flight

ട്രിച്ചി: ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ വിമാനത്തിന് സാങ്കേതിക തകാര്‍. 141 യാത്രക്കാരുമായി വിമാനം ആകാശത്ത് വട്ടമിട്ട് പറക്കുകയാണ് ഇപ്പോള്‍. ഹൈഡ്രോളിക തകരാറിനെ തുടര്‍ന്ന് ഇന്ധനം തീര്‍ക്കുവാനായി ആകാശത്ത് വട്ടമിട്ട് പറക്കുകയാണ് ഇപ്പോള്‍. കഴിഞ്ഞ ഒരു മണിക്കൂറായി ഈ പ്രക്രിയ തുടരുകയാണ്. തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ വന്‍ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. 20 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ വിമാനത്താവളത്തില്‍ ഒരുക്കി നിര്‍ത്തിയിരിക്കുകയാണ്.

കനത്ത സുരക്ഷയാണ് വിമാനത്താവളത്തില്‍ ഒരുക്കിയിരിക്കുന്നത്. ലാന്‍ഡിംഗ് ഗിയറിന് ഉള്‍പ്പെടെ പ്രശ്‌നമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. യാത്രക്കാരെ സുരക്ഷിതമായി താഴെയിറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് വിമാനത്താവള അധികൃതര്‍. ഹൈഡ്രോളിക് സംവിധാനത്തിലെ പിഴവ് കാരണം ഇന്ധനത്തിന്റെ അളവ് പകുതിക്ക് താഴെയെത്തിച്ച ശേഷം ലാന്‍ഡ് ചെയ്യിക്കാനാണ് ശ്രമിക്കുന്നത്. രാത്രി എട്ടര മണിയോടെ തിരുച്ചിറപ്പള്ളിയില്‍ ലാന്‍ഡിംഗിനുള്ള ശ്രമമാണ് നടക്കുന്നത്.

വൈകുന്നേരം 5.40ന് പുറപ്പെട്ട വിമാനം 8.20ന് ഷാര്‍ജയില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ പറന്നുയര്‍ന്നതിന് ശേഷം വിമാനത്തിലെ സാങ്കേതിക തകരാറ് പൈലറ്റ് മനസ്സിലാക്കുകയായിരുന്നു. ഇതോടെയാണ് വിമാനം തിരിച്ചു പറന്നത്.