പാലക്കാട്: വാളയാർ സംസ്ഥാന അതിർത്തി കേന്ദ്രീകരിച്ചുള്ള പൊലീസിന്റെ പ്രത്യേക പരിശോധനയ്ക്കിടെ വാളയാറിൽ 88.68 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. എൻ.സി.പി വല്ലപ്പുഴ മുൻ മണ്ഡലം പ്രസിഡന്റ് വല്ലപ്പുഴ ചെറുകോട് സ്വദേശി ടി.അനൂപിനെയാണ്(36) വാളയാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതുൾപ്പെടെ 5 കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു. നാട്ടിലെ അറിയപ്പെടുന്ന സാംസ്‌കാരിക പ്രവർത്തകനായ അനൂപ് 2 സ്‌കൂളുകളിലായി പി.ടി.എ വൈസ്പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളും വഹിക്കുന്നുണ്ട്. കേസിൽ നേരത്തെ പിടിയിലായ 3 പേരും പിടിയിലായ ഉടൻ അനൂപിന്റെ പേര് വെളിപ്പെടുത്തിയിരുന്നു. തുടരന്വേഷണത്തിലാണ് അനൂപിനെയും പിടികൂടിയത്. കഞ്ചാവ് എത്തിക്കാൻ പണം നൽകിയത് അനൂപാണെന്നാണു കൂട്ടു പ്രതികൾ പറഞ്ഞിരുന്നെന്നും പൊലീസ് അറിയിച്ചു. ഇതോടെ കേസിൽ 4 പേർ അറസ്റ്റിലായി. ചൊവ്വാഴ്ച രാത്രി 9നാണ് വാളയാർ പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ടോൾ പ്ലാസയ്ക്ക് സമീപം നടത്തിയ വാഹന പരിശോധനക്കിടെ കാറിൽ കടത്തിയ കഞ്ചാവ് പിടിച്ചത്. പരിശോധനയ്ക്കിടെ നിറുത്താതെ പോയ കാർ പിന്തുടർന്നു പരിശോധിച്ചപ്പോൾ കാറിന്റെ പിൻ സീറ്റിനടിയിൽ രഹസ്യ അറയിൽ ചാക്കുകളിലാക്കിയ കഞ്ചാവ് കണ്ടെത്തിയത്. വാളയാർ ഇൻസ്‌പെക്ടർ എൻ.എസ്.രാജീവ്, എസ്‌ഐ ജെ.ജേഴ്സൻ, സീനിയർ സിപിഒമാരായ എസ്.സുഭാഷ്, ആർ.രഘു എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്‌