construction

വീട് എന്നത് നമ്മുടെയെല്ലാം സ്വപ്‌നമാണ്. മലയാള തന്റെ ആഡംബര സമന്വയം പലപ്പോഴും പ്രതിഫലിക്കുന്നത് സ്വന്തം വീടുകളിലാണ്. കൈയിലെ കാശിന്റെ കനത്തിനനുസരിച്ച് അതിൽ ഏറ്റക്കുറച്ചിൽ വരുന്നുവെന്നേയുള്ളൂ. എന്നാൽ ഇത്തരം സൗന്ദര്യസങ്കൽപ്പങ്ങൾക്കപ്പുറം സാങ്കേതിക പരിജ്ഞാനത്തിൽ മലയാളി എത്രത്തോളം മുമ്പിലാണ് എന്നത് സംശയമാണ്. വീടു പണി ഒരു കോൺട്രാക്‌റെയോ, എഞ്ചിനീയറെയോ എൽപ്പിക്കുക. അവർ തയ്യാറാക്കുന്ന പ്ളാനിൽ പിന്നീട് എന്തൊക്കെ മാറ്റങ്ങൾ വരുത്താം, വരുത്താതിരിക്കാം എന്നത് പോലും പലരും ശ്രദ്ധിക്കാറില്ല. ഈ വിഷയത്തെ വിശദമായി പ്രതിപാദിക്കുകയാണ് പ്രശസ്ത ആർക്കിടെക്‌ട് സുരേഷ് മഠത്തിൽ വളപ്പിൽ.

സുരേഷ് മഠത്തിൽ വളപ്പിൽ എഴുതിയത്-

''ഏതാണ്ട് ഒരു കൊല്ലം മുൻപാണ് ദുഫായിയിൽ നിന്നുള്ള സജീഷും രഹ്നയും കൂടി ഒരു വെള്ളിയാഴ്ച എന്നെ കാണാൻ ഇങ്ങു അബുധാഫിയിൽ വരുന്നത്.

ആ വരവിന് ഒരു കാരണമുണ്ട്, അതിനും ഏതാനും മാസങ്ങൾക്ക് മുൻപാണ് അവർക്കായി ഞാൻ ഒരു വീട് പ്ലാൻ ചെയ്തു നൽകിയത്.

അതിന്റെ ഇന്റീരിയർ ഡിസൈൻ ഏതാണ്ട് തീരുമാനം ആയിട്ടുണ്ട്, അക്കാര്യത്തിൽ എന്റെ ഒരു അഭിപ്രായം അറിയണം, ഒരുമിച്ചൊരു ചായകുടിക്കണം, പോണം.

അത്രയേ ഉള്ളൂ.

എന്നാൽ അവർ കൊണ്ടുവന്ന ഡിസൈനിലേക്കു നോക്കിയ എന്റെ കിളി പോയി.

കാരണം ഞാൻ പ്ലാൻ ചെയ്തുവച്ച ഒട്ടേറെ ഭിത്തികൾ ആ ഡിസൈനിൽ കാണുന്നില്ല.

ഇന്റീരിയർ ഡിസൈനർക്ക് വിളി പോയി.

" സർ, ഞങ്ങളുടേത് ഒരു ഓപ്പൺ കൺസപ്റ്റ് ഡിസൈനാണ്, അതിനാലാണ് ആവശ്യമില്ലാത്ത ഭിത്തികൾ ഞങ്ങൾ എടുത്തു മാറ്റിയത്."

അപ്പോൾ അതാണ് കാര്യം.

" ഒരു പെൺകുട്ടിയെ സംബന്ധിച്ച് ഏതാണ് അസമയം " എന്ന് പണ്ടേതോ സിനിമയിലെ സലിം കുമാറിന്റെ ചോദ്യം ആലോചിച്ചുകൊണ്ട് ഞാൻ ചോദിച്ചു:

" ഏതാണീ ആവശ്യമില്ലാത്ത ഭിത്തികൾ ..?"

ഇനി വിഷയത്തിലേക്കു വരാം. ഇന്റീരിയർ ഡിസൈനർ അയാളുടെ വഴിക്കു പോട്ടെ.

ഏതാണീ ആവശ്യമില്ലാത്ത ഭിത്തികൾ എന്ന ചോദ്യത്തിന് മുൻപായി നമുക്ക് എന്താണ് ഈ ഭിത്തികൾ എന്ന ചോദ്യത്തിലേക്ക് വരാം.

ഒരു കെട്ടിടത്തിന്റെ വിവിധ റൂമുകളെയും, ഇടങ്ങളെയും വേർതിരിക്കാനും ആവശ്യമായ പ്രൈവസിയും സുരക്ഷയും നൽകാനും ഉദ്ദേശിച്ചുള്ള പടവ് പണികളെയാണ് ഭിത്തി എന്ന് വിളിക്കുന്നത്.

അകത്തെ ഭിത്തികൾ പൊതുവെ പ്രൈവസിക്കും, പുറത്തെ ഭിത്തികൾ വീടിനകത്തുള്ളവർക്കും സാധനങ്ങൾക്കും സംരക്ഷണം നൽകാനും ആയി ഉള്ളത്.

ഇതാണ് നമ്മുടെ ഇടയിൽ പൊതുവെ ഉള്ള ധാരണ.

ഇത് ശരിയുമാണ്.

ഒരു ഇന്റീരിയർ ഡിസൈനറെ സംബന്ധിച്ചും ഇത്ര അറിഞ്ഞാൽ മതി.

എന്നാൽ ഒരു എൻജിനീയേറെ സംബന്ധിച്ചിടത്തോളം ഭിത്തി എന്ന് പറയുന്നത് ഇതും ഇതിലപ്പുറവും ചിലതാണ്.

അയാളെ സംബന്ധിച്ചിടത്തോളം കെട്ടിടത്തിന്റെ മേൽക്കൂരയെയും, അതിൽ ഏല്പിക്കപ്പെടുന്ന വിവിധങ്ങളായ ലോഡുകളെയും സുരക്ഷിതമായി ഫൗണ്ടേഷനിലേക്കു ട്രാൻസ്ഫർ ചെയ്യാനുള്ള മാധ്യമമാണ് ഈ ഭിത്തി.

അതിനു വരുത്തുന്ന അശാസ്ത്രീയമായ മാറ്റങ്ങൾ കെട്ടിടത്തിന്റെ ഈടുനില്പിനെത്തന്നെ ഗൗരവകരമായി ബാധിക്കും, ഒരുവേള കെട്ടിടം പൊളിഞ്ഞു വീണു എന്നുതന്നെ ഇരിക്കാം.

വീട് നിർമ്മാണ രംഗത്തു മലയാളിക്ക് സംഭവിക്കുന്ന അബദ്ധങ്ങൾ എന്ന വിഷയത്തിൽ നാം ആദ്യം ചർച്ച ചെയ്തത് കോൺക്രീറ്റ് മേൽക്കൂരയ്ക്ക് സംഭവിക്കുന്ന അപചയങ്ങൾ ആണെങ്കിൽ ഇന്ന് നമുക്ക് ഭിത്തിയിലേക്ക് വരാം.

ഭിത്തി എന്നത് മേൽക്കൂരയുടെയും, അതിനു മേൽ ഏല്പിക്കപ്പെടുന്ന വിവിധങ്ങളായ ലോഡുകളെയും ഭൂമിയിലേക്ക് ട്രാൻസ്ഫർ ചെയ്യാനുള്ള മാധ്യമമാണ് ഭിത്തി എന്ന് നാം പറഞ്ഞു.

ഒന്നുകൂടി വിശദമാക്കിയാൽ ഒന്നാം നിലയുള്ള ഒരു വീട്ടിലെ മുകൾ നിലയിൽ ഇരിക്കുന്ന മേശയുടെയോ, അലമാരയിൽ ഇരിക്കുന്ന വസ്ത്രത്തിന്റെയോ, അതിലൂടെ നടക്കുന്ന നിങ്ങളുടെ വയറ്റിൽ കിടക്കുന്ന ഭക്ഷണത്തിന്റെയോ പോലും ഭാരം കൈകാര്യം ചെയ്യുന്നത് നേരത്തെ നമ്മുടെ ഇന്റീരിയർ ഡിസൈനർ " അനാവശ്യം " എന്ന് മുദ്രകുത്തിയ ഈ ഭിത്തികളാണ്.

എന്ന് കരുതി ഇത് വായിച്ച ശേഷം നിങ്ങളാരും ഭക്ഷണം കുറക്കേണ്ട കാര്യം ഒന്നുമില്ല, ഇതല്ല ഇതിലപ്പുറവും ഉള്ള ലോഡ് വന്നാൽ പോലും അത് താങ്ങാനുള്ള സൂത്രപ്പണികൾ ശാസ്ത്രീയമായി ഡിസൈൻ ചെയ്യപ്പെടുന്ന ഓരോ കെട്ടിടത്തിലും ഉണ്ട്.

ഇനി, ഈ വിഷയത്തിലേക്ക് നമുക്ക് ഒന്നുകൂടി ആഴത്തിൽ പോയി നോക്കാം.

ഞാനിപ്പോൾ പറയുന്നത് നമ്മുടെയൊക്കെ നാട്ടിൽ ഉണ്ടാക്കുന്ന സാധാരണ വീടുകളെപ്പറ്റിയാണ്, കോൺക്രീറ്റ് കാലുകളിലും ബീമുകളിലും ഷോപ്പിംഗ് കോംപ്ലക്സുകൾ പോലെ നിർമ്മിക്കുന്ന ഫ്രയിമിഡ്‌ സ്ട്രക്ച്ചറുകൾക്കു ഞാൻ ഈ പറയുന്നത് ബാധകമല്ല.

നമ്മുടെ വീടുകളിലെ ഭിത്തികളെ മൊത്തത്തിൽ രണ്ടായി തരം തിരിക്കാം.

ഒന്ന് - ഭാരം താങ്ങുന്ന ഭിത്തികൾ അഥവാ ലോഡ് ബെയറിങ് വാളുകൾ.

രണ്ട് - ഭാരം വഹിക്കാത്ത ഭിത്തികൾ അഥവാ നോൺ ലോഡ് ബെയറിങ് വാളുകൾ.

എന്നാൽ സഹോദരങ്ങളെ, നമ്മുടെ വീടുകളിലെ ഏതാണ്ട് തൊണ്ണൂറ്റി അഞ്ചു ശതമാനം ഭിത്തികളും ലോഡ് താങ്ങുന്നവയാണ്.

വല്ല സ്റ്റോർ റൂമിലെയോ, ടോയ്‌ലെറ്റിന്റെ പാർട്ടീഷനോ ആയ ചുരുക്കം ചില ഭിത്തികൾ ലോഡ് ബെയറിങ് അല്ലാതെ ആയാൽ ആയി.

അതാണ് പറഞ്ഞത് ഇതേക്കുറിച്ചു വലിയ ധാരണ ഇല്ലാതെ ഭിത്തികളിൽ തൊട്ടു കളിക്കരുത് എന്ന്.

എന്ന് വച്ചാൽ നിലവിൽ ഉള്ള ഒരു വീടിന്റെ ഭിത്തി പൊളിച്ചു നീക്കുമ്പോഴും, പ്ലാനിൽ നിന്നും ഒരു ഭിത്തി നീക്കാം ചെയ്യുമ്പോഴും ഒന്നല്ല , ഒൻപതുവട്ടം ആലോചിക്കണം എന്നർത്ഥം.

നീക്കിയാൽ എന്താണ് എന്നൊരു മറുചോദ്യം ഞാൻ പ്രതീക്ഷിക്കുന്നു.

ഉത്തരം വേറൊരു രീതിയിൽ പറയാം.

പത്തുപേർ ചേർന്ന് ഒരു മരത്തടി പൊക്കിക്കൊണ്ടുവരുന്നു എന്ന് കരുതുക.

ഇവരിൽ അഞ്ചുപേരോട് വീട്ടിൽ പൊയ്ക്കൊള്ളാൻ പറഞ്ഞാൽ പിന്നെ ഈ തടി ചുമക്കേണ്ടത് ബാക്കിയുള്ള അഞ്ചുപേർ ചേർന്നാണ്.

അതോടെ തടി ചുമക്കുന്നവരിൽ ഉള്ള ആയാസം കൂടും, എത്തേണ്ട ദൂരം എത്തും മുൻപേ അവർ തടി നിലത്തിടും.

നമ്മുടെ കേസിൽ തടി ചുമക്കുന്നവർ അനുഭവിക്കുന്ന ആയാസത്തെ ആണ് എൻജിനീയറിങ് ഭാഷയിൽ " സ്ട്രെസ് " എന്ന് വിളിക്കുന്നത്.

സ്ട്രസ് കുറയും തോറും കൂടുതൽ ഈടുനിൽപ്പു ലഭിക്കും, കെട്ടിടത്തിനായാലും മനുഷ്യനായാലും.

അതിനാൽ അനാവശ്യമായി ഭിത്തികളുടെ രൂപഘടനയിൽ മാറ്റം വരുത്തരുത്.

വിശാലമായ അകത്തളങ്ങൾ ആഗ്രഹിക്കുന്നവർ തീർച്ചയായും ഒരു സ്ട്രക്ച്ചറൽ എൻജിനീയറെ കണ്ട ശേഷം മാത്രമേ അക്കാര്യത്തിൽ തീരുമാനം എടുക്കാവൂ.

ഇത്തരം പ്ലാനുകളും അവരുടെ പരിശോധനക്ക് വിധേയമാക്കണം.

എന്നാൽ വിഷയം ഇവിടെയും തീരുന്നില്ല.

കെട്ടിടത്തിന്റെ ഭിത്തിയുടെ നീളം മാത്രമല്ല വണ്ണവും ഇവിടെ വിഷയമാണ്.

ഉദാഹരിക്കാം, നമ്മുടെ മരത്തടി ചുമക്കുന്നവരെത്തന്നെ വിളിക്കാം.

മരത്തടി ചുമക്കുന്ന പത്തുപേർ ഘടാഘടിയന്മാരായ മല്ലന്മാർ ആണെങ്കിൽ അവർ അതും തൂക്കി നൈസായി നടന്നുപോകും.

എന്നാൽ എന്നെപ്പോലുള്ള അല്പപ്രാണികളായ പത്തുപേർ ആണെങ്കിൽ കുഴയും.

പറഞ്ഞുവന്നത് ഇതാണ്.

ഭിത്തിക്ക് മേൽപ്പറഞ്ഞ സ്ട്രസ് താങ്ങാനുള്ള ത്രാണി വേണം, അല്ലെങ്കിലും കെട്ടിടം അകാലചരമം അടയും.

എങ്ങനെ ഈ ത്രാണി വർദ്ധിപ്പിക്കാം എന്ന് ചോദിച്ചാൽ രണ്ട് വഴികൾ ഉണ്ട്.

ഒന്നാമത്തെ വഴി സ്ട്രെസ്സിനെ അതിജീവിക്കും വിധം കരുത്തുള്ള പദാർത്ഥങ്ങൾ കൊണ്ട് ഭിത്തി പണിയുക എന്നതാണ് . എന്നാൽ ഈ പദാർത്ഥങ്ങൾ നല്ല ഈട് നിൽക്കുന്നവയും ആയിരിക്കണം.

എന്റെ അഭിപ്രായത്തിൽ ഗുണമേന്മയുള്ള കമ്പനി ഇഷ്ടിക നല്ല ചോയ്സാണ്. അട്ടപ്പാടിയിലും മാർത്താണ്ടത്തും ഒക്കെ കാണപ്പെടുന്ന ഇഷ്ടികയും നന്നായി തോന്നിയിട്ടുണ്ട്.

രണ്ടാമത്തെ വഴി ഭിത്തിയുടെ വണ്ണം വർധിപ്പിക്കുക എന്നതാണ്, ഇത് വഴി ഭിത്തിയിലെ സ്ട്രസ് കുറയും, വീടിന്റെ ആയുസ്സു വർധിക്കും.

എന്നാൽ ഇത് സാധ്യമാണോ ചേട്ടാ എന്ന് നിങ്ങളിൽ പലരും ചോദിച്ചെക്കാം.

സാധിക്കും, അങ്ങനെയുള്ള ചരിത്രം ഉണ്ട് തമ്പുരാൻ ..

ഏതാണ്ട് തൊണ്ണൂറുകളുടെ മധ്യത്തോടെ ആണ് കേരളത്തിലെ വീടുകളുടെ ഭിത്തിവണ്ണം കുറയാൻ തുടങ്ങിയത്.

ആദികാല കോൺക്രീറ്റ് വീടുകളിൽ പലതിനും മുപ്പതോ മുപ്പത്തഞ്ചോ സെന്റീമീറ്റർ ഒക്കെ ഭിത്തിവണ്ണം ഉണ്ടായിരുന്നു.

അവയുടെ ജനാലപ്പടികളിൽ ഒക്കെ കൊച്ചുകുട്ടികൾ കയറി ഇരിക്കുമായിരുന്നു, ഈ ഞാനും ഇരുന്നിട്ടുണ്ട്.

അവയുടെ ഒന്നും ഭിത്തികളിൽ അതിസമ്മർദ്ധം മൂലം ഉള്ള ഒരു നേരിയ പൊട്ടൽ പോലും ഇല്ലായിരുന്നു.

അമ്പതു കൊല്ലം പഴക്കമുള്ള റാന്നിയിലെ സിനി റേച്ചലിന്റെ വീട് മുകളിലേക്ക് പൊക്കാം എന്ന് ഞാൻ ഉറപ്പുകൊടുത്തത് ആ ഭിത്തികളെ വിശ്വസിച്ചാണ്.

ബോറടിക്കില്ലെങ്കിൽ എങ്ങനെയാണ് നമ്മുടെ കെട്ടിടങ്ങളുടെ ഭിത്തിയിൽ ഈ സമ്മർദ്ദം അധികരിച്ചാണ് എന്നുകൂടി നോക്കാം.

കഴിഞ്ഞ ഏതാനും ദശകങ്ങൾക്കുള്ളിൽ ഭിത്തികളുടെ വണ്ണം ക്രമാതീതമായി കുറഞ്ഞു എന്ന് നാം കണ്ടു.

മുപ്പതും മുപ്പത്തഞ്ചും സെന്റീമീറ്റർ വണ്ണം ഉണ്ടായിരുന്ന ഭിത്തികൾ ഇരുപത്തി നാലിലേക്കും, ഇപ്പോൾ ഇരുപത്തിലേക്കും എത്തി നിൽക്കുകയാണ്.

ഒന്നാം നില നിർമ്മിക്കാൻ പതിനഞ്ചു സെന്റീമീറ്റർ ബ്ലോക്കിന്റെ കൊട്ടേഷൻ നൽകിയ കോൺട്രാക്ടറെ ഞാൻ പുഴുങ്ങിയെടുത്തത് കഴിഞ്ഞ ആഴ്ചയാണ്.

എന്നാൽ ഭിത്തി വണ്ണം കുറഞ്ഞതും, ദുർബലമായ ഇഷ്ടികകളും, വെട്ടുകല്ലും, ബ്ലോക്കുകളും മാത്രമാണോ ഇതിനു കാരണം ..?

അല്ല.

മലയാളിയുടെ ശരാശരി റൂം വലുപ്പം കൂടി.

എന്നുവച്ചാൽ മേൽക്കൂരയുടെ ഭാരം കഴിഞ്ഞ ദശകങ്ങളിൽ വർധിച്ചു.

ചുമക്കുന്നവരുടെ ത്രാണി കുറഞ്ഞു, മരത്തടിയുടെ ഭാരം കൂടി.

കേരളത്തിലെ നല്ലൊരു ശതമാനം കെട്ടിടങ്ങളുടെ ഭിത്തികളും ഈ അതിസമ്മർദ്ദത്തെ അതിജീവിച്ചാണ് നിൽക്കുന്നത്.

ഇതിൽ നമുക്കെന്തു ചെയ്യാനാകും ..?

സ്ട്രക്ച്ചറൽ ഭാഗങ്ങളുടെ ഉറപ്പ് വർധിപ്പിക്കണം.

ചെലവ് കൂടില്ലേ..?

കൂടും.

പക്ഷെ വഴിയുണ്ട്, അത് വേറൊരു അധ്യായമാണ്. പിന്നെ പറയാം.

സ്ട്രക്ച്ചറൽ ഭാഗങ്ങളായ മേൽക്കൂരയും, ഭിത്തിയും, ഫൗണ്ടേഷനും ഒരു കെട്ടിടത്തിന്റെ ജീവാത്മാവും പരമാത്മാവുമാണ്.

അതുകഴിഞ്ഞേ പർഗോളയും, സീലിങ്ങും, നടുമുറ്റത്തെ ബുദ്ധനും ഒക്കെ ഉണ്ടാകുന്നുള്ളൂ.

പഴയ കാരണവന്മാർ പറഞ്ഞതാണ് ശരി.

ചുവരുണ്ടെങ്കിലേ ചിത്രം എഴുതാനാവൂ ..''