വടക്കഞ്ചേരി: കാരപ്പൊറ്റ മാട്ടുവഴിയിൽ സ്വകാര്യ ബസിനകത്ത് സ്ത്രീയെ വെട്ടിപ്പരിക്കേൽപ്പിച്ചു. പുതുക്കോട് അഞ്ചുമുറി സ്വദേശി ഷമീറയെ ആണ് പുതുക്കോട് കാരപൊറ്റ മാട്ടുവഴി സ്വദേശി മഥൻകുമാർ(42) വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചത്. യുവതിയുടെ കൈയ്ക്ക് സാരമായി പരിക്കേറ്റു. കാരപ്പൊറ്റ വഴി തൃശൂർ-പഴയന്നൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ഇന്നലെ രാവിലെ 11 മണിക്ക് മാട്ടുവഴിയിലെത്തിയപ്പോഴാണ് സംഭവം നടന്നത്. ബസിലെ യാത്രക്കാരിയായിരുന്ന ഷമീറയെ മഥൻകുമാർ ബസിൽ കയറി വെട്ടുകയായിരുന്നു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഷമീറയെ പാലക്കാട് ജില്ലാ ആശുപത്രിയിലും തുടർചികിത്സയ്ക്കായി പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മഥൻകുമാറിനെ പൊലീസെത്തി അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു.