
അഗർത്തല: സമൂഹമാദ്ധ്യമ പോസ്റ്റിന്റെ പേരിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടികൊലപ്പെടുത്തി. ത്രിപുരയിലാണ് ക്രൂരകൊലപാതകം നടന്നത്. സംഭവത്തിൽ 51കാരൻ അറസ്റ്റിലായി.
പ്രതി ഭാര്യയുമായി ഒരുവർഷത്തിലേറെയായി അകന്ന് കഴിയുകയായിരുന്നു. രണ്ട് ആൺമക്കൾക്കൊപ്പം മധുപൂരിലാണ് ഇയാൾ താമസിക്കുന്നത്. പടിഞ്ഞാറൻ ത്രിപുരയിലെ നേതാജി നഗറിൽ അമ്മയോടൊപ്പമാണ് ഇയാളുടെ ഭാര്യ കഴിഞ്ഞിരുന്നത്. ഇന്നലെ ദുർഗാ പൂജ ആഘോഷത്തിനിടെ രണ്ട് ആൺസുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ ഭാര്യ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചതാണ് പ്രകോപനത്തിന് കാരണം.
ഭാര്യയും ഭാര്യമാതാവും വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് പ്രതി ഇരുവരെയും ആക്രമിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടു. ഇതിന് പിന്നാലെയാണ് 51കാരൻ അറസ്റ്റിലായത്. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.