
കൊളത്തൂർ: നിർധന യുവതിക്ക് വീട് നിർമ്മിക്കാൻ സഹായം വാഗ്ദാനം ചെയ്ത് കാറിൽ കയറ്റി കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ആണ്ടിപാടം സ്വദേശിയും യൂറ്റ്യൂബറുമായ കുണ്ടിൽ വീട്ടിൽ ആഷിഖിനെ (29 ) കൊളത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് മാസം മുമ്പ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കാടാമ്പുഴ സ്വദേശിയായ യുവതിക്ക് വീട് നിർമ്മിക്കാൻ ആഷിഖ് സഹായവാഗ്ദാനം നൽകിയിരുന്നു. തുടർന്ന് യുവതിയെ വിളിച്ചുവരുത്തി കാറിൽ കയറ്റിയ ആഷിഖ് പാങ്ങ് ചന്തപറമ്പുള്ള ആളൊഴിഞ്ഞ വീടിനു സമീപം കാർ നിറുത്തി യുവതിയുടെ എതിർപ്പ് വകവയ്ക്കാതെ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് യുവതി കൊളത്തൂർ പൊലീസിൽ പരാതി നൽകി. കൊളത്തൂർ ഇൻസ്‌പെക്ടർ സംഗീത് പുനത്തിലിന്റെ നേതൃത്വത്തിലുള്ള സംഘം മണ്ണാർക്കാട് നിന്നാണ് ആഷിഖിനെ അറസ്റ്റ് ചെയ്തത്. സിവിൽ പൊലീസ് ഓഫീസർമാരായ അഭിജിത്, ഷാഹുൽ ഹമീദ്, ഷിനോ തങ്കച്ചൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ ആഷിഖിനെ പെരിന്തൽമണ്ണ സബ് ജയിലിലേക്ക് റിമാന്റ് ചെയ്തു