
കൊച്ചി: സഹസംവിധായികയെ പീഡിപ്പിച്ചെന്ന പരാതിയിൽ രണ്ടുപേർക്കെതിരെ കേസെടുത്തു. സംവിധായകനും സുഹൃത്തിനുമെതിരെയാണ് പൊലീസ് ബലാത്സംഗത്തിന് കേസെടുത്തത്. മാവേലിക്കര സ്വദേശിനിയുടെ പരാതിയിൽ മരട് പൊലീസിന്റേതാണ് നടപടി.
സംവിധായകൻ സുരേഷ് തിരുവല്ല, സുഹൃത്ത് വിജിത്ത് വിജയകുമാർ എന്നിവർക്കെതിരെയാണ് കേസ്. അവസരം വാഗ്ദാനം ചെയ്‌തും വിവാഹ വാഗ്ദാനം നൽകിയും പീഡിപ്പിച്ചെന്നാണ് പരാതി. വിജിത്ത് സിനിമാമേഖലയിലെ സെക്‌സ് റാക്കറ്റിന്റെ കണ്ണിയാണെന്നും യുവതിയുടെ പരാതിയിൽ പറയുന്നുണ്ട്. ഇന്നലെയാണ് യുവതിയുടെ പരാതിയിൽ മരട് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്.
സുഹൃത്തായ വിജിത്ത് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ സുരേഷ് തിരുവല്ലയുടെ സിനിമയിൽ അവസരം നൽകാമെന്ന് അറിയിച്ചു. തുടർന്ന് പോയി കണ്ടപ്പോഴാണ് ദുരനുഭവം ഉണ്ടായതെന്ന് പരാതിക്കാരി പറയുന്നു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുക്കും.