
സീരിയലിൽ ഓവർ ആക്ടിംഗാണ് ആവശ്യമെന്ന് തുറന്നുപറഞ്ഞ് നടിയും മോഡലുമായ സാധിക വേണുഗോപാൽ. പ്രേക്ഷകശ്രദ്ധ നേടിയെടുക്കാൻ മേക്കപ്പിലും ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും താരം പറഞ്ഞു. സിനിമയിൽ അഭിനയിച്ചതിനുശേഷം സീരിയലിലേക്കെത്തിയതിനാൽ ചില പ്രയാസങ്ങൾ നേരിടേണ്ടി വന്നെന്ന് സാധിക പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
'അനുഭവങ്ങളിലൂടെയാണ് ബോൾഡായത്. സീരിയലിൽ ഓവർ ആക്ടിംഗാണ് ആവശ്യം. മേക്കപ്പിന്റെ കാര്യമായാലും അങ്ങനെ തന്നെയാണ്. കാരണം പ്രേക്ഷകരെ പിടിച്ചിരുത്തണം. പക്ഷെ മറ്റുളള അഭിനേതാക്കളുമായി താരതമ്യം ചെയ്യുമ്പോൾ ഞാൻ അഭിനയത്തിൽ പിറകോട്ടാണെന്ന് തോന്നിയിട്ടുണ്ട്. സിനിമയിൽ നിന്നും സീരിയലിലേക്ക് വന്നതുകൊണ്ടാണ് ഈ പ്രശ്നമെന്ന് പലരും പറഞ്ഞിട്ടുണ്ട്'- താരം പറഞ്ഞു.
മുൻപ് അഭിനയിച്ച ഒരു ഷോർട്ട് ഫിലിമിലെ കിടപ്പറ സീനിനെക്കുറിച്ചും സാധിക പറഞ്ഞു. 'അത്തരത്തിൽ ഒരു സീൻ സിനിമയിൽ വരുമ്പോൾ അത് എത്രത്തോളം യാഥാർത്ഥ്യമാക്കാമെന്നാണ് സംവിധായകനുൾപ്പടെയുളളവർ ചിന്തിക്കുന്നത്. അതിനാൽത്തന്നെ പലയാളുകളും അഭിനേതാക്കളുടെ കംഫർട്ട് നോക്കണമെന്നില്ല. ആ ഷോർട്ട് ഫിലിമിലെ ചില സീനുകൾ അഭിനയിക്കാൻ എനിക്ക് ചില പ്രശ്നങ്ങളുണ്ടായിരുന്നു. കാരണം എന്റെ വിവാഹം ഉറപ്പിച്ച സമയമായിരുന്നു. അപ്പോൾ വീട്ടുകാരുടെ ഭാഗത്ത് നിന്നും ചിന്തിക്കണമല്ലോ?
എന്നെ കംഫർട്ട് ആക്കാൻ സംവിധായകൻ ഒരുപാട് ശ്രമിച്ചു. ആ സമയത്ത് മുറിയിൽ ക്യാമറാമാനും ഞാനും മറ്റൊരു നടനും മേക്കപ്പ് ആർടിസ്റ്റും മാത്രമേ ഉണ്ടായിരുന്നുളളൂ. സംവിധായകന്റെ ആ സ്വഭാവം എനിക്ക് ഇഷ്ടപ്പെട്ടു. മലയാള സിനിമയിലും താരങ്ങളെ കംഫർട്ട് ആക്കിയതിനുശേഷം അഭിനയിപ്പിക്കുന്ന ഒരുപാട് സംവിധായകൻമാരുണ്ട്'- സാധിക പറഞ്ഞു.