jail

ഡെറാഡൂണ്‍: ജയിലിലെ പുരാണ നാടകം അഭിനയിക്കുന്നതിനിടെ രണ്ട് തടവുകാര്‍ ജയില്‍ ചാടി. ഹരിദ്വാറിലെ റോഷ്‌നാബാദ് ജയിലില്‍ രാംലീല നാടകം അവതരിപ്പിക്കുന്നതിനിടെ സീതയെ തേടി പോകുന്ന വാനരന്‍മാരുടെ വേഷം അഭിനയിച്ചിരുന്ന രണ്ട് തടവുകാരാണ് ജയില്‍ ചാടിയത്. കൊലപാതക കേസിലെ പ്രതികളാണ് ജയില്‍ ചാടിയത്. ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടവുകാരായിരുന്നു ഇരുവരും.

സീതയെ തേടിയിറങ്ങുന്ന വാനരന്മാരായി വേഷമിട്ടവരായിരുന്നു ഇവര്‍. പരിപാടിക്കിടയില്‍ ഇവരെ കാണാതായി. റോര്‍ക്ക് സ്വദേശിയായ പങ്കജ് കുമാറും ഉത്തര്‍പ്രദേശിലെ ഗോണ്ട സ്വദേശിയായ രാം കുമാറുമാണ് ജയില്‍ ചാടിയത്. നിര്‍മാണത്തൊഴിലാളികള്‍ ഉപയോഗിച്ചിരുന്ന കോണി ഉപയോഗിച്ചാണ് ഇരുവരും ജയിലിന്റെ മതില്‍ ചാടിയതെന്ന് പൊലീസ് പറയുന്നു.

നാടകം കഴിഞ്ഞ് രാത്രി തടവുകാരുടെ എണ്ണമെടുത്തപ്പോഴും ഇരുവരും മുങ്ങിയ കാര്യം അധികൃതര്‍ തിരിച്ചറിഞ്ഞുന്നില്ല. അടുത്ത ദിവസം രാവിലെ ആറരയോടെയാണ് സംഭവം അധികൃതര്‍ മനസ്സിലാക്കിയത്. ജയിലിലെ ഉദ്യോഗസ്ഥരുടെ വീഴ്ച ഉള്‍പ്പെടെ അന്വേഷിക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് മേലുദ്യോഗസ്ഥര്‍.