കൊച്ചി: ടാറ്റ ട്രസ്‌റ്റ്സിന്റെ ചെയർമാനായി നോയൽ ടാറ്റയെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. അന്തരിച്ച വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയുടെ അർദ്ധ സഹോദരനാണ് 67കാരൻ നോയൽ. ടാറ്റ ബ്രാൻഡുകളുടെ ഹോൾഡിംഗ് കമ്പനിയായ ടാറ്റ സൺസിന്റെ 66 ശതമാനം ഓഹരിയും ട്രസ്റ്റിന്റെ കൈവശമാണ്.

ഇന്നലെ മുംബയിൽ നടന്ന ട്രസ്‌റ്റികളുടെ യോഗത്തിലാണ് തീരുമാനം. നവൽ ടാറ്റയുടെയും സിമോൺ ടാറ്റയുടെയും മകനാണ് നോയൽ. നിലവിൽ ട്രെന്റ്, വോൾട്ടാസ്, ടാറ്റ ഇൻവെസ്‌റ്റ്മെന്റ് കോർപ്പറേഷൻ, ടാറ്റ ഇന്റർനാഷണൽ എന്നിവയുടെ ചെയർമാനും ടാറ്റ സ്‌റ്റീൽ, ടൈറ്റൻ എന്നിവയുടെ വൈസ് ചെയർമാനുമാണ്. സർ ദോറാബ്‌ജി ടാറ്റ ട്രസ്‌റ്റ്‌, സർ രത്തൻ ടാറ്റ ട്രസ്‌റ്റ് എന്നിവയിലെ പ്രധാന ട്രസ്‌റ്റിയായും പ്രവർത്തിച്ചു വരികയായിരുന്നു.

ടാറ്റയുടെ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകാൻ വിവിധ കമ്പനികളുടെ തലപ്പത്ത് പരിചയസമ്പത്തുള്ള നോയലിന് കഴിയുമെന്ന് വിലയിരുത്തുന്നു. അവിവാഹിതനായ രത്തൻ ടാറ്റ പിൻഗാമിയെ പ്രഖ്യാപിച്ചിരുന്നില്ല.

നോയൽ കുടുംബം

 ടാറ്റ സൺസിൽ 18.3 ശതമാനം ഓഹരിയുള്ള മിസ്‌ത്രി കുടുംബത്തിലെ ആലു മിസ്‌ത്രിയാണ് നോയലിന്റെ ഭാര്യ

 ആലുവിന്റെ സഹോരനാണ് ടാറ്റാ സൺസ് ചെർയമാൻ സ്ഥാനത്തു നിന്ന് മുമ്പ് പുറത്തായ സൈറസ് മിസ്ത്രി

 നോയലിന്റെ മക്കളായ ലിയ,​ മായ,​ നെവിൽ എന്നിവർക്ക് ടാറ്റാ ഗ്രൂപ്പിന്റെ വിവിധ കമ്പനികളുടെ ചുമതലയുണ്ട്