ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ മൂന്നാം ട്വന്റി-20യിൽ വിമർശകരേയും അവഗണനകളേയും അടിച്ച് പറപ്പിച്ച് മലയാളി താരം സഞ്ജു സാംസണിന്റെ സംഹാര താണ്ഡവം. കട്ടയ്ക്ക് കൂടെ നിന്ന ക്യാപ്ടൻ സൂര്യകുമാർ യാദവിന്റെയും ആർത്തലച്ച ഗാലറിയുടേയും പ്രോത്സാഹനും ബാറ്റിലേക്ക് ആവാഹിച്ച് നിറഞ്ഞാടിയ സഞ്ജു (47പന്തിൽ 111) വെറും 40 പന്തിൽ സെഞ്ച്വറിയിലെത്തി ചരിത്രം കുറിച്ചപ്പോൾ, ഇന്ത്യ നേടിയത് 20 ഓവറിൽ 297/6 എന്ന റെക്കാഡ് സ്കോർ. മറുപടിക്കിറങ്ങിയ ബംഗ്ലാദേശിന്റെ വെല്ലുവിളി 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 164 റൺസിൽ അവസാനിച്ചു. ഇന്ത്യയ്ക്ക് 133 റൺസിന്റെ ജയം. ബംഗ്ലാദേശിനെതിരെ റൺസ് അടിസ്ഥാനത്തിൽ ഒരുടീം നേടുന്ന ഏറ്റവും വലിയ ജയം കൂടിയാണിത്. കളിയിലെ താരവും സഞ്ജുവായിരുന്നു.
വെടിക്കെട്ട്
ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ സൂര്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ടസ്കിനെറിഞ്ഞ 2-ാം ഓവറിലെ അവസാന 4 പന്തുകളിലും ഫോറടിച്ച് സഞ്ജു നയം വ്യക്തമാക്കി. എന്നാൽ അടുത്ത ഓവറിലെ ആദ്യ പന്തിൽ അഭിഷേക് ശർമ്മയെ (4) മെഹെദി ഹസന്റെ കൈയിൽ എത്തിച്ച് തൻസിം ബംഗ്ലാദേശിന് ബ്രേക്ക് ത്രൂ നൽകി. എന്നാൽ പകരമെത്തിയ സൂര്യയും സഞ്ജുവും വെടിക്കെട്ട് തുടങ്ങിയതോടെ ബംഗ്ലാദേശ് ചിത്രത്തിലേ ഇല്ലാതായി. തൻസിമിന്റെ ആ ഓവറിൽ സൂര്യ സിക്സും ഫോറുമടിച്ചാണ് തുടങ്ങിയത്. അടുത്ത ഓവറിൽ സഞ്ജു മുസ്തഫിസുറിനെതിരെയും തുടർച്ചയായി ഫോറും ക്സും നേടി. അഞ്ചാം ഓവറിൽ ഇന്ത്യ 50 കടന്നു. പവർപ്ലേ അവസാനിക്കുമ്പോൾ 82/1 എന്ന നിലയിലായിരുന്നു ഇന്ത്യ. 22 പന്തിൽ സഞ്ജു അർദ്ധ സെഞ്ച്വറി തികച്ചു. 7.1 ഓവറിൽ ഇന്ത്യ 100 കടന്നു. റിഷാദ് ഹൊസൈൻ എറിഞ്ഞ പത്താം ഓവറിൽ ബീറ്റണായ ആദ്യ പന്തിന് ശേഷം തുടർച്ചയായി അഞ്ച് പന്തുകൾ സിക്സറിന് പറത്തി സഞ്ജുവിന്റെ അടിയോടടി. പിന്നാലെ സൂര്യയും 22 പന്തിൽ 50 തികച്ചു. 13-ാം ഓവറിലെ ആദ്യ പന്തിൽ മെഹദി ഹസനെ ഫോറടിച്ച് സഞ്ജു സെഞ്ച്വറി തികച്ചു. അധികം വൈകാതെ സഞ്ജുവിനെ മെഗദി ഹസന്റെ കൈയിൽ എത്തിച്ച് മുസ്തഫിസുർ പുറത്താക്കി. 47 പന്തിൽ 11 ഫോറും 8 സിക്സും ഉൾപ്പെടെയാണ് സഞ്ജു 111 റൺസ് നേടിയത്. 70 പന്തിൽ 173 റൺസിന്റെ കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റിൽ സഞ്ജുവും സൂര്യയും സൃഷ്ടിച്ചത്.
ടീം സ്കോർ 200 കടന്നതിന് പിന്നാലെ സൂര്യയെ (35 പന്തിൽ 76) മഹമ്മദുള്ള പുറത്താക്കി. 8 ഫോറും 5 സിക്സും ഉൾപ്പെട്ടതാണ് സൂര്യയുടെ ഇന്നിംഗ്സ്. പിന്നീടെത്തിയവരിൽ ഹാർദിക് പാണ്ഡ്യ (18 പന്തിൽ 48), റിയാൻ പരാഗ് (13 പന്തിൽ 34) എന്നിവരും തിളങ്ങി. ബംഗ്ലാദേശിനായി തൻസിം 3 വിക്കറ്റ് വീഴ്‌ത്തി.
മറുപടിക്കിറങ്ങിയ ബംഗ്ലാദേശിന്റെ ഓപ്പണർ പർവേസിനെ (0) ഇന്നിംഗ്സിലെ ആദ്യ പന്തിൽ തന്നെ പുറത്താക്കി മായങ്ക് യാദവ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നൽകി.42 പന്തിൽ 5 ഫോറും 3 സിക്സും ഉൾപ്പെടെ പുറത്താകാതെ 62 റൺസ് നേടിയ തൗഹിദ് ഹൃദോയിയാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ. ലിറ്റൺ ദാസും ( 25 പന്തിൽ 42) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. രവി ബിഷ്ണോയി 3 വിക്കറ്റ് വീഴ്‌ത്തി.