prayaga

കൊച്ചി : ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിപാർട്ടി കേസിൽ നടി പ്രയാഗ മാർട്ടിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. സുഹൃത്തുക്കളെ കാണാനാണ് ഹോട്ടലിൽ പോയതെന്ന് പ്രയാഗ ചോദ്യം ചെയ്യലിന് ശേഷം പ്രതികരിച്ചു. ലഹരിപാർട്ടിയെ കുറിച്ച് അറിഞ്ഞില്ല,​ ഓം പ്രകാശിനെ അറിയില്ല. വാർത്തകൾ വന്ന ശേഷം ഗൂഗിൾ ചെയ്താണ് ആരാണ് ഓംപ്രകാശെന്ന് മനസിലാക്കിയതെന്നാണ് പ്രയാഗ പറഞ്ഞത്. ഓംപ്രകാശുമായി യാതൊരു ബന്ധവുമില്ല. ഓംപ്രകാശിനെ കണ്ടതായി ഓർമ്മയില്ല. എന്തിന് ഹോട്ടലിൽ എത്തി എന്നതടക്കം എല്ലാ വിവരങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ടെന്നും നടി വിശദമാക്കി.

പലരെയും കാണുന്നതും പല സ്ഥലങ്ങളിലും പോകുന്നതും സാമൂഹ്യജീവിതത്തിന്റെ ഭാഗമാണ്. അവിടെ ക്രിമിനൽസുണ്ടോ അവരുടെ പശ്ചാത്തലം എന്തെന്നും നോക്കിയല്ല പോകുന്നത്. ഞാൻ പോയ സ്ഥലത്ത് ഇങ്ങനെ ഒരാൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇങ്ങനെ ഒരാളെ കണ്ടതായി എനിക്ക് ഓർമ്മയില്ലെന്നും പ്രയാഗ പറഞ്ഞു.