actress

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ നടി ബീനാ ആന്റണി, നടനും ബീനയുടെ ഭർത്താവുമായ മനോജ്, നടി സ്വാസിക എന്നിവർക്കെതിരെ പൊലീസ് കേസ് എടുത്തു. ബീനാ ആന്റണിയെ ഒന്നാം പ്രതിയാക്കിയും മനോജിനെ രണ്ടാം പ്രതിയാക്കിയും സ്വാസികയെ മൂന്നാം പ്രതിയാക്കിയും നെടുമ്പാശേരി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്‌തത്.

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് ആലുവ സ്വദേശിയായ നടി പരാതി നൽകിയിരിക്കുന്നത്. പ്രമുഖ നടന്മാര്‍ക്കെതിരെ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ താരങ്ങള്‍ യൂട്യൂബ് ചാനലിലൂടെ തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് നടിയുടെ പരാതി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് മൂവർക്കെതിരെയും ചുമത്തിയിരിക്കുന്നത്.

നടന്മാരായ ജയസൂര്യ, ബാലചന്ദ്ര മേനോൻ, മുകേഷ്, ഇടവേള ബാബു, മണിയൻപിള്ള രാജു, ജാഫർ ഇടുക്കി എന്നിവർക്കെതിരെ ഇതേ നടി പീഡനപരാതി നൽകിയിരുന്നു. യൂട്യൂബ് ചാനലിലൂടെ അപമാനിച്ചുവെന്നും ഫോണില്‍ വിളിച്ച് ബ്ലാക്ക് മെയില്‍ ചെയ്തുവെന്നും ആരോപിച്ച് നടിക്കെതിരെ ബാലചന്ദ്രമേനോൻ നൽകിയിയ പരാതിയിൽ സൈബർ കേസ് രജിസ്‌റ്റർ ചെയ‌്തിട്ടുണ്ട്. ബന്ധുവിന്റെ പരാതിയിൽ നടിക്കെതിരെ പോക്‌സോ കേസും നിലവിലുണ്ട്.