tunnel-road

തിരുവനന്തപുരം: കൊടിയ നാശം വിതച്ച മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷവും വയനാട് തുരങ്ക പാതയുമായി സർക്കാർ മുന്നോട്ടുപോകുന്നു. ഇത് വ്യക്തമാക്കി സംസ്ഥാന സർക്കാർ പദ്ധതിക്ക് വേണ്ടിയുള്ള ഫിനാൻഷ്യൽ ബിഡ് തുറന്നു.

രണ്ട് പാക്കേജുകളിലായാണ് തുരങ്കപാതയുടെ പ്രവൃത്തി ടെൻഡർ ചെയ്തിരിക്കുന്നത്. വയനാട് തുരങ്കപാത പദ്ധതിക്കായി 2043 കോടിയുടെ ഭരണാനുമതി നേരത്തെ നൽകിയിരുന്നു. പദ്ധതിക്ക് വേണ്ടി ഏ​റ്റെടുക്കേണ്ട ഭൂമിയുടെ 90 ശതമാനവും വയനാട്, കോഴിക്കോട് ജില്ലകളിലായി ഏ​റ്റെടുത്തുകഴിഞ്ഞു. പദ്ധതിക്കുവേണ്ടിയുള്ള പാരിസ്ഥിതിക അനുമതി ലഭ്യമാക്കാനുള്ള അപേക്ഷ സംസ്ഥാന തല വിദഗ്ദ്ധ സമിതിയുടെ പരിഗണനയിലാണ്.

അതിനിടെ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതിനെതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി ഉൾപ്പെടെയുള്ള പരിസ്ഥിതി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് വയനാട് പ്രകൃതി സംരക്ഷണ സമിതി. തുരങ്കപാതാ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറിയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് സമിതി ഭാരവാഹികൾ വ്യക്തമാക്കി.

വലുതും ചെറുതുമായ നിരവധി ഉരുൾപൊട്ടലുകൾ നടന്ന മേഖലയിലെ മലകളാണ് തുരങ്കപാതക്കായി തുരക്കുന്നത്. സമീപകാല ഉരുൾപൊട്ടലുകളിൽ നിന്ന് സർക്കാർ പാഠം പഠിക്കുന്നില്ലെന്നും അവർ പറഞ്ഞു.

താമരശ്ശേരി ചുരം കയറാതെ വയനാട്ടിലെത്താവുന്ന എളുപ്പമാർഗമാണ് തുരങ്കപാത.ഹൈവേ വിഭാഗത്തിൽ ഉൾപ്പെടുന്ന പാത ആരംഭിക്കുക കോഴിക്കോട് ജില്ലയിലെ മറിപ്പുഴയിലും അവസാനിക്കുന്നത് വയനാട് മീനാക്ഷിപ്പുഴ പാലത്തിലുമാണ്. 8.735 കിലോമീറ്ററാണ് തുരങ്കപാതയുടെ ആകെ ദൈർഘ്യം. ഇതിൽ 8.110 കിലോമീറ്ററാണ് തുരങ്കത്തിന്റെ മാത്രം ദൈർഘ്യം. 5.771 കിലോമീറ്റർ വന ഭൂമിയിലൂടെയാണ് പാത കടന്നു പോവുന്നത്. ഓരോ ദിശയിലും രണ്ട് വരിയുടെ രണ്ട് ട്യൂബുകൾ വീതമുള്ള നാലു വരി ഗതാഗതമാണ് ഉദ്ദേശിക്കുന്നത്.