
പഠനത്തിനായും ജോലിക്കായും വലിയ നഗരങ്ങളിലേക്ക് സ്ഥിരതാമസത്തിനായി എത്തുന്ന ഒട്ടുമിക്കവരും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് താമസ സ്ഥലത്തിന്റെ വാടക. ചിലർ ഹോസ്റ്റലുകളിൽ ഭീമമായ വാടക കൊടുത്ത് താമസിക്കുമ്പോൾ മറ്റുചിലർ വൻ വാടകയ്ക്ക് വീടുകളെടുത്താണ് താമസിക്കുന്നത്. തിരക്കേറിയ നഗരങ്ങളായ മുംബയ്, ഡൽഹി. ബംഗളൂരു എന്നിവിടങ്ങളിൽ എത്തുന്ന പലരുടെയും അവസ്ഥയാണിത്. അതിനാൽത്തന്നെ വലിയ വരുമാനമില്ലാത്തവർക്ക് ഇത്രയും പണം മുടക്കി താമസിക്കാനും പ്രയാസമാണ്.
ഈ സമയത്താണ് പശ്ചിമബംഗാളിൽ നിന്നുളള ഒരു വിദ്യാർത്ഥി താൻ താമസിക്കുന്ന മുറിയുടെ വാടകയും ചിത്രങ്ങളും എക്സിൽ പങ്കുവച്ചിരിക്കുന്നത്. ഇത് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥിയും ബീഹാർ സ്വദേശിയുമായ മനീഷ് അമനാണ് സിംഗിൾ റൂമിന്റെയും ബാത്ത്റൂമിന്റെയും ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
ഒരു സാധാരണ മുറിയിലുളള എല്ലാവിധ സൗകര്യങ്ങളും യുവാവ് പങ്കുവച്ച ചിത്രത്തിലുണ്ട്. ഒരു വശത്ത് കട്ടിലും മറ്റ് വശങ്ങളിലായി മേശയും കസേരയും പാചകം ചെയ്യുന്നതിനുളള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ മുറിയുടെ വാടകയാണ് മറ്റുളളവരെ അതിശയിപ്പിച്ചിരിക്കുന്നത്. പ്രതിമാസം വെറും 15 രൂപയാണ് വാടകയായി നൽകുന്നതെന്നാണ് അമൻ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
പോസ്റ്റിന് പലവിധത്തിലുളള പ്രതികരണങ്ങളാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ചിലയാളുകൾ അമനോട് മുറിയുടെ കൃത്യമായ വിവരങ്ങൾ ചോദിക്കുന്നുണ്ട്. മറ്റൊരാളാകട്ടെ മുറികൾക്ക് കുറഞ്ഞ തുക ഈടാക്കുന്നത് വിദ്യാർത്ഥികൾക്ക് ആശ്വാസം പകരുന്നതാണെന്നും പ്രതികരിച്ചു.