
പുൽപ്പള്ളി: വയനാട്ടിലും മറുനാട്ടിലും പാഷന്‍ ഫ്രൂട്ട് കൃഷിയിൽ നേട്ടങ്ങൾ കൊയ്ത് പുൽപ്പള്ളി കാപ്പിസെറ്റ് സ്വദേശി പഞ്ഞിക്കാലായിൽ ഫ്രാൻസിസ്. കഴിഞ്ഞ 7 വർഷത്തോളമായി ഈ കൃഷിയിൽ സജീവമാണ് ഫ്രാൻസിസ്. കുറഞ്ഞ സ്ഥലമുള്ളവർക്ക്‌പോലും ഈ കൃഷിയിൽ നിന്ന് മികച്ച വരുമാനം ഉണ്ടാക്കാൻ കഴിയുമെന്ന് ഇദ്ദേഹം പറയുന്നു. പ്രതിരോധശേഷി കൂടിയ കാവേരി ഇനമാണ് ഫ്രാൻസിസ് കൃഷിചെയ്യുന്നത്.
ചെടി നട്ടുകഴിഞ്ഞാൽ എട്ടാം മാസം മുതൽ കായ്ച്ചുതുടങ്ങും. ഒരു വർഷത്തിൽ 10 തവണ വരെ വിളവെടുക്കാൻ സാധിക്കും. മാർക്കറ്റിൽ ശരാശരി 60 രൂപതോതിലാണ് ഒരു കിലോ പാഷന്‍ഫ്രൂട്ട് വിൽക്കുന്നത്. ഈർപ്പമില്ലാത്ത മണ്ണാണ് ഈ കൃഷിക്ക് അനുയോജ്യം. ഒരേക്കർ സ്ഥലത്ത് 500 ഓളം ചെടികൾ നട്ടുവളർത്താൻ സാധിക്കും. നല്ല പന്തൽ ഒരുക്കി കൊടുത്താൽ കാര്യമായ വളപ്രയോഗമൊന്നുമില്ലാതെ നല്ലവിളവ് ലഭിക്കും.
ജലസേചനസൗകര്യവും ഉറപ്പുവരുത്തണം. കർണാടകയിലും ഇദ്ദേഹത്തിന്റെ പാഷന്‍ഫ്രൂട്ട് തോട്ടങ്ങളുണ്ട്. തൈ വിൽപനയും ഇദ്ദേഹം നടത്തുന്നുണ്ട്. തുടക്കത്തിൽ ചെറിയ പ്രദേശത്ത് ആരംഭിച്ച കൃഷി പിന്നീട് അമ്പതേക്കർ സ്ഥലത്തേയ്ക്ക് വ്യാപിപ്പിച്ചു.