോസെറ്റോ പ്രതിഷേധമറിയിച്ചു.