
മുള്‍ട്ടാന്‍: പാകിസ്ഥാന്‍ ബൗളര്‍മാരെ സ്‌കൂള്‍ ടീം അംഗങ്ങളെപ്പോലെയാണ് ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ പഞ്ഞിക്കിട്ടത്. 558 റണ്‍സ് നേടിയ പാകിസ്ഥാന് മറുപടിയായി ഇംഗ്ലണ്ട് അടിച്ച് കൂട്ടിയത് 823 റണ്‍സ് ആണ്. മത്സരം ജയിക്കാന്‍ ലക്ഷ്യമിട്ട് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ 1000 റണ്‍സ് എന്ന ലോക റെക്കോഡിലേക്ക് ഇംഗ്ലണ്ട് എത്തിയാലും അത്ഭുതപ്പെടാനില്ലായിരുന്നു. മോശം പ്രകടനത്തിന് പിന്നാലെ പാകിസ്ഥാന്‍ ബൗളര്‍മാര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് രാജ്യത്ത് ഉയരുന്നത്.
ബംഗ്ലാദേശിനോട് പരമ്പര തോറ്റതിനാല്‍ ഇംഗ്ലണ്ടുമായി സമനില നേടി മുഖം രക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബാറ്റിംഗ് ഹൈവേ പിച്ച് ഒരുക്കിയതെന്ന വിമര്‍ശനം ഇതിനോടകം ശക്തമാണ്. കടുത്ത ഭാഷയില്‍ വിമര്‍ശനവും പരിഹാസവും തൊടുത്തുവിടുകയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് നേരെ ആരാധകരും മുന്‍ താരങ്ങളും. ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി നേടിയ പാക് ബൗളര്‍മാര്‍ക്ക് അഭിനന്ദനമെന്നാണ് മുന്‍ ഓപ്പണര്‍ അഹമ്മദ് ഷെഹ്‌സാദിന്റെ പരിഹാസം.
'ഇതാ നോക്കൂ, പാകിസ്ഥാന്റെ ലോകോത്തര ബൗളര്‍മാരില്‍ അഞ്ച് പേര്‍ സെഞ്ച്വറി നേടിയിരിക്കുന്നു, അതിമനോഹരമായ കാഴ്ച. പക്ഷേ സെഞ്ച്വറി പിറന്നിരിക്കുന്നത് ബാറ്റിംഗില്‍ അല്ല ബൗളിംഗിലാണ്.' എന്ത് നാണംകെട്ട ക്രിക്കറ്റാണ് നിങ്ങള്‍ കളിക്കുന്നത് എന്നാണ് ഷെഹ്‌സാദ് ചോദിക്കുന്നത്. ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ റണ്‍മല തീര്‍ക്കുമ്പോള്‍ ഡ്രിങ്ക്‌സ് ബ്രേക്കിന് ക്ഷീണിച്ച് അവശരായി നിലത്തിരിക്കുന്ന ചിത്രത്തേയും താരം പരിഹസിച്ചു. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ വന്നതാണോ അതോ വിനോദയാത്രയ്ക്ക് വന്നതാണോയെന്നാണ് ഷെഹ്‌സാദ് ചോദിക്കുന്നു.
പാകിസ്ഥാന്റെ പ്രകടനത്തെ അതിരൂക്ഷമായിട്ടാണ് മുന്‍ താരം വിമര്‍ശിച്ചത്. താരങ്ങളുടെ മനോഭാവം, ഫിറ്റ്‌നെസ് പോലുള്ള കാര്യങ്ങളേയും താരം വിമര്‍ശിച്ചു. താരങ്ങള്‍ ചൂടിനെ കുറ്റം പറയുന്നതിനേയും ഷെഹ്‌സാദ് വിമര്‍ശിച്ചു. നോക്കൂ എതിരാളികള്‍ ഇംഗ്ലണ്ടില്‍ നിന്ന് വന്നവരാണ്. നിങ്ങള്‍ ഈ നാട്ടിലുള്ളവരും. എന്നാല്‍ അവര്‍ കാലാവസ്ഥ ഉയര്‍ത്തുന്ന വെല്ലുവിളിയെ എങ്ങനെ മറികടക്കാന്‍ ശ്രമിച്ച് വിജയിച്ചുവെന്ന് പോലും മനസിലാക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലെന്നും ഷെഹ്‌സാദ് പറഞ്ഞു.
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ അഞ്ച് പാക് ബൗളര്‍മാരാണ് നൂറിന് മുകളില്‍ റണ്‍സ് വഴങ്ങിയത്. ഷഹീന്‍ ഷാ അഫ്രീദി 120, നസീം ഷാ 157, അബ്രാര്‍ അഹമ്മദ് 174, ആമിര്‍ ജമാല്‍ 126, എന്നീ ബൗളര്‍മാരും പാര്‍ട് ടൈം ബൗളര്‍മാരായ സയീം അയൂബ് 118, ആഗ സല്‍മാന്‍ 101 എന്നിവരുമാണ് 100ന് മുകളില്‍ റണ്‍സ് വഴങ്ങിയത്.