dragon-drones

റഷ്യ- യുക്രെയിൻ യുദ്ധമുഖത്തിലൂടെ പുതിയൊരു ആയുധം രംഗപ്രവേശം ചെയ‌്തിരിക്കുകയാണ്. അതീവ നാശോന്മുഖമായ ഈ ആയുധത്തിന്റെ പേര് ഡ്രാഗൺ ഡ്രോൺ എന്നാണ്. ലക്ഷ്യമിടുന്ന പ്രദേശത്ത് പറന്ന് ചെന്ന് തീ വർഷിക്കുകയാണ് ഈ ആയുധത്തിന്റെ പ്രഹരണ രീതി. തീ എന്നു പറഞ്ഞാൽ 2427 ഡിഗ്രി സെഷ്യൽസ് തിളച്ചു മറിയുന്ന ലോഹദ്രാവകം.

ഡ്രാഗൺ ഡ്രോൺ എന്ന സംഹാരിയെ കുറിച്ച് കൂടുതൽ അറിയാം

തെർമൈറ്റ് എന്നറിയപ്പെടുന്ന മിശ്രണമാണ് ഡ്രാഗൺ ഡ്രോണിന്റെ അടിസ്ഥാന ഘടകം. അലുമിനിയത്തിന്റെയും അയൺ ഓക്‌സൈഡിന്റെയും സംയുക്തമാണ് ഈ മിശ്രണം. നൂറ്റാണ്ടുകൾക്ക് മുമ്പ് റെയിൽപാതയ്‌ക്കായുള്ള ഉരുക്ക് കമ്പികൾ നിർമ്മിച്ചിരുന്നത് ഈ പദാർത്ഥം ഉപയോഗിച്ചായിരുന്നു. ഇലക്‌ട്രിക്കൽ ഫ്യൂസ് ഉപയോഗിച്ചാണ് ഇത് കത്തിക്കുന്നത്. ഒരിക്കൽ ജ്വലിപ്പിച്ചു കഴിഞ്ഞാൽ അണയ്‌ക്കാൻ വളരെ പ്രയാസകരമാണ് ഈ മിശ്രണം. അതുകൊണ്ടുതന്നെ എന്തിനെയും നിമിഷനേരം കൊണ്ട് ഭസ്‌മമാക്കി കളയും. വൻ വൃക്ഷങ്ങൾ മുതൽ ശത്രു രാജ്യത്തിന്റെ വാഹനവ്യൂഹങ്ങളെ പോലും കത്തിച്ച് നാമാവശേഷമാക്കും. വെള്ളത്തിനടിയിൽ സൂക്ഷിച്ചിട്ടുള്ളവയെ പോലും ഡ്രാഗൺ ഡ്രോണിന്റെ ആക്രമത്തിൽ നിന്ന് രക്ഷിക്കാൻ കഴിയില്ല. ഇതിന്റെ ചൂടേൽക്കുന്നത് കൊണ്ടുണ്ടാകുന്ന പൊള്ളൽ മനുഷ്യശരീരത്തിലെ എല്ലിലേക്ക് ആഴ്‌ന്നിറങ്ങും.

യുകെ ആസ്ഥാനമായി യുദ്ധവിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സംഘടനയായ ആക്ഷൻ ഓൺ ആംഡ് വയലൻസ് ഡ്രാഗൺ ഡ്രോണിനെ വിശേഷിപ്പിച്ചത് ''ഹൈലി എഫക്‌ടീവ് ആന്റ് ഡെയിഞ്ചറസ്'' എന്നാണ്. റഷ്യ-യുക്രെയിൻ യുദ്ധമുഖത്താണ് ഇത് ആദ്യമായി പ്രയോഗിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ . ഇതിന്റെ ദൃശ്യങ്ങളടക്കം അന്തർദേശീയ മാദ്ധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ സെപ്‌തംബറിലായിരുന്നു ആക്രമണം.

റഷ്യക്കെതിരെ യുക്രെയിനാണ് ഡ്രാഗൺ ഡ്രോൺ പ്രയോഗിച്ചത്. തങ്ങളുടെ ബങ്കറുകൾ മറയ്‌ക്കാനായി റഷ്യ സൃഷ്‌ടിച്ച ഹരിതാഭ, യുക്രെയിൻ കത്തിച്ചാമ്പലാക്കി കളഞ്ഞു. അധികം വൈകാതെ അതേ നാണയത്തിൽ റഷ്യ തിരിച്ചടിക്കുകയും ചെയ‌്തു.

ഡ്രാഗൺ ഡ്രോണിന്റെ ആദ്യരൂപം ഒന്നാം ലോകമഹായുദ്ധ കാലത്ത്

ഡ്രാഗൺ ഡ്രോണിന്റെ ആദ്യരൂപം പ്രയോഗിക്കപ്പെട്ടത് ഒന്നാംലോകമഹായുദ്ധകാലത്താണ്. ജർമ്മനി വ്യാപകമായി തന്നെ ഈ ആലുമിനിയം ബോംബ് വർഷിച്ചിരുന്നു. അക്കാലത്തെ ഏറ്റവും നൂതനമായ ആയുധമായാണ് ഇതിനെ കണ്ടിരുന്നത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് യുദ്ധത്തിൽ പങ്കെടുത്ത ഓരോ രാജ്യത്തിന്റെയും പ്രധാന ആയുധം തന്നെ ഇത്തരം തെർമൈറ്റ് ബോംബുകളായിരുന്നു. തെർമൈറ്റ് ഗ്രനേഡുകൾ ഉപയോഗിച്ച് എതിർസൈന്യത്തിന്റെ പീരങ്കികളെ ആക്രമിക്കുകയായിരുന്നു പതിവ് രീതി.

ഈ നൂറ്റാണ്ടിൽ സ്പെഷ്യൽ ഓപ്പറേഷൻ ടീമുകളോ, ചാരവൃത്തിക്കായി നിയോഗിക്കപ്പെടുന്നവരോ ആണ് തെർമൈറ്റ് ബോംബ് ഉപയോഗിക്കുന്നത്. സ്ഫോടനമില്ലാതെ ലക്ഷ്യസ്ഥാനത്തെ ആഴത്തിൽ തകർക്കുന്ന രീതിയാണ് തെർമൈറ്റ് ബോംബിന്റെ പ്രത്യേകത എന്നത് തന്നെ കാരണം.

ഭീകരനെ ഇതുവരെ നിരോധിച്ചിട്ടില്ല

ഇത്രയും സംഹാരശേഷി വാഹകനാണെങ്കിലും തെർമൈറ്റ് അടിസ്ഥാനമായ ആയുധങ്ങൾ ഇതുവരെ നിരോധിക്കപ്പെട്ടിട്ടില്ല. എന്നാൽ മനുഷ്യർക്ക് നേരെ ഉപയോഗിക്കതുതെന്ന് ഐക്യരാഷ്‌ടസഭയുടെ മാർഗനിർദേശങ്ങളിലുണ്ട്.