
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ സി.പി.എമ്മിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ചങ്കൂറ്റം ഉണ്ടെങ്കിൽ ഇല്ലെന്ന് പറയട്ടേയെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കൊല്ലം ഫാത്തിമ മാതാ കോളേജിലെ പൂർവ വിദ്യാർത്ഥികളായ ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നെ രാഷ്ട്രീയക്കാരനാക്കിയത് ഇവിടുത്തെ നേതാക്കളാണ്.  സഖാവ് പിണറായി വിജയൻ തന്നെ ക്ഷണിച്ചിട്ടില്ലെന്ന് ചങ്കൂറ്റമുണ്ടെങ്കിൽ പറയട്ടെ. വിളിച്ചിട്ടുണ്ട്. ഞാൻ പറഞ്ഞിട്ടുണ്ട്. വിജയേട്ടാ എനിക്ക് പറ്റില്ല, എനിക്കീ പരിപാടി ഇഷ്ടമല്ല എന്ന്. ഇതു തന്നെയാണ് എല്ലാ നേതാക്കളോടും പറഞ്ഞിട്ടുള്ളത്. 2014 ഓഗസ്റ്റ് രണ്ടിന് അങ്ങനെയൊരു തീരുമാനത്തിലേക്ക് വരേണ്ട അത്യാവശ്യമുണ്ടായി. വിഷമിപ്പിക്കുന്ന ഘട്ടം വന്നപ്പോഴാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. ആ സമയത്ത് മാർക്സിസ്റ്റ് പാർട്ടി എന്നെ പിന്തുണയ്ക്കാൻ ശ്രമിച്ചു. അവർക്കും സാധിച്ചില്ല- സുരേഷ് ഗോപി പറഞ്ഞു.
കരുണാകരന്റെയും ഇ.കെ.നായനാരുടെയും നല്ല മകനായിരുന്നു. നായനാരുടെ വീട്ടിൽ പലതവണ പോയിട്ടുണ്ട്. അതു സാക്ഷ്യപ്പെടുത്താൻ ടീച്ചർ ജീവിച്ചിരിപ്പുണ്ട്. ലീഡറുടെ വീട്ടിൽ പായസം വിളമ്പിയതിൽ രാഷ്ട്രീയം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രിൻസിപ്പൽ സിന്തിയ കാതറിൻ മൈക്കിൾ അദ്ധ്യക്ഷയായി. എൻ.കെ.പ്രേമചന്ദ്രൻ എം.പി, എം.നൗഷാദ് എം.എൽ.എ, കോളജ് മാനേജർ ഫാ.അഭിലാഷ് ഗ്രിഹറി, മുൻ അദ്ധ്യാപകൻ പ്രൊഫ. സീസർ ആന്റണി, വൈസ് പ്രൻസിപ്പൽമാരായ ഡോ.ബിജുമാത്യു, എം.ആർ.ഷെല്ലി എന്നിവർ സംസാരിച്ചു. മുൻ പ്രിൻസിപ്പൽ എ.ജെ.റൊസാരിയോ സ്മാരക എൻഡോവ്മെന്റ് സുരേഷ് ഗോപി വിതരണം ചെയ്തു.