governer-in-munnar

താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ എന്നോടു ചോദിക്ക്,​ താനാരാണെന്ന്. അപ്പോൾ ഞാൻ പറഞ്ഞുതരാം....-ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ ഒരിടവേളയ്ക്കു ശേഷം വീണ്ടും തുടങ്ങിയ മല്ല യുദ്ധവും, 'ഗ്വാഗ്വാ" വിളിയും ഓർമ്മിപ്പിക്കുന്നത് കുതിരവട്ടം പപ്പുവിന്റെ ഡയലോഗാണ്. 'എന്നെ തനിക്ക് ശരിക്കും അറിയില്ല,​ കളിക്കല്ലേ; കളിച്ചാൽ കളി പഠിപ്പിക്കും" എന്ന ഭാവത്തിൽ ഗവർണർ. 'ഇത്തരം വിരട്ടലൊക്കെ ഞാനും കുറെ കണ്ടതാണ്; അതൊക്കെ കൈയിൽ വച്ചാൽ മതി" എന്ന മട്ടിൽ മുഖ്യമന്ത്രിയും മപ്പടിച്ചു നിൽപ്പാണ്. 'ഇനി എന്തരോ മഹാനുഭാവുലു" എന്നറിയാതെ അന്തംവിട്ട് ജനവും!

എല്ലാം അൻവർ എന്ന പഹയൻ ഒപ്പിച്ച പണിയാണ്. കരിപ്പൂർ എയർപോർട്ട് വഴി മലപ്പുറത്തെത്തുന്ന സ്വർണത്തിൽ ഭൂരിഭാഗവും അടിച്ചുമാറ്റുന്നത് എ.ഡി.ജി.പി അജിത്കുമാറും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയും ചേർന്നാണ് എന്നാണല്ലോ പുള്ളിക്കാരന്റെ ആക്ഷേപം. പിന്നെ,​ മന്ത്രിമാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും മറ്റും ഫോൺ ചോർത്തുന്നുവെന്നും! പിണറായി സഖാവിനെ സംബന്ധിച്ച് പി.ശശിയുടേത് മാതൃകാ പ്രവർത്തനം. അജിത് കുമാറിലും ഒറ്റനോട്ടത്തിൽ കുഴപ്പമൊന്നും കാണുന്നില്ല... അതുകൊണ്ടാണ് മലപ്പുറത്തെത്തുന്ന സ്വർണം നാടിന് ദോഷകരമായ വിധത്തിൽ ഉപയോഗിക്കുന്നുവെന്ന് പറഞ്ഞത്. അതിനെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന് പറഞ്ഞതായി പെറ്റി ബൂർഷ്വാ മാദ്ധ്യമങ്ങളും പ്രതിപക്ഷവും വ്യാഖ്യാനിച്ചു. വർഗീയ ചേരിതിരിവ് ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. അതിന് വിശദീകരണം തേടി ഗവർണറും.

പിന്നാലെ, രാജ്ഭവനിൽ ഹാജരായി വിശദീകരണം ബോധിപ്പിക്കാൻ ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും ഓലയും. പേടിച്ചുപോയ പാവങ്ങളെ അതിൽ നിന്ന് വിലക്കേണ്ടി വന്നു. സർക്കാരിന്റെ കാര്യങ്ങൾ പറയേണ്ടത് മുഖ്യമന്ത്രിയാണ്,​ കീഴുദ്യോഗസ്ഥരല്ല. തലയിരിക്കുമ്പോൾ വാലാടേണ്ട. ഗവർണർ വിളിച്ചാൽ പോയില്ലെങ്കിലെന്താ, മൂക്ക് ചെത്തിക്കളയുമോ? തന്റെ അധികാരം എന്താണെന്ന് മുഖ്യമന്ത്രിക്ക് കാട്ടിക്കൊടുക്കാമെന്ന വാശിയിൽ ഗവർണർ. വിളിച്ചിട്ട് വരാത്തവർ ഇനി രാജ്ഭവന്റെ പടി ചവിട്ടിപ്പോകരുതെന്ന് ഇണ്ടാസും!

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ടെന്നാണ് ഗവർണർക്ക് സംശയം. ഗവർണറുമായി ഇനി ചർച്ചയ്ക്കില്ലെന്ന് മുഖ്യനും. ഒടുവിൽ തൊമ്മൻ മുറുകിയപ്പോൾ ചാണ്ടി അയഞ്ഞു. ഇരുവർക്കും വ്യക്തിപരമായ ആവശ്യങ്ങൾക്ക് വരാമെന്നായി ഗവർണർ. അല്ലെങ്കിൽ മുഖ്യമന്ത്രി പറഞ്ഞിട്ടും വരാം. എല്ലാം ഒരു പൊറാട്ട് നാടകമല്ലേയെന്ന് വി.ഡി.സതീശൻ.



തലസ്ഥാനത്ത്,​ രാജ്ഭവനിലെ കൊട്ടാര സദൃശമായ കെട്ടിടങ്ങളും രാജകീയ സൗകര്യങ്ങളും ആർഭാ‌ടങ്ങളുമൊക്കെ പുറമേ നിന്നു കാണുന്ന ആരുമൊന്ന് കൊതിച്ചുപോകും. അടുത്ത ജന്മത്തിലെങ്കിലും ഗവർണറാകാനുള്ള ഭാഗ്യം കിട്ടിയിരുന്നെങ്കിൽ! പക്ഷേ,​ തെറ്റി. രാജ്ഭവൻ കൊട്ടാരത്തിൽ വന്നിരുന്ന് സുഖിക്കാനല്ല, ഇവിടത്തെ കാര്യങ്ങൾ

രാഷ്ട്രപതിയെ അറിയിക്കാനാണ് തന്നെ ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയിൽ വിശ്വാസമില്ല. രാജ്ഭവനിൽ വരുന്നതിൽ നിന്ന് ഡി.ജി.പിയെയും ചീഫ് സെക്രട്ടറിയെയും മുഖ്യമന്ത്രി വിലക്കിയ കാര്യം രാഷ്ട്രപതിയെ അറിയിച്ചിട്ടു തന്നെ കാര്യം. അത്രയ്ക്കായോ? ഇതിന്റെ പ്രത്യാഘാതം മുഖ്യമന്ത്രി അറിയുമെന്ന്

ഭീഷണി. തന്നെ ഇരുട്ടിൽ നിറുത്തി ഉദ്യോഗസ്ഥരെ ഗവർണർ വിളിച്ചത് ശരിയാണോ എന്ന് മുഖ്യമന്ത്രി. ഇരുവർക്കും മീശയില്ലാത്തതിനാൽ പരസ്പരം മീശ പിരിച്ചില്ലെന്ന് സാമൂഹ്യ മാദ്ധ്യമത്തിൽ കമന്റ്.

ഗവർണറുടെ അഞ്ചുവർഷ കാലാവധി കഴിഞ്ഞ മാസം അവസാനിച്ചതിനാൽ കേന്ദ്രം അദ്ദേഹത്തെ മാറ്റുമെന്നു കരുതിയതാണ്. 'നമുക്കിട്ട് വീണ്ടും പണി തരാൻ തന്നെയാണ് നീക്കം." അതിന്റെ അർമാദത്തിലായിരിക്കാം ഗവർണർ. അർമാദിച്ചോട്ടെ. എന്നുവച്ച് ഹെഡ് മാസ്റ്ററെപ്പോലെ ഗവർണർ ആവശ്യപ്പെടുന്നതിനെല്ലാം ഉത്തരം എഴുതിക്കൊടുക്കേണ്ടതില്ലെന്നാണ് ഗോവിന്ദൻ മാഷിന്റെ വാദം. പോരെങ്കിൽ അങ്ങേര്

'കെയർ ടേക്കർ" ഗവർണറല്ല? ഇത്രയൊക്കെ മതി.

 

ഒരാളെപ്പോലെ ഭൂമുഖത്ത് ഏഴു പേരുണ്ടാവുമെന്നാണ് ചൊല്ല്. അതിനാലാവാം ചിലരെ കാണുമ്പോൾ ഇത് മറ്റെയാളല്ലേ എന്ന് വർണ്യത്തിൽ ആശങ്ക. അയാൾ എത്ര ശ്രമിച്ചാലും തന്നെപ്പോലെയാകില്ലെന്ന് കരുതുന്നവരും, അങ്ങനെ ആകരുതെന്ന് പ്രാർത്ഥിക്കുന്നവരുമുണ്ട്. 'സതീശനല്ല പിണറായി വിജയൻ. നിങ്ങൾ (സതീശൻ) കാപട്യത്തിന്റെ മൂർത്തീകരണമാണ്. അതല്ല ഞാൻ." നിയമസഭയിൽ പ്രതിപക്ഷ നേതാവിന്റെ

മുഖത്തു നോക്കി മുഖമന്ത്രി.

അതേസമയം, തികഞ്ഞ ഈശ്വരവിശ്വാസിയായ സതീശൻ ദിവസവും രാവിലെ കുളിച്ചു തൊഴുത് പ്രാർത്ഥിക്കുന്നത് ഇങ്ങനെയാണത്രെ: 'അങ്ങയെപ്പോലെ (മുഖ്യമന്ത്രി) അഴിമതിക്കാരനും നിലവാരമില്ലാത്തയാളും ആകരുത്." നിലവാരമില്ലാത്തയാളെന്ന മുഖ്യമന്ത്രിയുടെ പരാമർശമാണ് സതീശനെ ക്ഷുഭിതനാക്കിയത്. അതറിയാൻ സ്വയം കണ്ണാടിയിൽ നോക്കിയാൽ മതിയെന്ന് സതീശന്റെ ഉപദേശം. കണ്ണാടിയിൽ നോക്കേണ്ടത് താനല്ല, സതീശനാണെന്നു തിരിച്ചടിച്ച് മുഖ്യമന്ത്രി. കണ്ണാടിയിൽ ആര് നോക്കണം എന്നതിലാണ് തർക്കം. മുഖം മനസിന്റെ കണ്ണാടിയെന്ന് കവികൾ. അപ്പോൾ ഇരുവരും കണ്ണാടിയിൽ നോക്കാതിരുന്നാൽ പോരേ?

 

'കരിമല കയറ്റം കഠിനം പൊന്നയ്യപ്പാ..." നാടെങ്ങും ശരണം വിളികളാൽ മുഖരിതമാവുന്ന മറ്റൊരു തീർത്ഥാടനത്തിന്റെ കേളികൊട്ട് ഭക്തമാനസങ്ങളെ നിർവൃതി കൊള്ളിക്കുന്നതിനിടെയാണ് ആ അശുഭ വാർത്ത കേട്ടത്. വരുന്ന മണ്ഡല- മകരവിളക്ക് സീസണിൽ അയ്യപ്പ ദർശനത്തിനുള്ള സ്പോട്ട് ബുക്കിംഗ് നിറുത്തുന്നു!പ്രതിദിനം പ്രവേശനം

ഓൺലൈനിൽ മുൻകൂട്ടി ബുക്ക് ചെയ്യുന്ന 80,000 പേർക്കു മാത്രം. കരിമല കയറ്റം മാത്രമല്ല, അവിടേക്കുള്ള പ്രവേശനവും കഠിനമാവുമെന്ന് സാരം.

മുഖ്യമന്ത്രിയും പങ്കെടുത്ത ശബരിമല അവലോകന യോഗത്തിൽ ഈ കഠിന തീരുമാനമെടുത്തത് സുരക്ഷയുടെ പേരിലാണത്രെ. ഓൺലൈൻ ബുക്കിംഗ് ചുക്കോ ചുണ്ണാമ്പോ എന്നു തിട്ടമില്ലാതെ അന്യദേശങ്ങളിൽ നിന്ന് കഠിന വ്രതം നോറ്റ് മാലയിട്ട് ഇരുമുടിക്കെട്ടുമായി എത്തുന്ന വൃദ്ധരും കുട്ടികളും ഉൾപ്പെടുന്ന ഭക്തരെ തടഞ്ഞ് തിരിച്ചയച്ചിട്ടാണോ സുരക്ഷ?സന്നിധാനത്തെ സ്ത്രീ പ്രവേശന വിഷയത്തിൽ നേരത്തേ എടുത്തുചാടി കൈ പൊള്ളിയിട്ടും പഠിച്ചില്ലേ എന്നാണ് സഖാക്കളായ തീർത്ഥാടകരുടെയും ചോദ്യം. തൃശൂർ പൂരം കലക്കികളാണത്രെ ഇതിനു പിന്നിലും!

അപ്പോൾ, സതീശൻ പറയുന്നതു പോലെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏതെങ്കിലും അവതാരങ്ങളാവുമോ?​

എങ്കിൽ,​ കള്ളൻ കപ്പലിൽത്തന്നെ." നഷ്ടപ്പെടുവാൻ വിലങ്ങുകൾ,​ കിട്ടാനുണ്ട് പുതിയൊരു ലോകം" എന്ന് ബി.ജെ.പിക്കാർ വീണ്ടും പാടിത്തുടങ്ങിയത്രെ. സംഗതി തീക്കൊള്ളികൊണ്ട് തല ചൊറിയലാവുമെന്ന് പറഞ്ഞറിഞ്ഞ സർക്കാരിനും

ദേവസ്വം ബോർഡിനും നേർബുദ്ധി തോന്നിത്തുടങ്ങിയെന്നാണ് ഒടുവിൽ കേട്ടത്. സ്പോട്ട് ബുക്കിംഗ് അനുവദിക്കണമെന്നാണ് ബോർഡിന്റെ ശുപാർശ. എംവി. ഗോവിന്ദൻ മാഷും

അതിന് അനുകൂലം. പിന്നെ തർക്കം ആർക്ക്?അറിയാത്ത പിള്ള ഒരിക്കൽ ചൊറിഞ്ഞപ്പോൾ അറിഞ്ഞു. വീണ്ടും അറിഞ്ഞില്ലെങ്കിൽ?ശബരിഗിരീശോ രക്ഷതു!

നുറുങ്ങ്:

■ ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് വിലക്കിയാൽ ബി.ജെ.പിക്കാർ വീണ്ടും കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുമെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി.

□ കുളത്തിലെ വെള്ളം വീണ്ടും കലക്കിക്കൊടുക്കാതിരുന്നാൽ പോരേ!

(വിദുരരുടെ ഫോൺ:9946108221)

.