sports

മുംബയ്: ന്യൂസിലാന്‍ഡിനെതിരെ ഈ മാസം 16ന് ആരംഭിക്കുന്ന മൂന്ന് മത്സര ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ നയിക്കുന്ന ടീമില്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയാണ് ഉപനായകന്‍. ബംഗ്ലാദേശിനെതിരെ അടുത്തിടെ സമാപിച്ച ടെസ്റ്റ് പരമ്പരയില്‍ കളിച്ച അതേ ടീമിനെ തന്നെയാണ് ഇന്ത്യ നിലനിര്‍ത്തിയിരിക്കുന്നത്. നാല് ട്രാവലിംഗ് റിസര്‍വുകളേയും ടീമിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഒക്ടോബര്‍ 16 മുതല്‍ 20 വരെ ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ് നടക്കുക. ഒക്ടോബര്‍ 24 -28 വരെ പൂനെയിലെ എംസിഎ സ്റ്റേഡിയത്തിലാണ് രണ്ടാം ടെസ്റ്റ്. നവംബര്‍ ഒന്നിന് മുംബയ് വാംഖഡെ സ്റ്റേഡിയത്തിലാണ് മൂന്നാമത്തേയും അവസാനത്തേയും മത്സരം നടക്കുക. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ മുന്നിലുള്ള ഇന്ത്യക്ക് ഫൈനല്‍ ഉറപ്പിക്കാന്‍ ഈ പരമ്പര നിര്‍ണായകമാണ്. ഇതിന് ശേഷം ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുടെ അഞ്ച് മത്സര ടെസ്റ്റ് പരമ്പര കളിക്കാനായി ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് പറക്കും.

ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പയ്ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ.എല്‍ രാഹുല്‍, സര്‍ഫറാസ് ഖാന്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ്. സിറാജ്, ആകാശ് ദീപ്.
ട്രാവലിംഗ് റിസര്‍വ്‌സ്: ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, മായങ്ക് യാദവ്, പ്രസീദ്ധ് കൃഷ്ണ.