-khrisha-shah-ambani

ലോകത്തിലെ തന്നെ ഏറ്റവും ധനിക കുടുംബങ്ങളിലൊന്നാണ് അംബാനി കുടുംബം. റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ അനന്ത് അംബാനിയുടെ വിവാഹം കഴിഞ്ഞ ജൂലായിലായിരുന്നു നടന്നത്. ഹോളിവുഡ്, ബോളിവുഡ് താരങ്ങളും രാഷ്ട്രീയ പ്രമുഖരും അടക്കം വമ്പന്മാർ അണിനിരന്ന വിവാഹമായിരുന്നു അത്. മുകേഷ് അംബാനിയുടെ സഹോദരൻ അനിൽ അംബാനിയും കുടുംബവും വിവാഹച്ചടങ്ങുകളിൽ സന്നിഹിതരായിരുന്നു. അനിൽ അംബാനിയുടെ ഭാര്യ ടീന അംബാനി തന്റെ മരുമകൾ കൃഷ ഷായെയും ഒപ്പം കൂട്ടിയിരുന്നു. ലൈംലൈറ്റിൽ പ്രത്യക്ഷപ്പെടാതെ വളരെ സ്വകാര്യ ജീവിതം നയിക്കുന്ന വ്യക്തിയാണ് കൃഷ ഷാ അംബാനി.

അനിൽ അംബാനിയുടെയും ടീന അംബാനിയുടെയും മൂത്ത മകൻ ജയ് അൻമോൽ അംബാനിയുടെ ഭാര്യയാണ് കൃഷ ഷാ. നികുഞ്ച് എന്റർപ്രൈസസിന്റെ മുൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പരേതനായ നികുഞ്ച് ഷായുടെയും ഫാഷൻ ഡിസൈനറായ നീലം ഷായുടെയും മകളാണ് ഈ യുവ സംരംഭക.

കൃഷയുടെയും അൻമോലിന്റെയും വിവാഹം വീട്ടുകാ‌ർ പറഞ്ഞുറപ്പിച്ചതായിരുന്നു. 2022 ഫെബ്രുവരിയിലാണ് ഇരുവരും വിവാഹിതരായത്. യുകെയിലെ ഒരു കമ്പനിയിൽ ടെക്‌നോളജി കൺസൾട്ടന്റ് ആയി പ്രവർത്തിക്കുകയായിരുന്ന ക‌ൃഷ വൻ ശമ്പളത്തിലെ ജോലി ഉപേക്ഷിച്ച് സ്വന്തം സംരംഭം ആരംഭിച്ചു. 'ഡിസ്‌കോ' എന്ന സോഷ്യൽ നെറ്റ്‌വർക്ക് പ്ളാറ്റ്‌ഫോമിന്റെ സ്ഥാപകയാണ് കൃഷ. മികച്ചൊരു സാമൂഹിക പ്രവർത്തകയും മാനസികാരോഗ്യ വിദഗ്ധയും കൂടിയാണ് കൃഷ. 'ലവ് നോട്ട് ഫിയർ' എന്ന പേരിൽ അവർ മാനസികാരോഗ്യ അവബോധ ക്യാമ്പെയിനും സംഘടിപ്പിച്ചിരുന്നു.

യുഎസിലെ യുസി ബെർകെലെയിൽ നിന്ന് പൊളിറ്റിക്കൽ എക്കണോമിയിൽ ബിഎ കരസ്ഥമാക്കിയ കൃഷ ഇംഗ്ളണ്ടിലെ ലണ്ടൻ സ്‌കൂൾ ഒഫ് എക്കണോമിക്‌സിൽ നിന്ന് സോഷ്യൽ പോളിസി ആന്റ് ഡവലപ്പ്‌മെന്റിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

ജയ് അൻമോൽ അംബാനിയും കൃഷ ഷായും അനിൽ അംബാനിക്കും ടിന അംബാനിക്കുമൊപ്പം മുംബയിലെ പാലി ഹില്ലിലുള്ള 17 നില വസതിയിലാണ് താമസിക്കുന്നത്. 'അബോഡ്' എന്ന് പേര് നൽകിയിരിക്കുന്ന വസതിക്ക് 5000 കോടി രൂപയാണ് മൂല്യം കണക്കാക്കുന്നത്.