
ചെന്നൈ: തമിഴ്നാട് തിരുവള്ളൂരിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. ആളപായമില്ല.
ഗുഡ്സ് ട്രെയിനും മൈസൂരു ദർഭംഗ എക്സ്പ്രസുമാണ് കൂട്ടിയിടിച്ചത്. ആഘാതത്തിൽ എക്സ്പ്രസിന്റെ 12 കോച്ചുകൾ പാളം തെറ്റി. രണ്ട് കോച്ചുകൾക്ക് തീപിടിച്ചു. പരിക്കേറ്റ പത്ത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കവരപ്പേട്ട സ്റ്റേഷന് സമീപം ഇന്നലെ രാത്രി 8.30ഓടെയായിരുന്നു അപകടം. തെറ്റായി സിഗ്നൽ നൽകിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ദർഭംഗ എക്സ്പ്രസ് 8.27ന് പൊന്നേരി സ്റ്റേഷൻ കടന്നു, അനുമതി ലഭിച്ച പ്രകാരം മുന്നോട്ടുപോയി. എന്നാൽ മെയിൻ ലൈനിലേക്ക് പോകുന്നതിന് പകരം 75 കിലോമീറ്റർ വേഗതയിൽ ലൂപ്പ് ലൈനിലേക്ക് പ്രവേശിച്ചു. പിന്നാലെ അവിടെ നിറുത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഉടൻ ചെന്നൈയിൽ നിന്നുള്ള 30 അംഗ എൻ.ഡി.ആർ.എഫ് സംഘം സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമായതായി അധികൃതർ അറിയിച്ചു.ഡോക്ടർമാർ, ആംബുലൻസുകൾ, മെഡിക്കൽ റിലീഫ് വാനുകൾ, റെസ്ക്യൂ ടീമുകൾ, മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തുണ്ട്. അപകടത്തെ തുടർന്ന് ചെന്നൈ -ഗുമ്മിടിപൂണ്ടി പാതയിൽ ട്രെയിൻ ഗതാഗതം താത്കാലികമായി നിറുത്തിവച്ചു.