
വാകത്താനം: ക്രിപ്‌റ്റോ കറൻസിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ് നടത്തിയ ഒരാൾ അറസ്റ്റിൽ. കണ്ണൂർ കീഴൂർ ശ്രീരാഗം വീട്ടിൽ പ്രദീഷിനെ (42) ആണ് വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. എട്ട് തവണകളായി 18.5 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട ഒരാൾ കാടമുറി സ്വദേശിയായ യുവാവിനെ സമീപിച്ച് ക്രിപ്‌റ്റോ കറൻസിയിൽ നിക്ഷേപം നടത്തി ഗോൾഡ് മൈനിങ് ചെയ്തു ലാഭം ഉണ്ടാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു. ഇതിനായി ഒരു ആപ്ലിക്കേഷൻ (ബി.ജി.സി) m.barrickgoldcapital.com എന്ന ലിങ്ക് വഴി മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്ത് യൂസർ ഐഡിയും പാസ്‌വേഡും ഉണ്ടാക്കിയ ശേഷം ഈ ആപ്ലിക്കേഷൻ വഴി ട്രേഡ് ചെയ്യാൻ പറയുകയുമായിരുന്നു. ആപ്ലിക്കേഷന്റെ ചാറ്റ് ഫംഗ്ഷൻ വഴി അയച്ചുകൊടുത്ത വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇയാളെ കൊണ്ട് 18 ലക്ഷത്തോളം രൂപ നിക്ഷേപിപ്പിക്കുകയും ചെയ്തു. പിന്നീട് പണം തിരികെ ലഭിക്കുന്നതിന് വീണ്ടും 14 ലക്ഷം രൂപ ടാക്‌സ് ആയി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പിനിരയായിയെന്ന് മനസിലായത്.
യുവാവിന്റെ പരാതിയെ തുടർന്ന് വാകത്താനം പൊലീസ് കേസെടുത്തു. പണം തട്ടിയെടുത്ത ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ വിവിധ ബാങ്കുകൾ വഴി തട്ടിയെടുത്ത പണം ഇയാൾ പിൻവലിച്ചിട്ടുള്ളതായി മനസിലാക്കി ഇയാളെ പിടികൂടി. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നിർദ്ദേശപ്രകാരം ചങ്ങനാശേരി ഡിവൈ.എസ്.പി കെ.വിശ്വനാഥന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രദീഷിനെ കോടതിയിൽ ഹാജരാക്കി.