
വാഷിംഗ്ടൺ: യു.എസിലെ ഫ്ലോറിഡയിൽ കനത്ത നാശംവിതച്ച മിൽട്ടൺ ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 16 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കും. ശക്തമായ മഴയെ തുടർന്ന് വെള്ളത്തിനടിയിലായ പ്രദേശങ്ങളിലും കെട്ടിടാവശിഷ്ടങ്ങൾക്കിടെയിലും രക്ഷാപ്രവർത്തനം തുടരുകയാണ്. ആയിരങ്ങളെ മാറ്റിപ്പാർപ്പിച്ചു. 20 ലക്ഷത്തോളം വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി വിതരണം തടസപ്പെട്ടു. സ്ഥിതിഗതികൾ വിലയിരുത്താൻ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ നാളെ ഫ്ലോറിഡ സന്ദർശിക്കും. ബുധനാഴ്ച വൈകിട്ടോടെ പടിഞ്ഞാറൻ ഫ്ലോറിഡയിൽ കരതൊട്ട മിൽട്ടൺ മണിക്കൂറിൽ 120 മൈൽ വേഗത്തിൽ ആഞ്ഞടിച്ചിരുന്നു. വ്യാഴാഴ്ച തീവ്രത കുറഞ്ഞതോടെ മിൽട്ടൺ അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് കടന്നു.