agri

നിലമ്പൂർ : ചാലിയാർ ആഢ്യൻപാറ വെള്ളച്ചാട്ടം കാണാൻ പോകുന്നവർക്ക് വഴിയിൽ ചാലിയാർ മുട്ടിയേൽ സ്വദേശി കാഞ്ഞിരംപാറ മുഹമ്മദിന്റെ വക ഒരു സർപ്രൈസുണ്ട്. പാട്ടത്തിനെടുത്ത ഒന്നേമുക്കാൽ ഏക്കറിൽ വിരിഞ്ഞുനിൽക്കുന്ന സൂര്യകാന്തികൾ സഞ്ചാരികളുടെ മനം കവരും. വെള്ളച്ചാട്ടത്തിന് സമീപപ്രദേശത്താണ് മുഹമ്മദിന്റെ തോട്ടം.

വിരിഞ്ഞു നിൽക്കുന്ന സൂര്യകാന്തിപൂക്കളുടെ മനോഹാരിത തന്നെയാണ് സ്വന്തമായി കൃഷിയിറക്കുകയെന്ന ആശയത്തിലേക്ക് മുഹമ്മദിനെ എത്തിച്ചത്. ഗുണ്ടൽപേട്ടിൽ നിന്നെത്തിച്ച മൂന്നുകിലോ വിത്തുകളാണ് കൃഷിയിറക്കിയത്. 45 ദിവസം ആയപ്പോഴേക്കും പൂക്കൾ വിടർന്നു. കൂലിച്ചെലവ് കൂടുതലായതിനാൽ ഒറ്റയ്ക്കാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്.

ചെറിയ നിരക്കിൽ ടിക്കറ്റ് വച്ച് സഞ്ചാരികൾക്ക് കാണാനുള്ള സംവിധാനമൊരുക്കിയാണ് കൃഷിച്ചെലവിന്റെ ചെറിയ ഭാഗമെങ്കിലും തിരിച്ചുപിടിക്കുന്നത്. കൂടുതൽ സ്ഥലത്ത് കൃഷിയിറക്കണമെന്ന് ആഗ്രഹം മുഹമ്മദിനുണ്ട്. ഇതുകൂടാതെ വാഴയും കപ്പയും പയറുമെല്ലാം വേറെ സ്ഥലത്ത് കൃഷി ചെയ്യുന്നുണ്ട്. പന്നിയും മയിലും ആനകളുമെല്ലാം കൃഷിക്ക് നാശം വരുത്തുന്നതായി മുഹമ്മദ് പറയുന്നു.

വിത്തുകൾ വിതച്ചുകഴിഞ്ഞാൽ, ദിവസേനയുള്ള നന ആവശ്യമാണ്. വിത്തുകൾ ഏകദേശം മൂന്നാഴ്ചയ്ക്കുള്ളിൽ മുളക്കും. ചുരുങ്ങിയത് ആറുമണിക്കൂറെങ്കിലും സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം വേണം സൂര്യകാന്തി കൃഷി ചെയ്യാൻ. കൂടാതെ, വിത്ത് മുളച്ച ശേഷം മാ​റ്റി നടുമ്പോൾ, ചെടികൾ തമ്മിലുള്ള അകലം 20 സെന്റീമീ​റ്റർ ആണെന്ന് ഉറപ്പാക്കണം. ചെടികൾ വലുതാകുമ്പോൾ അവ സ്വയം കിഴക്കോട്ട് തിരിയുന്നു, ഇത് ചെടികൾക്ക് ധാരാളം സൂര്യപ്രകാശം ആഗിരണം ചെയ്യാൻ സഹായിക്കുന്നു.