
അണ്ടർ 11 ദേശീയ ചെസ് ചാമ്പ്യൻഷിപ്പിൽ ദിവി ബിജേഷ് ചാമ്പ്യൻ
തിരുവനന്തപുരം : ഹൈദരാബാദിൽ നടന്ന അണ്ടർ 11 ദേശീയ ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടി കേരളത്തിന്റെ കൊച്ചുമിടുക്കി ദിവി ബിജേഷ്. ടെക്നോപാർക്ക് ജീവനക്കാരായ ബിജേഷിന്റെയും പ്രഭയുടെയും മകളായ ദിവി ഒൻപതാം വയസിലാണ് ദേശീയ കിരീടം സ്വന്തമാക്കിയത്. ഫിഡെ റേറ്റഡ് താരമായ ദിവി കഴക്കൂട്ടം അലൻഫെൽഡ്മാൻ പബ്ളിക് സ്കൂളിലെ നാലാം ക്ളാസ് വിദ്യാർത്ഥിനിയാണ്. ജേഷ്ഠൻ ദേവ്‌നാഥും ദേശീയ ചെസ് താരമാണ്.
കൊവിഡ് കാലത്ത് ബോറടി മാറ്റാൻ ദേവ്നാഥാണ് ദിവിയെ ചെസ് കളി പഠിപ്പിച്ചത്. ചെസിലെ താത്പര്യം തിരിച്ചറിഞ്ഞതോടെ മാസ്റ്റേഴ്സ് അക്കാഡമിയിലെ ജി.എസ് ശ്രീജിത്തിന്റെ അടുക്കൽ പരിശീലനത്തിന് എത്തിച്ചു. അവിടെനിന്ന് തുടങ്ങിയ ദിവി തുടർന്ന് ദേശീയ - അന്തർദേശീയ മത്സരങ്ങളിൽ വിജയിച്ച് ശ്രദ്ധേയയായി. ഈ വർഷം തൃശൂരിൽ നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ദിവിയും ദേവ്‌നാഥും ജേതാക്കളായിരുന്നു.
ദിവിയുടെ മറ്റ് നേട്ടങ്ങൾ
ഏഷ്യൻ യൂത്ത് ചെസ് അണ്ടർ 10 ബ്ളിറ്റ്സ് ടീം സ്വർണം
ഏഷ്യൻ യൂത്ത് ചെസ് അണ്ടർ 10 സ്റ്റാൻഡേഡ് ടീം വെള്ളി
വെസ്റ്റേൺ ഏഷ്യൻ യൂത്ത് ചെസ് അണ്ടർ 10 ബ്ളിറ്റ്സ് ചാമ്പ്യൻ
വെസ്റ്റേൺ ഏഷ്യൻ യൂത്ത് ചെസ് അണ്ടർ 10 ബ്ളിറ്റ്സ് ടീം വെള്ളി
ഫിഡെ വേൾഡ് കപ്പ് (8-12 പ്രായപരിധി)അഞ്ചാം സ്ഥാനം
കോമൺവെൽത്ത് ചെസ് അണ്ടർ 10ൽ മൂന്നാം റണ്ണർ അപ്പ്
ഇനിവേണ്ടത് സ്പോൺസർ
അന്താരാഷ്ട്ര തലത്തിൽ ചെസ് പരിശീലനം വളരെ ചെലവേറിയതാണ്. ഓൺലൈനിൽ പോലും വിദേശ പരിശീലകർക്ക് മണിക്കൂറിന് ഡോളർ നിരക്കിലാണ് പ്രതിഫലം. ഹൗസിംഗ് ലോണും മറ്റും കഴിയുമ്പോൾ പരിശീലനത്തിന് മാറ്റാൻ മാതാപിതാക്കളുടെ ശമ്പളത്തിൽ ബാക്കിയില്ല. മക്കൾക്ക് സ്പോൺസർമാരെ തേടുകയാണ് ബിജേഷും പ്രഭയും. മികച്ച പരിശീലനം കിട്ടിയാൽ പ്രഗ്നാനന്ദനെയും സഹോദരി വൈശാലിയെയും പോലെ ദേവ്നാഥും ദിവിയും അത്ഭുതം സൃഷ്ടിച്ചേക്കും