rishab-shetty

മലയാളികളുടെ പ്രിയ നടൻ ജയസൂര്യയും കന്നഡ താരം ഋഷഭ് ഷെട്ടിയും വിജയദശമി നാളിൽ കൊല്ലൂർ മൂകാംബികയിൽ ദർശനം നടത്തി. ഇരുവരും ഒരുമിച്ച് ക്ഷേത്രത്തിൽ ദർശനം നടത്തുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലാണ്. മെറൂൺ ബ്ലാക്ക് കോംബിനേഷനിലുള്ള പ്രിന്റഡ് ഷർട്ടും മുണ്ടുമായിരുന്നു ജയസൂര്യ ധരിച്ചിരിക്കുന്നത്. പച്ച കുർത്തയും മുണ്ടും ധരിച്ചാണ് ഋഷഭ് ഷെട്ടി എത്തിയത്. ദീർഘകാലമായി അടുത്ത സുഹൃത്തുക്കളാണ് ഋഷഭും ജയസൂര്യയും. ജയസൂര്യയെ ചേർത്തുപിടിച്ച് നിൽക്കുന്ന ഋഷഭ് ഷെട്ടിയെ ചിത്രത്തിൽ കാണാം.

നവരാത്രിയോടനുബന്ധിച്ച് മൂകാംബിക ദർശനത്തിനെത്തിയ ജയസൂര്യ അവിടെ നിന്ന് എടുത്ത ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ക്ഷേത്രത്തിൽ ദീപം തെളിയിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചത്. 'അമ്മയുടെ തിരുസന്നിധിയിൽ....മഹാനവമി വിജയദശമി ആശംസകൾ' എന്ന അടിക്കുറിപ്പും ചിത്രങ്ങൾക്ക് നൽകിയിട്ടുണ്ട്.

'കത്തനാർ' ആണ് ജയസൂര്യയുടെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. ഹോം’ സിനിമയിലൂടെ ദേശീയ പുരസ്‌കാരം നേടിയ റോജിൻ തോമസിന്റെ സംവിധാനത്തിലാണ് മലയാളത്തിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രമായി മാറിയേക്കാവുന്ന ‘കത്തനാർ’ ഒരുങ്ങുന്നത്. ഏറ്റവും നൂതന സാങ്കേതികവിദ്യയായ വിഎഫ്എക്‌സ് ആന്‍ഡ് വെര്‍ച്വല്‍ പ്രൊഡക്ഷന്‍സിനലൂടെയാണ് സിനിമയുടെ അവതരണം. ഗോകുലം മൂവീസ് ഈ ചിത്രത്തിനായി മാത്രം നിര്‍മ്മിച്ച 45,000 ചതുരശ്ര അടി മോഡുലാര്‍ ഷൂട്ടിംഗ് ഫ്‌ലോറിലാണ് 200 ദിവസത്തെ ഷൂട്ടിംഗ് നടക്കുന്നത്.

മൂന്ന് വർഷമായി കത്തനാരുടെ പ്രീ പ്രൊഡക്ഷൻ ആരംഭിച്ചിട്ട്. അത്രയും മുന്നൊരുക്കങ്ങളാണ് ഈ ചിത്രത്തിന് വേണ്ടിവരുന്നത്. കൊറിയൻ വംശജനും കാനഡയിൽ താമസക്കാരനുമായ ജെ ജെ പാർക്ക് ആണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കമ്പോസ് ചെയ്യുന്നത്. ജെ ജെ പാർക്ക് നിരവധി വിദേശ ചിത്രങ്ങൾക്ക് വേണ്ടി ആക്ഷൻ രംഗങ്ങൾ ഒരുക്കിയിട്ടുണ്ട്.