
കോട്ടയം: മാലിന്യം കുന്നുകൂടിയത് കണ്ടു നാട്ടുകാർ മൂക്കുപൊത്തുന്നതിനിടയിൽ മാലിന്യ നിർമ്മാർജ്ജനത്തെക്കുറിച്ചു പഠിക്കാൻ കോട്ടയം നഗരസഭാംഗങ്ങൾ ബംഗളുരുവിലേക്ക് ഉല്ലാസയാത്ര നടത്തുന്നു. ഈ ടൂർ കൊണ്ട് എന്ത് പ്രയോജനമെന്ന് ചോദിക്കുകയാണ് ചുറ്റുവട്ടത്തുള്ളവർ.
മുൻകാലങ്ങളിൽ ഓരോ ഭരണസമിതിയും ഇതപോലെ യാത്ര നടത്തിയിരുന്നു. കറേ പണം മുടിച്ചത് മിച്ചം. മാലിന്യം കൂടികിടന്നു പുഴവരിക്കുന്നതും തെരുവുനായ്ക്കൾ അതിൽ കിടന്നു തിമിർക്കുന്നതിന്റെയും ഫോട്ടോയടക്കം പത്രവാർത്തകൾ വരമ്പോൾ നഗരസഭാ പ്രദേശങ്ങളിലൊന്നും മാലിന്യ പ്രശ്നമില്ലെന്നും എല്ലാം മാദ്ധ്യമ സൃഷ്ടിയുമാണെന്നാണ് നഗരസഭാദ്ധ്യക്ഷ അവകാശപ്പെടുന്നത്.
വീടുകൾ തോറുമുള്ള പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ ഹരിത കർമമസേനയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മാസം നൂറ് രൂപ നാട്ടുകാർ ഇവർക്കു നൽകുന്നുണ്ടെങ്കിലും ഒന്നോ രണ്ടോതവണ വന്നെങ്കിലായി. ചാക്കുകളിൽ കുത്തി നിറച്ച മാലിന്യം നഗരത്തിലെ ഡമ്പിംഗ് യാർഡായ കോടിമതയിൽ എത്തിക്കുന്നുണ്ടെങ്കിലും അവ കുഴിച്ചു മൂടാനല്ലാതെ മറ്റൊരു സംവിധാനവും ഇന്നുമില്ല.
വാഗമണിൽ നിന്ന് ഉറവയെടുത്ത് വേമ്പനാട്ടുകായലിൽ പതിക്കുന്ന ജില്ലയുടെ ഏക കുടിവെള്ള വാഹിനിയായ മീനച്ചിലാർ പൂർണമായും മലിനമായി. കക്കൂസ് മാലിന്യവും കോഴിവേസ്റ്റുമെല്ലാം നിക്ഷേപിക്കുന്ന വേസ്റ്റ് ഡമ്പായി മീനച്ചിലാർ മാറി. ഇതിന് മാറ്റമുണ്ടാക്കാന ഒരു ശ്രമവും ജില്ലാ ഭരണകൂടവും നടത്തുന്നില്ല.
പല ഹോസ്റ്റലുകളുടെയും ആശുപത്രികളുടെയും ശുചിമുറി മാലിന്യ കുഴലുകളെല്ലാം ഓടകളിലേക്ക് വെച്ചു മുകളിൽ സ്ലാബുമിട്ടു മിനുക്കിയത് എത്തുന്നത് മീനച്ചിലാറ്റിലാണ്. കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ശുചിമുറി മാലിന്യം പോലും ഓടകളിലേക്ക് ഒഴുക്കിവിടുന്നത് എത്തുന്നത് കൊടൂരാറ്റിലാണ്.
മാലിന്യമില്ലെന്ന് നഗരസഭാദ്ധ്യക്ഷ പറയമ്പോൾ മാലിന്യത്തിന് ഒരു കുറവുമില്ലെന്ന് നഗരസഭാംഗങ്ങളും പറയുന്നു. കൗൺസിൽ കൂടുമ്പോഴെല്ലാം ചക്കളത്തി പോരാട്ടത്തിനേ നേരമുള്ളൂ . പിന്നെങ്ങനെ മാലിന്യ പ്രശ്നം പരിഹരിക്കും.