
ന്യൂഡൽഹി: ജമ്മു കാശ്‌മീരിൽ രാഷ്‌ട്രപതി ഭരണം പിൻവലിച്ച് ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ സർക്കാർ രൂപീകരണത്തിന് അവസരം ഒരുങ്ങുന്നതിനാണ് രാഷ്‌ട്രപതി ഭരണം പിൻവലിച്ചത്. കഴിഞ്ഞ ദിവസമാണ് രാഷ്‌ട്രപതി ഭരണം പിൻവലിക്കാൻ ഗവർണറുടെ ഓഫീസ് ശുപാർശ ചെയ്‌തത്.
ആറ് വർഷത്തോളമായി ജമ്മു കാശ്‌മീർ കേന്ദ്ര ഭരണത്തിന് കീഴിലായിരുന്നു. ജമ്മു കാശ്‌മീരിന്റെ പ്രത്യേക പദവി പിൻവലിച്ച ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ് ഇപ്പോൾ കഴിഞ്ഞത്. പത്ത് വർഷം മുമ്പ് 2014ലാണ് ജമ്മു കാശ്‌മീരിൽ ഇതിന് മുമ്പ് തിരഞ്ഞെടുപ്പ് നടന്നത്. വരും ദിവസങ്ങളിൽ തന്നെ നിയുക്ത മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള സത്യപ്രതിജ്ഞ ചെയ്യും. രണ്ടാം തവണയാണ് ഒമർ അബ്‌ദുള്ള ജമ്മു കാശ്‌മീർ മുഖ്യമന്ത്രിയാകുന്നത്.
2019 ഒക്‌ടോബർ 31ന് ജമ്മു കാശ്‌മീരിൽ കേന്ദ്രഭരണം ഏർപ്പെടുത്തിയിരുന്നു. മുൻ സംസ്ഥാനമായ ജമ്മു കാശ്‌മീരിനെ 'ജമ്മു കാശ്‌മീർ, ലഡാക്ക്' എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതിന് തുടർച്ചയായിട്ടായിരുന്നു നടപടി. 2019 ഓഗസ്റ്റ് അഞ്ചിന് ജമ്മു കാശ്‌മീർ പുനഃ സംഘടന നിയമവും പാർലമെന്റ് പാസാക്കി. സംസ്ഥാനത്തിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദവും അന്നുതന്നെ റദ്ദാക്കപ്പെട്ടിരുന്നു.