
ഇന്ന് മഹാനവരാത്രിയുടെ എട്ടാം ദിവസം. മഹാ ഗൗരി ഭാവത്തിലാണ് ദേവിയെ ആരാധിക്കുന്നത്. പേരു പോലെ തന്നെ ദേവിയുടെ നിറം പൂർണ്ണമായും തൂവെള്ളയാണ്. ഈ വെള്ളനിറം പൂർണ്ണചന്ദ്രന്റെ കുളിർമ്മയുള്ള വെള്ള നിറത്തിനോടും, ശംഖ്, മുല്ലപ്പൂവ് തുടങ്ങിയവയോടാണ് ഉപമിക്കാറ്...ദേവിയുടെ വസ്ത്രങ്ങൾ, ആഭരണങ്ങൾ, തുടങ്ങിയവ എല്ലാം ശ്വേതവർണ്ണത്തിലാണ്. ഈ കാരണങ്ങൾ കൊണ്ടുതന്നെ ദേവിയെ ശ്വേതാംബര എന്നും വിളിക്കാറുണ്ട്.
പാർവ്വതി ദേവിയുടെ സ്വരൂപമായ ദേവിക്ക് നാല് കൈകളാണ് ഉള്ളത്. വലത്തു ഭാഗത്തെ മുകളിലെ കൈയ്യിൽ അഭയ മുദ്രയും, താഴത്തെ കൈയ്യിൽ വെളുത്ത നിറത്തിലുള്ള ത്രിശൂലവുമാണ് ഉള്ളത്. ഇടത്തു ഭാഗത്തെ മുകളിലെ കൈയ്യിൽ ഡമരുവും, താഴത്തെ കൈയ്യിൽ വരദ മുദ്രയുമാണ് ഉള്ളത്. ദേവിയുടെ വാഹനം വെളുത്ത നിറത്തിലുള്ള ഋഷഭമാണ്.
പരമശിവന്റെ ആദ്യപത്നിയായ സതീദേവി ദക്ഷയാഗത്തിൽ ദേഹാഹുതി നടത്തിയതിനു ശേഷം ദേവി അടുത്ത ജന്മത്തിൽ ഹിമവാന്റെ പുത്രിയായി ജനിച്ചു. യൗവ്വനാവസ്ഥയിലെത്തിയ ദേവിയുടെ അടുത്ത് നാരദൻ വന്ന് ദേവിയുടെ പൂർവ്വ ജന്മം വിവരിച്ചു ഒപ്പം ഈ ജന്മത്തിൽ പരമ ശിവന്റെ പത്നിയാകാൻ തപസ് അനുഷ്ടിക്കാൻ ഉപദേശിക്കുകയും ചെയ്തു. അങ്ങനെ ദേവി തപസ്സ് ആരംഭിച്ചു. ആ തപസ്സ് കാലങ്ങളോളം അതികഠിനമായി ദേവി അനുഷ്ഠിക്കാൻ തുടങ്ങി. ഭക്ഷണം, ജലം തുടങ്ങിയവ എല്ലാം ഉപേക്ഷിച്ചും അതി കഠിന തപസ്സ് അനുഷ്ഠിച്ചു. ദേവിയുടെ ഭക്തി അളവു പരീക്ഷിച്ചു കൊണ്ടിരുന്ന മഹാദേവൻ അവസാനം ദേവിയിൽ പ്രസന്നനായി പാർവ്വതീദേവിയുടെ മുന്നിൽ പ്രത്യക്ഷനായി.
എന്നാൽ അതികഠിന തപസ്സ് അനുഷ്ടിച്ചിരുന്ന ദേവിയുടെ ശരീരം ശോഷിച്ച് എല്ലും തോല്ലുമായി മാറിയിരുന്നു.,കൂടാതെ രാവും പകലുമില്ലാതെ നടത്തിയ തപസ്സിനാൽ ദേവിയുടെ ശരീരം കറുത്ത നിറമായി മാറിയിരുന്നു... ദേവിയിൽ പ്രീതി തോന്നിയ ഭഗവാൻ തന്റെ ശിരസ്സിൽ നിന്നും ഒഴുകുന്ന ഗംഗയെ തപസ്ചെയ്തു ക്ഷീണിച്ച പാർവ്വതീദേവിയുടെ ദേഹത്തേക്ക് ഒഴുക്കി. ആ അമൃതധാര ശരീരത്തിൽ പതിച്ചതും ദേവിയുടെ ശരീരത്തിലെ സകല മാലിന്യങ്ങളും മാറി ശരീരം യൗവനയുക്തമായി മാറി. ഒപ്പം ശരീരം തൂവെള്ള നിറമായി മാറുകയും ചെയ്തു. അതിഗംഭീരമായ വെള്ള നിറം ഉള്ളതിനാലാണ് ദേവിയെ മഹാഗൗരിയെന്നു വിളിക്കുന്നത്.
നവരാത്രിയുടെ എട്ടാം ദിവസം ദേവിയെ പൂജിക്കുന്നതിലൂടെ ദേവിയുടെ അനുഗ്രഹത്താൽ ഉപാസകർക്ക് സകല വിധത്തിലുള്ള ഐശ്വര്യങ്ങളും വന്നു ചേരും. കൂടാതെ ഇഷ്ടപ്പെട്ട ആളെ കല്യാണം കഴിക്കാനും സാധിക്കും. ദീർഘനാളായി വിവാഹം നടക്കാതെ ഇരിക്കുന്നവരും ദേവിയെ പൂജിച്ചാൽ വേഗം കാര്യപ്രാപ്തി ലഭിക്കും. പാർവ്വതി ദേവിയുടെ സ്വയംവര പാർവ്വതീസ്‌തോത്രം ചൊല്ലിയാൽ ഇഷ്ടപ്പെട്ട ആളെ വിവാഹം കഴിക്കാം.
മഹാഗൗരീദേവിയെ നവരാത്രി നാളിൽ സോമചക്രത്തിൽ സങ്കൽപ്പിച്ച് ആരാധിച്ചാൽ സർവ്വവിധ ആഗ്രഹങ്ങളും നടക്കുന്നതോടൊപ്പം, അതീന്ദ്രിയമായ പല സിദ്ധികളും ലഭിക്കും. ദേവീ ആരാധനയിലൂടെ ഉപാസകന്റെ തേജസ് വലുതാവുകയും ഉപാസകന്റെ പ്രഭാമണ്ഡലം വിശാലമാവുകയും ചെയ്യും. അതിനോടൊപ്പം ആ ഭക്തന്റെ ആഞ്ജാശക്തിയും ഭാഗ്യവുമെല്ലാം കൂടുകയും ചെയ്യുന്നു.
മഹാഗൗരി ദേവിയെ സാധാരണയായി ശാന്തവും ന്യായയുക്തവുമായ ദേവതയായി കാണുന്നു. ദേവി കൃപയുടെയും വിശുദ്ധിയുടെയും അഗാധമായ ബോധം പുറപ്പെടുവിക്കുന്നു. ദേവിയുടെ നാല് കൈകളാൽ, ദേവി ഗംഭീരമായി ഒരു കാളയെ ഓടിക്കുന്നു,അത് ദേവിയുടെ ശക്തിയെ പ്രതീകപ്പെടുത്തുന്നു, കൂടാതെ ഒരു ത്രിശൂലവും തംബുരുവും വഹിക്കുന്നു. അത് ദേവിയുടെ ദൈവിക പ്രതിച്ഛായ വിശുദ്ധിയും സമാധാനവും പ്രകടമാക്കുന്നു. ദേവിയുടെ മഹാഗൗരി ഭാവത്തെ ആരാധിക്കുന്നതുകൊണ്ടുള്ള ഫലം 'യുവത്വ'മാണ്. രാഹുഗ്രഹപൂജയും ഹോമവും ഈ ദിനം ചെയ്യാവുന്നതാണ്.
കേരളത്തിൽ ഈ ദിവസം വൈകിട്ട് പൂജവയ്ക്കുന്ന രീതിയുണ്ട്. അതിനുശേഷം വിജയദശമിവരെ അക്ഷരം നോക്കാതിരിക്കുക എന്ന ശീലവുമുണ്ട്.സന്ധ്യാ വേളയിലാണ് പൂജവയ്‌പ്പ് നടത്തേണ്ടത്. പുസ്തകങ്ങളും ഗ്രന്ഥങ്ങളുമാണ് പൂജയ്ക്കു വയ്ക്കുക. അടുത്ത ദിനമായ, നവമി നാളിലാണ് പണി ആയുധങ്ങളും മറ്റും ദേവിക്കു സമർപ്പിച്ചു പ്രാർത്ഥിക്കേണ്ടത്. പൂജവയ്പ്പ് അവരവരുടെ വീട്ടിലോ ക്ഷേത്രങ്ങളിലോ ആണ് നടത്തുക. പൊതുവേ എല്ലാവരും ക്ഷേത്രങ്ങളിലാണ് പൂജ വയ്ക്കാറുള്ളത്. കുട്ടികൾ അവരവരുടെ പാഠപുസ്തകങ്ങൾ, പേന, പെൻസിൽ എന്നിങ്ങനെയുള്ള പഠനോപകരണങ്ങൾ പൂജയ്ക്കു വയ്ക്കണം. മറ്റുള്ളവർ കർമ്മസംബന്ധവുമായി ബന്ധപെട്ട അവരുടെ വസ്തുക്കൾ, ഭഗവത് ഗീത, ഭാഗവതം, മഹാഭാരതം, രാമായണം തുടങ്ങി പുണ്യപുരാണ ഗ്രന്ഥങ്ങൾ എന്നിവയും പൂജയ്ക്ക് വയ്ക്കണം. വീട്ടിലാണെങ്കിൽ പൂജാമുറി ശുദ്ധിവരുത്തേണ്ടതാണ്.
ഗണപതി, സരസ്വതി, മഹാലക്ഷ്മി തുടങ്ങിയ ദേവതകളുടെ ചിത്രം തറയിൽ ഒരു പീഠം വച്ച് അതിൽ വയ്ക്കുക. ഒരു കാരണവശാലും ഇവ വെറും തറയിൽ വയ്ക്കരുത്. ഒരു നിലവിളക്ക് ഏഴു തിരിയിട്ട് കത്തിക്കണം. ചന്ദനത്തിരി, സാമ്പ്രാണി തുടങ്ങിയവയും കത്തിക്കുക. ചിത്രം വയ്ക്കുമ്പോൾ നടുവിൽ സരസ്വതി, വലതുഭാഗത്ത് ഗണപതി, ഇടതുഭാഗത്ത് മഹാലക്ഷ്മി എന്നിങ്ങനെയായിരിക്കണം വയ്‌ക്കേണ്ടത്. ഈ മൂന്ന് മൂർത്തികൾക്കും മാലയും മറ്റു പുഷ്പങ്ങളും ചാർത്തണം. തുടർന്ന് പുതിയ പായവിരിച്ച് അതിൽ പൂജയ്ക്കു വയ്ക്കാനുള്ളതെല്ലാം ഒരുക്കിവയ്ക്കണം.
മഹാദുർഗ്ഗാഷ്ടമി എന്നറിയപ്പെടുന്ന ഈ ദിവസം വ്രതമെടുത്തു ദേവിയെ ഭജിച്ചാൽ സകല പാപങ്ങളും നീങ്ങി ജീവിതം ഐശ്വര്യപൂർണമാകും.രാഹുവിന്റെ ദേവതയാണ് മഹാഗൗരീ ദേവി. രാഹുദോഷമുള്ളവർ ദോഷപരിഹാരത്തിനായി ദേവിയെ മഹാഗൗരീ ഭാവത്തിൽ ആരാധിക്കണം.
മന്ത്രം :
ശ്വേതേ വൃഷേ സമാരൂഢാ ശ്വേതാംബരധരാ ശുചിഃ
മഹാഗൗരീ ശുഭം ദദ്യാന്മഹാദേവ പ്രമോദദാ