asha-sharath

തിരുവനന്തപുരം:കൊടുംപീഡനത്തിനിരയായി ജീവൻ പൊലിയുന്ന പെൺമക്കളുടെ ദുർവിധിയിൽ തീവ്രദുഃഖവും അമർഷവുമായി ഉരുകുന്ന അമ്മമാരുടെ തേങ്ങലുകൾ അരങ്ങിലെത്തിച്ച് ചലച്ചിത്രതാരം ആശ ശരത്ത് സൂര്യഫെസ്റ്റിവലിൽ അവതരിപ്പിച്ച മകളേ എന്ന നൃത്തശിൽപം ഹൃദയസ്പർശിയായി. സംവാദങ്ങൾക്കും ചൂടേറിയ ചർച്ചകൾക്കു മൊടുവിൽ പെൺമക്കളുടെ നിലവിളി അമ്മമനസ്സുകളിൽ മാത്രം എന്നും നിറഞ്ഞുനിൽക്കുമെന്ന സത്യം അരങ്ങിലെത്തിയപ്പോൾ ആ കണ്ണീരിന്റെ നൊമ്പരം കാണികളുടെ മനസ്സിലേയ്ക്കും പടർന്നു.

ആഗസ്തിൽ കൽക്കത്തയിൽ ക്രൂരമായ പീഡനത്തിരയായി കൊല്ലപ്പെട്ട യുവഡോക്ടറുടെ ദുരനുഭവം വിഷയമാക്കി അധ്യാപികയായ സുമി സുനിൽ മപ്പാട്ട് രചിച്ച് ശ്രീവത്സൻ ജെ മേനോൻ സംഗീതം നൽകിയ നൃത്തശിൽപം അക്രമങ്ങളെ ചെറുത്തുനിൽക്കാനും പ്രതികരിക്കാനും കെൽപുള്ള 'നിർഭയ 'മാരെ സൃഷ്ടിക്കണമെന്ന സന്ദേശം നൽകുന്നു.വിധു വിജയ്,ആര്യ വൃന്ദ എന്നിവരുടേതാണ് ആലാപനം.

കലാകാരി, പൊതുപ്രവർത്തക, സ്ത്രീ,അമ്മ എന്നീ നിലകളിൽ ഇത്തരം അനീതികളോട് പ്രതികരിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും
തനിക്കറിയുന്ന കലാരൂപത്തിലൂടെ പ്രതികരിക്കുകയാണെന്നും ആശാ ശരത് വേദിയിൽ പറഞ്ഞു.