
വൈകുന്നേരത്തെ ചായയോടൊപ്പം വെറൈറ്റിയായ പലഹാരങ്ങൾ കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും കാണില്ല. മഴക്കാലമായതിനാൽ തന്നെ നല്ല ചൂടുളള പലഹാരം കഴിക്കാനും പലർക്കും കൊതി തോന്നും. കടകളിൽ പോയി പതിവ് പലഹാരങ്ങൾ വാങ്ങാതെ എരിവുളള ഒരു പലഹാരം നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം. വെറും അഞ്ച് മിനിട്ടിൽ പലഹാരം തയ്യാറാക്കാവുന്നതാണ്.
ആവശ്യമായ സാധനങ്ങൾ
ഉരുളക്കിഴങ്ങ്, മഞ്ഞൾപ്പൊടി, മൈദ, പച്ചമുളക്, ഇഞ്ചി, വറ്റൽമുളക്, ഉപ്പ്, എണ്ണ,കറിവേപ്പില
തയ്യാറാക്കേണ്ട വിധം
അര കിലോഗ്രാം ഉരുളക്കിഴങ്ങാണ് പലഹാരം തയ്യാറാക്കാനായി എടുക്കേണ്ടത്. ഇതിനെ കുക്കറിൽ ആവശ്യത്തിന് വെളളവും ചേർത്ത് നന്നായി പാകം ചെയ്തെടുക്കണം. മറ്റൊരു പാത്രത്തിലേക്ക് രണ്ട് കപ്പ് മൈദ എടുക്കുക. അതിലേക്ക് കാൽടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്, ചെറുതായി മുറിച്ച മൂന്ന് വറ്റൽ മുളക്. അഞ്ച് പച്ചമുളക്, അധികം കനമില്ലാതെ മുറിച്ച ഇഞ്ചി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഒന്നേമുക്കാൽ കപ്പ് വെളളം ചേർത്ത് മിക്സ് നന്നായി കുഴച്ചെടുക്കുക.
ഇതിലേക്ക് പാകം ചെയ്ത ഉരുളക്കിഴങ്ങ് ചേർത്ത് നന്നായി കുഴച്ചെടുക്കുക. ഇത്തരത്തിൽ തയ്യാറാക്കിയ മിക്സിനെ ഇഷ്ടപ്പെട്ട വലിപ്പത്തിൽ ഉരുളകളാക്കി വറുത്തെടുക്കാവുന്നതാണ്. ഇങ്ങനെ തയ്യാറാക്കിയ പലഹാരം ചായയോടൊപ്പം രുചിയോടെ കഴിക്കാവുന്നതാണ്.