threat

മുംബയ്: വിമാനങ്ങൾക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനുപിന്നാലെ ഓടിക്കൊണ്ടിരുന്ന മുംബയ് - ഹൗറ ട്രെയിൻ ടൈം ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി. ഇന്ന് പുലർച്ചെ നാല് മണിയോടുകൂടിയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതോടെ അടിയന്തര പരിശോധനയ്ക്കായി ട്രെയിൻ ജെൽഗാവ് സ്‌​റ്റേഷനിൽ നിർത്തുകയായിരുന്നു. സംശയാസ്പദമായ രീതിയിൽ യാതൊന്നും തെരച്ചിലിൽ കണ്ടെത്താൻ സാധിച്ചില്ലെന്ന് ഇന്ത്യൻ റെയിൽവേയുടെ പബ്ലിക് റിലേഷൻസ് ഓഫീസർ അറിയിച്ചു.

എക്സ് പോസ്​റ്റിലൂടെ ബോംബ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് മഹാരാഷ്ട്ര പൊലീസ് അറിയിച്ചു. സന്ദേശത്തിൽ പൊലീസിനെ അധിക്ഷേപിക്കുന്ന തരത്തിലുളള വാക്കുകളും ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യൻ റെയിൽവേ ഇന്ന് രാവിലെയോടെ ചോരക്കണ്ണീരൊഴുക്കുമെന്നും മുംബയ് ഹൗറ - ട്രെയിനിൽ ബോംബ് വച്ചിട്ടുണ്ടെന്നാണ് സന്ദേശം.

റെയിൽവേ പാളത്തിൽ ഗ്യാസ് സിലിണ്ടർ കൊണ്ടുവച്ചും മൺകൂനകൾ ഉണ്ടാക്കിയും ട്രെയിൻ അട്ടിമറിക്കാനുള്ള നിരവധി ശ്രമങ്ങൾ അടുത്തിടെ നടന്നിരുന്നു. ലോക്കോ പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലുകളിലൂടെ അട്ടിമറി നീക്കങ്ങളെല്ലാം പരാജയപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം റൂർക്കിയിൽ കരസേന ഉപയോഗിച്ചിരുന്ന റെയിൽവേ പാളത്തിൽ നിന്നും ഗ്യാസ് സിലിണ്ടർ കണ്ടെത്തിയിരുന്നു.

ധൻദേ സ്റ്റേഷനിലൂടെ BCNHL/32849 എന്ന ഗുഡ്‌സ് ട്രെയിൻ കടന്നുപോകുമ്പോഴായിരുന്നു സംഭവം. ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് പാളത്തിൽ സിലിണ്ടർ കിടക്കുന്നതായി സ്റ്റേഷനിൽ വിവരമറിയിച്ചത്. കൃത്യസമയത്ത് ലോക്കോ പൈലറ്റ് ബ്രേക്ക് ചെയ്ത് ട്രെയിൻ നിർത്തിയതിനാൽ വലിയൊരു അപകടം ഒഴിവാകുകയായിരുന്നു. സേനാ വാഹനങ്ങൾ പതിവായി കടന്നുപോകുന്ന റെയിൽ പാളമാണിത്. സംഭവത്തിൽ പ്രാദേശിക പൊലീസും റെയിൽവേ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.