vande-bharat

ന്യൂ‌ഡൽഹി: ഉത്സവ സീസൺ പരിഗണിച്ച് സ്‌പെഷ്യൽ വന്ദേഭാരത് ട്രെയിൻ സർവീസ് അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേ. ഛത്ത് പൂജ, ദീപാവലി എന്നി ആഘോഷങ്ങൾ പരിഗണിച്ചാണ് സ്‌പെഷ്യൽ വന്ദേഭാരത് ട്രെയിൻ സർവീസ് നടത്തുന്നത്. പട്നയ്ക്കും ഡൽഹിയ്ക്കും ഇടയിലാണ് പുതിയ സ‌ർവീസ് കൊണ്ടുവരുന്നത്. പട്നയിൽ നിന്ന് ഡൽഹിയിലേക്ക് ഏകദേശം 11.5 മണിക്കൂറിനുള്ളിൽ വന്ദേഭാരത് എത്തിച്ചേരും.

ഡൽഹിയിൽ നിന്ന് സ്‌പെഷ്യൽ വന്ദേഭാരത് ഒക്ടോബർ 30, നവംബർ ഒന്ന്, മൂന്ന്, ആറ് തീയതികളിൽ സർവീസ് നടത്തും. നവംബർ രണ്ട്, നാല്, ഏഴ് തീയതികളിൽ പട്നയിൽ നിന്ന് സർവീസ് നടത്തുമെന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ട്. ന്യൂഡൽഹിയിൽ നിന്ന് രാവിലെ 8.25ന് പുറപ്പെടും രാത്രി എട്ട് മണിക്ക് പട്നയിൽ എത്തിച്ചേരും. ശേഷം പട്നയിൽ നിന്ന് രാവിലെ 7.30 ന് പുറപ്പെടുന്ന ട്രെയിൻ രാത്രി ഏഴ് മണിക്ക് ഡൽഹിയിലെത്തും.

സ്‌പെഷ്യൽ വന്ദേഭാരത് ട്രെയിനിന്റെ ടിക്കറ്റ് നിരക്കും പുറത്തുവിട്ടിട്ടുണ്ട്. ഒരു എസി ചെയർ കാറിന് 2,575 രൂപയും എസി എക്‌സിക്യൂട്ടീവ് ചെയർ കാറിന് 4,655 രൂപയുമാണ്. ഭക്ഷണവും ലഭ്യമാണ്. ഈ പുതിയ സർവീസ് യാത്രക്കാർക്ക് സുഗമമായ യാത്രാനുഭവം നൽകുമെന്നും ഫെസ്റ്റിവൽ സീസൺ ആഘോഷിക്കാൻ സഹായിക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു. സർവീസിന്റെ കൂടുതൽ വിവരങ്ങൾക്ക് റെയിൽവേ അധികൃതരുമായി ബന്ധപ്പെടാവുന്നതാണ്.