
മലപ്പുറം: രാജ്യത്തെ പൗരന്മാരുടെ മൗലിക അവകാശത്തിന്മേൽ കത്തിവെച്ച് ഭരണഘടന ഉന്മൂലനം ചെയ്യാനുള്ള കേന്ദ്ര സർക്കാരിന്റെ വർഗീയ അജണ്ടകളുടെ മറ്റൊരു വേർഷനാണ് മദ്രസകൾക്കെതിരെയുള്ള ബാലാവകാശ കമ്മിഷന്റെ നീക്കമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിദ്യാഭ്യാസ നിലവാരത്തിന്റെ പേര് പറഞ്ഞു കൃത്യമായി ആസൂത്രണം ചെയ്ത വർഗീയ അജണ്ട ഒളിച്ചു കടത്തുകയാണ് ബാലാവകാശ കമ്മിഷന്റെ ചെലവിൽ കേന്ദ്ര സർക്കാർ നടത്തുന്നത്.
മദ്രസകൾക്കെതിരായ ഉത്തരവ്
മതധ്രുവീകരണത്തിന്: ഗോവിന്ദൻ
കണ്ണൂർ: മദ്രസകൾ നിറുത്തലാക്കാനുള്ള കേന്ദ്ര ബാലാവകാശ കമ്മിഷൻ ശുപാർശ ഭരണഘടനാ വിരുദ്ധമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ഇത് മതധ്രുവീകരണമുണ്ടാക്കും. കേരളത്തെ ഈ നീക്കം ബാധിക്കില്ല. വിദ്യാർത്ഥികളെ മതപഠനം കൊണ്ട് പീഡിപ്പിക്കുന്നുവെന്ന് വെറുതെ പറയുന്നതാണ്. പ്രതിഷേധം വസ്തുതാപരമാണ്. കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ ഇല്ലാതാകും. ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ പ്രത്യേക അജണ്ടയുണ്ട്.
മതസ്വാതന്ത്ര്യം പൗരാവകാശം:
മന്ത്രി അബ്ദുറഹിമാൻ
തിരുവനന്തപുരം: മതസ്വാതന്ത്ര്യം പൗരന്റെ അവകാശമായതിനാൽ സ്വാതന്ത്ര്യത്തിന് വിലങ്ങു തടിയാകാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദു റഹിമാൻ കേരളകൗമുദിയോട് പറഞ്ഞു.
ക്രിസ്ത്യാനികൾ ബൈബിൾ ക്ളാസുകൾ എടുക്കുന്നുണ്ട്, ഹിന്ദുസംഘടനകൾ രാമായണം പഠിപ്പിക്കുന്ന ക്ളാസുകൾ ആരംഭിച്ചിട്ടുണ്ട്. അതുപോലെ മദ്രസകൾ അവരുടെ മതം പഠിപ്പിക്കുകയാണ്. മദ്രസ പഠനം ഇവിടത്തെ വിദ്യാഭ്യാസ സംവിധാനത്തെ യാതൊരു തരത്തിലും ബാധിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ഫണ്ട് തരുന്നില്ല:
സമസ്ത
മലപ്പുറം: കേരളത്തിലെ മദ്രസകൾക്ക് സർക്കാർ ഫണ്ട് നൽകുന്നില്ലെന്ന് സമസ്ത നേതാവും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു. ഉത്തരേന്ത്യയിലെ മദ്രസകളിൽ ഫണ്ട് നൽകാറുണ്ട്. ബാലാവകാശ കമ്മിഷന്റെ നിർദേശം ഉത്തരേന്ത്യയിലെ കുട്ടികളുടെ അവകാശ നിഷേധമാണ്. സമുദായത്തിന്റെ പണം കൊണ്ടാണ് മദ്രസകൾ നടത്തിപ്പോരുന്നത്.
സ്കൂളുകളിൽ പോവാത്ത കുട്ടികളെ ലാക്കാക്കി, അവർക്ക് പ്രാഥമിക ഭൗതിക വിദ്യാഭ്യാസവും നൽകുന്ന ഉത്തരേന്ത്യൻ സംവിധാനങ്ങളെ ദക്ഷിണേന്ത്യൻ മതപഠന രീതികളോട് സമീകരിക്കുന്നത് ശരിയല്ല.
-കെ.ടി. ജലീൽ എം.എൽ.എ.
ന്യൂനപക്ഷാവകാശങ്ങളെ ഇല്ലായ്മ ചെയ്യുകയെന്ന കേന്ദ്ര സർക്കാരിന്റെ അജണ്ടയുടെ ഭാഗമായാണ് മദ്രസകളെ താറടിക്കുന്നത്.
-ഇ.ടി. മുഹമ്മദ് ബഷീർ
ദേശീയ ബാലാവകാശ കമ്മിഷന്റെ നിലപാട് ഭരണഘടനാ ലംഘനമാണ്.
ഉമ്മർ ഫൈസി മുക്കം
(സമസ്ത സെക്രട്ടറി, കേന്ദ്ര മുശാവറ അംഗം )
ഒരുപ്രത്യേക മതവിഭാഗത്തിന്റെ മാത്രം മതസ്ഥാപനങ്ങളിൽ ഇടപെട്ട് ഛിദ്രതയുണ്ടാക്കാനുള്ള ശ്രമങ്ങൾ ആപത്കരമാണ്.
-സയ്യിദ് ഇബ്റാഹീമുൽ
ഖലീലുൽ ബുഖാരി
(കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി)
സ്കൂളിൽ പോകാതെ
1.2 കോടിമുസ്ലീം
കുട്ടികൾ : കമ്മിഷൻ
ന്യൂഡൽഹി: 2021-22ൽ ഒന്നുമുതൽ എട്ടുവരെ ക്ളാസുകളിൽ പ്രവേശനം നേടിയ 18.6 കോടി കുട്ടികളിൽ 15.2 ശതമാനമാണ് മുസ്ലീം വിദ്യാർത്ഥികളെന്ന് ദേശീയ ബാലാവകാശ കമ്മിഷൻ ചൂണ്ടിക്കാട്ടി. അതായത് 2.86 കോടി വിദ്യാർത്ഥികൾ.ആ പ്രായക്കാരായ 4.11 കോടി മുസ്ലീം കുട്ടികൾ രാജ്യത്തുണ്ട്.അതുപ്രകാരം, സ്കൂളിൽ പോകാതെ 1.2 കോടി മുസ്ലീം വിദ്യാർത്ഥികളുണ്ട്.
2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പരിധിയിൽ മദ്രസകളില്ല. എല്ലാ കുട്ടികൾക്കും ഔപചാരിക വിദ്യാഭ്യാസം ഉറപ്പിക്കേണ്ടത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തം.
നിയമം സമത്വം, സാമൂഹിക നീതി, ജനാധിപത്യം എന്നിവ സാക്ഷാത്കരിക്കപ്പെടണം.ബോർഡ് രൂപീകരിച്ചതു കൊണ്ടോ, സ്കൂളുകൾക്ക് അനുവദിക്കുന്ന യു.ഡി.ഐ.എസ്.ഇ കോഡ് എടുത്തതു കൊണ്ടോ കാര്യമില്ല
ബീഹാർ മദ്രസ ബോർഡിന്റെ രണ്ടാം ക്ലാസിന്റെ കരിക്കുലത്തിൽ പാക്കിസ്ഥാനിലെ പുസ്തകവും ഉൾക്കൊള്ളിച്ചിട്ടുള്ളതായി കമ്മിഷന്റെ റിപ്പോർട്ടിൽ പറയുന്നു. ഇസ്ലാമിന്റെ ആധിപത്യമാണ് പുസ്തകത്തിലെ വിഷയം.
സംഘപരിവാർ
അജണ്ട:
ബിനോയ് വിശ്വം
തിരുവനന്തപുരം: മദ്രസകൾക്കുള്ള സർക്കാർ ധനസഹായം നിറുത്തലാക്കണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദേശം മുസ്ലീങ്ങളെ അന്യവൽക്കരിക്കാനും അപരവത്ക്കരിക്കാനുമുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അപകടകരമായ ഈ നീക്കത്തിൽ നിന്ന് കമ്മീഷൻ പിന്മാറണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു