boy

പന്തളം: ആന്റോ ആന്റണി എം.പിയുടെ വാഹനം കാറിൽ തട്ടിയതിന്റെ പേരിൽ ബഹളം വച്ച യുവാവിനെ കഞ്ചാവുമായി പിടികൂടി. പൊലീസ് നടത്തിയ പരിശോധനിലാണ് അടൂർ പന്നിവിഴ ശ്രീഹരി ഹൗസിൽ ശ്രീജിത്ത് (37)ന്റെ കാറിൽ നിന്ന് നാലു ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ പന്തളം നവരാത്രി മണ്ഡപത്തിന് സമീപമായിരുന്നു സംഭവം.

എം.പിയുടെ വാഹനം സിഗ്നൽ കാത്തു കിടന്നിരുന്ന കാറിൽ തട്ടുകയായിരുന്നു. കാറിൽ മൂന്നു പേരാണ് ഉണ്ടായിരുന്നത്. ഇവർ ബഹളം വച്ചതിനെ തുടർന്ന് പൊലീസ് സംഭവ സ്ഥലത്ത് എത്തിയതിന് പിന്നാലെ രണ്ടു പേർ സ്ഥലം വിട്ടു. പിടിയിലായ ശ്രീജിത്തിനെ ജാമ്യത്തിൽ വിട്ടയച്ചു. പന്തളം പൊലീസ് ഇൻസ്‌പെക്ടർ ടി.ഡി.പ്രജീഷിന്റെ നേതൃത്വത്തിൽ, എസ്.ഐ വിനോദ് കുമാർ, എസ്.സി.പി.ഒഅജീഷ്, സി.പി.ഒ മാരായ വിഷ്ണു, രഞ്ജിത്ത്, ഭഗത് എന്നിവർ ഉൾപ്പെട്ട സംഘമാണ് കാറിൽ പരിശോധന നടത്തിയത്.