ഈ പ്രപഞ്ചത്തിന്റെ സത്യം കണ്ടെത്താൻ ശ്രമിക്കുന്ന രണ്ട് വീക്ഷണ രീതികളാണ് സയൻസും ആദ്ധ്യാത്മികതയും. പരീക്ഷണ നിരീക്ഷണങ്ങളിലൂടെയും ബാഹ്യമായ അന്വേഷണങ്ങളിലൂടെയുമാണ് സയൻസ് ഇക്കാര്യം നിർവ്വഹിക്കുന്നത്. ആദ്ധ്യാത്മികതയിലാകട്ടെ സ്വന്തം മനസിന്റെ നിയന്ത്രണത്തിലൂടെയും അന്തർമുഖമായ അന്വേഷണത്തിലൂടെയുമാണ് ഇത് സാധിക്കുന്നത്.
സയൻസ് നിരീക്ഷണ വസ്തുവിനെ നിരീക്ഷകനിൽ നിന്നും സ്വതന്ത്രമായ ഒരു സത്തയായി കാണുന്നു. വസ്തുനിഷ്ഠമായി പഠനങ്ങൾ നടത്തുന്നു. എന്നാൽ ആദ്ധ്യാത്മികതയിൽ അന്വേഷണം ആത്മനിഷ്ഠമാണ്.
ഈ പ്രപഞ്ചത്തെ നാം അറിയുന്നത് നമ്മുടെ ഇന്ദ്രിയങ്ങളിലൂടെയും മനസിലൂടെയും ബുദ്ധിയിലൂടെയുമാണ്. അങ്ങനെ ആയതിനാൽ നമ്മുടെ ഇന്ദ്രിയങ്ങളിൽ നിന്നും മനസിൽ നിന്നും ബുദ്ധിയിൽ നിന്നും സ്വതന്ത്രമായി ഒരു വസ്തുവിനെക്കുറിച്ചുള്ള എന്തെങ്കിലും അറിവു നേടുവാൻ നമുക്ക് ഒരിക്കലും സാദ്ധ്യമല്ല. എന്നാൽ ഇക്കാര്യം അംഗീകരിക്കാൻ സയൻസ് വിമുഖത കാട്ടുന്നു.
ഒരു ഉറുമ്പ് ആനയെ കാണുന്നത് മനുഷ്യൻ ആനയെ കാണുന്നതുപോലെയല്ല. ഉറുമ്പിന്റെ കാഴ്ചശക്തി നമ്മുടെ കാഴ്ചശക്തിയിൽ നിന്നു വ്യത്യസ്തമാണ്. ആനയുടെ യഥാർത്ഥ രൂപം ഒരിക്കലും ഉറുമ്പിനു മനസിലാക്കാൻ കഴിയില്ല. ഒരു പാറ്റ ആനയെ കാണുന്നതാകട്ടെ മൂന്നാമതൊരു രീതിയിലായിരിക്കും. ഇങ്ങനെ ചിന്തിച്ചാൽ ഒരു കാര്യം മനസിലാകും. നാം അറിയുന്ന ഈ പ്രപഞ്ചത്തിന്റെ യഥാർത്ഥ പ്രകൃതം നമുക്ക് അറിയില്ല. നമ്മൾ അറിയുന്ന പ്രപഞ്ചത്തിന്റെ ചിത്രം നമ്മുടെ മനസിനെയും ബുദ്ധിയെയും ഇന്ദ്രിയങ്ങളെയും ആശ്രയിച്ചുള്ളതാണ്. അത് ശരിയായ ചിത്രമാകണമെന്നില്ല.
നമ്മുടെ ചുറ്റുമുള്ള പ്രപഞ്ചം അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നു. ഒരു വിത്ത് മണ്ണിനടിയിൽ പോകുന്നു. അതൊരു മരമായി വളരുന്നു. ഒടുവിൽ ആ മരം നശിച്ച് വീണ്ടും മണ്ണാകുന്നു. മണ്ണുകൊണ്ട് ഒരു കുടമുണ്ടാക്കുന്നു. കുടം ഉടയുമ്പോൾ അത് വീണ്ടും മണ്ണാകുന്നു. മണ്ണിനോട് ചേരുന്നു. ഇവിടെ വാസ്തവത്തിൽ ഒന്നും ആത്യന്തികമായി നശിക്കുന്നില്ല. ഗുണങ്ങൾ മാറിമാറി വരുന്നതേയുള്ളു. എന്നാൽ മാറ്റങ്ങൾക്കെല്ലാം മാറാത്തതായ ഒരു ആധാരം അഥവാ അധിഷ്ഠാനം ആവശ്യമാണല്ലോ! എല്ലാം മാറുമ്പോൾ മാറ്റമില്ലാതിരിക്കുന്ന അധിഷ്ഠാനവസ്തു എന്തായിരിക്കും? അത് മാറ്റമൊന്നുമില്ലാത്ത ശുദ്ധബോധം ആകാനേ തരമുള്ളൂ. നിർഗുണ, നിരാകാരമായ ആ സത്യവസ്തുവിനെയാണ് ഋഷിമാർ ബ്രഹ്മം എന്നു വിളിച്ചത്.
സയൻസിന്റെ കണ്ടുപിടുത്തങ്ങളും നിഗമനങ്ങളും അതതു കാലത്തെ പരിമിതമായ അറിവിനെ ആശ്രയിച്ചുള്ളതാണ്. അതിനാൽ ഇന്നു കണ്ടു പിടിക്കുന്ന ചിലത് നാളെ തെറ്റാണെന്നു കണ്ടെത്തിയെന്നു വരാം. ഇന്നു പുതുതായി ഒരു മരുന്നു കണ്ടുപിടിച്ചു. കുറച്ചു നാൾ കഴിയുമ്പോൾ ആ മരുന്നിന് പാർശ്വഫലങ്ങളുണ്ടെന്നു മനസിലാകുന്നു. അതു പിൻവലിക്കുന്നു.
ഈ വിധം സയൻസിന്റെ ചരിത്രം തിരുത്തലുകളുടെയും പുതിയ കണ്ടെത്തലുകളുടെയും തുടർക്കഥയാണ്. സയൻസ് എത്ര കണ്ടുപിടിത്തങ്ങൾ നടത്തിയാലും, കണ്ടെത്താനുള്ളതു പിന്നെയും ബാക്കിയാവും. അവിടെ അന്വേഷണത്തിന് ആത്യന്തികമായ ഒരു പരിസമാപ്തിയില്ല. എന്നാൽ ആദ്ധ്യാത്മികതയിൽ സത്യാന്വേഷണത്തിന് വിജയകരമായ പരിസമാപ്തിയുണ്ട്. പ്രപഞ്ചത്തിനാധാരമായ സത്യം ബോധമാണ്. അതു താൻ തന്നെയാണ് എന്ന് കണ്ടെത്തുന്നതോടെ സത്യത്തെത്തേടിയുള്ള മനുഷ്യന്റെ അന്വേഷണം പൂർണ്ണതയിലെത്തുന്നു.