
ചെന്നൈ: ഏറെ വിവാദമായ മാസപ്പടി വിവാദക്കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ മൊഴി രേഖപ്പെടുത്തി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്‌ഐഒ). ചെന്നൈയിലെ ഓഫീസിൽ കഴിഞ്ഞ ബുധനാഴ്ച ഹാജരായാണ് വീണാ വിജയൻ മൊഴി നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥനായ അരുൺ പ്രസാദാണ് വീണയുടെ മൊഴിയെടുത്തത്.
പല തവണയായി വീണയുടെ കമ്പനിയായ എക്സാലോജികിൽ നിന്ന് എസ്എഫ്ഐഒ വിവരങ്ങൾ ശേഖരിച്ചിരുന്നു. വീണയുടെ മൊഴി രേഖപ്പെടുത്തിയിരുന്നില്ലെന്ന വിമർശനം മുൻപും നിലനിന്നിരുന്നു. നവംബറിലാണ് കേസിന്റെ അന്തിമ റിപ്പോർട്ട് സമർപ്പിക്കേണ്ടത്. അനധികൃതമായി സിഎംആർഎല്ലിൽ നിന്നും വീണാ വിജയനും കമ്പനിയും പണം നേടിയെടുത്തുവെന്നാണ് കേസ്.
1.72 കോടിയാണ് കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്നും എക്സാലോജിക് മാസപ്പടിയായി കൈപ്പറ്റിയത്. അന്വേഷണത്തിന്റെ അന്തിമഘട്ടവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐഒ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മൊഴിയെടുപ്പ് തുടരുകയായിരുന്നുവെന്നാണ് സൂചന. രണ്ടാഴ്ച മുൻപ് കെഎസ്‌ഐഡിസി ഉദ്യോഗസ്ഥരെയും സിഎംആർഎൽ ഉദ്യോഗസ്ഥരെയും വീണ്ടും ചോദ്യം ചെയ്യുന്നതിന് വിളിച്ചുവരുത്തിയിരുന്നു.
കമ്പനിയുമായി ബന്ധപ്പെട്ട് നടത്തിയ എല്ലാ സാമ്പത്തിക ഇടപാടുകളുടെയും രേഖകൾ കൈമാറാൻ വീണാ വിജയനോട് എസ്എഫ്‌ഐഒ കഴിഞ്ഞ ദിവസങ്ങളിൽ ആവശ്യപ്പെട്ടിരുന്നു. ഇത് എക്സാലോജിക് കൈമാറിയതായും വിവരമുണ്ട്. ആ രേഖകളുടെ അടിസ്ഥാനത്തിലാണ് വീണാ വിജയനിൽ നിന്ന് ഇപ്പോൾ വിശദമായ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ട് തവണയായാണ് വീണയുടെ മൊഴി രേഖപ്പെടുത്തിയതെന്നാണ് സൂചന.