a
a

ആവശ്യത്തിന് ഉതകുമ്പോഴാണ് സഹായത്തിന് അർത്ഥമുണ്ടാകുന്നത്. വയനാട്ടിൽ,​ മുണ്ടക്കൈയിലും ചൂരൽമലയിലും കഴിഞ്ഞ ജൂലായ് മുപ്പതിനുണ്ടായ ഉരുൾപൊട്ടലിൽ വലിയൊരു ജനവാസമേഖലയും അവരുടെ ജീവിതപരിസരങ്ങളും അപ്പാടെ തുടച്ചുനീക്കപ്പെട്ടിട്ട് ഇന്നേയ്ക്ക് എഴുപത്തിമൂന്ന് ദിവസങ്ങളായി. ഇന്നേദിവസം വരെ വയനാട് ദുരന്തത്തിന്റെ തീരാനഷ്ടങ്ങൾക്ക് ആശ്വാസമായും,​ പുനരധിവാസ പ്രവർത്തനങ്ങൾക്ക് സഹായമായും,​ പുനർനിർമ്മാണങ്ങളിലൂടെ ഒരു ജനതയെ സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾക്ക് കൈത്താങ്ങായും നയാപൈസ പോലും കേരളത്തിന് കേന്ദ്ര സർക്കാർ അനുവദിച്ചിട്ടില്ലെന്നത് ദുരൂഹവും അങ്ങേയറ്റം സങ്കടകരവും പ്രതിഷേധാർഹവുമെന്നേ പറയാനാകൂ. ഒരാഴ്ച മുമ്പ് 145.60 കോടി രൂപ കേന്ദ്രം അനുവദിച്ചത്,​ വയനാടിനുള്ള സഹായമായല്ല,​ പതിന്നാല് പ്രളയബാധിത സംസ്ഥാനങ്ങൾക്കായി ആകെ അനുവദിച്ച 5858.60 കോടിയുടെ നേരിയൊരു വിഹിതമെന്ന നിലയ്ക്കുള്ള 'ഔദാര്യം" മാത്രമായിരുന്നു.

ദുരന്തമുണ്ടായി പതിനൊന്നാം ദിവസം,​ ഓഗസ്റ്റ് പത്തിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെ ദുരന്ത ബാധിത മേഖലകൾ സന്ദർശിച്ചത്. ഉദ്യോഗസ്ഥ പ്രമുഖരുമായും ജനപ്രതിനിധികളും അദ്ദേഹം വിശദമായ ചർച്ച നടത്തി. സഹായധനത്തിനും നഷ്ടപരിഹാര ആവശ്യങ്ങൾക്കമുള്ള നിവേദനം സംസ്ഥാനം സമർപ്പിച്ചാൽ മതി,​ അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ച് തുക അനുവദിക്കാമെന്ന വാഗ്ദാനവും നല്കിയാണ് അദ്ദേഹം മടങ്ങിയത്. രാജ്യത്തെവിടെയും വികസന പ്രവർത്തനങ്ങൾക്കും ജനക്ഷേമത്തിനും ഏറ്റവും മുന്തിയ പരിഗണന നല്കുന്ന പ്രധാനമന്ത്രിയിൽ നിന്ന് നേരിട്ടു ലഭിച്ച വാഗ്ദാനം കേരളത്തിന് വലിയ ആശ്വാസവും പ്രതീക്ഷയും നൽകുകയും ചെയ്തു. പക്ഷേ,​ രണ്ടര മാസങ്ങൾക്കിപ്പുറവും ആ വാഗ്ദാനത്തിനും കേരളത്തിന്റെ ആവർത്തിച്ചുള്ള നിവേദനങ്ങൾക്കും നേരെ കേന്ദ്രം തുടരുന്ന നിസംഗതയ്ക്ക് എന്താണ് അർത്ഥം?​

നാശനഷ്ടങ്ങൾക്ക് കേരളം അടിയന്തര പരിഹാരമായി ആദ്യം ആവശ്യപ്പെട്ട 1200 കോടിയും,​ പുനരധിവാസ പ്രവർത്തനങ്ങൾക്കായി ചോദിച്ച 2000 കോടിയും ഉൾപ്പെടെ ആകെ 3200 കോടി രൂപയുടെ ധനകാര്യ നിവേദനം കേന്ദ്ര സർക്കാരിനു മുന്നിലുണ്ട്. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി വയനാട്ടിൽ ചെലവഴിച്ച തുകയുടെ കണക്ക് കേരള ഹൈക്കോടതി ആവശ്യപ്പെട്ടതനുസരിച്ച് നൽകിയതിലെ 1202 കോടി രൂപയുടെ 'എസ്റ്റിമേറ്റിനെ" ചൊല്ലി ആക്ഷേപങ്ങൾ ഏറെയുയർന്നെങ്കിലും,​ കേന്ദ്രത്തിനു നൽകിയ മെമ്മോറാണ്ടവുമായി ബന്ധപ്പെട്ട് കണക്കിൽ അവ്യക്തത ചൂണ്ടിക്കാട്ടിയോ,​ അധികവിവരങ്ങൾ ആവശ്യപ്പെട്ടോ,​ പുതിയ നിവേദനം നിർദ്ദേശിച്ചോ സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ കത്തൊന്നും കിട്ടിയതായി അറിവില്ല. ഇതിനിടെ,​ മുഖ്യമന്ത്രി ഡൽഹിയിലെത്തിയപ്പോൾ പ്രധാനമന്ത്രിയെ നേരിൽക്കണ്ട് ഇക്കാര്യം ഓർമ്മിപ്പിച്ചു. ചീഫ് സെക്രട്ടറിയും കണ്ടു. പലവട്ടം കത്തെഴുതി. നടപടിക്രമങ്ങളെല്ലാം മുറയ്ക്ക് നടക്കുന്നുണ്ടെന്ന് സാരം. കേന്ദ്രം ഉണരുന്നില്ലെന്നു മാത്രം!

ഈ വിഷയത്തിൽ ഏറ്റവും ഒടുവിൽ സംഭവിച്ചത്,​ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് കഴിഞ്ഞ ദിവസം കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമനെക്കണ്ട് ചർച്ച നടത്തിയതാണ്. പ്രധാനമന്ത്രിയുമായി സംസാരിച്ച് വയനാട് പാക്കേജിന്റെ കാര്യത്തിൽ എത്രയും വേഗം തീരുമാമെടുക്കാമെന്ന് അവർ ഉറപ്പു നല്കിയതായി കെ.വി. തോമസ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തു. അതേസമയം,​ വയനാട് പുനരധിവാസത്തിന്റെയും,​ എത്രയും വേഗം ആരംഭിക്കേണ്ട പുനർനിർമ്മാണ പ്രവൃത്തികളുടെയും അടിയന്തരസ്വഭാവം ഗൗരവപൂർവം കേന്ദ്രശ്രദ്ധയിൽപ്പെടുത്തി,​ ഒരുദിവസമെങ്കിലും നേരത്തേ നഷ്ടപരിഹാരത്തുക അനുവദിപ്പിക്കാൻ സംസ്ഥാനത്തിന്റെ ഭാഗത്തുനിന്നും കുറേക്കൂടി ജാഗ്രതയോടെയുള്ള നീക്കമുണ്ടാകേണ്ടതുണ്ട്. ഉറങ്ങുന്നവരെ മാത്രമല്ല,​ ഉറക്കം നടിക്കുന്നവരെയും ഉണർത്തുക തന്നെ വേണം. മുഖ്യമന്ത്രി ഒരിക്കൽക്കൂടി ഡൽഹിയിലെത്തിയോ,​ മുഴുവൻ എം.പിമാരും അടങ്ങുന്ന നിവേദകസംഘത്തെ ഇതിനു മാത്രമായി പ്രത്യേകം ചുമതലപ്പെടുത്തിയോ കേന്ദ്രത്തെ കുലുക്കിയുണർത്തണം. രാഷ്ട്രീയം മനസിൽ വച്ച് കൈകാര്യം ചെയ്യാനുള്ള വിഷയമല്ല ഇതെന്ന് ഇരുകൂട്ടരും ഓർക്കണം.