
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമുള്ള വനിതാ നിർമ്മാതാവിന്റെ പരാതിയിൽ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നിവരുൾപ്പെടെ ഒമ്പതു പേർക്കെതിരെ പൊലീസ് കേസെടുത്തു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് ലഭിച്ച പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്.
അസോസിയേഷൻ പ്രസിഡന്റ് ആന്റോ ജോസഫ്, സെക്രട്ടറി ബി. രാകേഷ്, ട്രഷറർ ലിസ്റ്റിൻ സ്റ്റീഫൻ, അനിൽ തോമസ്, സിയാദ് കോക്കർ, ഔസേപ്പച്ചൻ, ഷെർഗ, സെഞ്ച്വറി കൊച്ചുമോൻ, സുബൈർ എന്നിവർക്കെതിരെയാണ് പരാതി. സിനിമ നിർമ്മിച്ചതുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ അസോസിയേഷന് നൽകിയ പരാതി ചർച്ച ചെയ്യാൻ ഓഫീസിൽ വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിൽ പെരുമാറുകയും ചെയ്‌തെന്നാണ് പരാതിയിൽ പറയുന്നത്.
പ്രത്യേക അന്വേഷണസംഘം എതിർകക്ഷികളിൽ നിന്ന് വൈകാതെ മൊഴിയെടുക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതികളുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞു. മുൻകൂർ ജാമ്യാപേക്ഷയിൽ പൊലീസിന്റെ റിപ്പോർട്ടും തേടിയിട്ടുണ്ട്. പരാതി അടിസ്ഥാനരഹിതമാണെന്ന് ബി. രാകേഷ് പറഞ്ഞു. മറ്റൊരാൾക്കൊപ്പം സിനിമ നിർമ്മിച്ചിരുന്ന പരാതിക്കാരി കഴിഞ്ഞ ജൂലായിലാണ് അസോസിയേഷനിൽ അംഗമായത്. താൻ നിർമ്മിച്ച സിനിമയുമായി ബന്ധപ്പെട്ട തർക്കങ്ങളെക്കുറിച്ച് പരാതി നൽകിയിരുന്നു. ഇക്കാര്യം ചർച്ച ചെയ്യാനാണ് ഓഫീസിൽ വന്നത്. മോശമായി പെരുമാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.