s

മുംബയ്: മഹാരാഷ്ട്ര മുൻ മന്ത്രി ബാബാ സിദ്ദിഖിക്കൊപ്പം മകനും എം.എൽ.എയുമായ സീഷാൻ സിദ്ദിഖിയെയും കൊലപ്പെടുത്താനായിരുന്നു അധോലോക രാജാവ് ലോറൻസ് ബിഷ്‌ണോയിക്ക് കിട്ടിയ ക്വട്ടേഷൻ. അറസ്റ്റിലായ ബിഷ്ണോയ് സംഘാംഗങ്ങളുടേതാണ് വെളിപ്പെടുത്തൽ. ബാന്ദ്ര ഈസ്റ്റിലെ എം.എൽ.എയാണ് സീഷാൻ. കോൺഗ്രസ് ടിക്കറ്റിലാണ് ജയിച്ചതെങ്കിലും ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ കൂറുമാറി വോട്ടു ചെയ്തതിന് മാസങ്ങൾക്ക് മുമ്പ് പാർട്ടയിൽ നിന്ന് പുറത്താക്കി. ഇരുവരെയും ഒരുമിച്ച് കൊല്ലാൻ പറ്റിയില്ലെങ്കിൽ ആദ്യം കിട്ടുന്നയാളുടെ കഥ കഴിക്കാനായിരുന്നു നിർദ്ദേശം.

എൻ.സി.പി അജിത്പവാർ വിഭാഗം നേതാവായ ബാബാ സിദ്ദിഖി (66) ശനിയാഴ്ച രാത്രി മകനെ ഓഫീസിൽ കണ്ട് പുറത്തിറങ്ങവേയാണ് കൊല്ലപ്പെട്ടത്. ഇരുവരും ഒരുമിച്ച് ദസറ ഘോഷയാത്രയിൽ പങ്കെടുത്തേക്കുമെന്ന് അക്രമികൾക്ക് വിവരം കിട്ടിയിരുന്നു. അതുപ്രകാരം കാത്തു നിന്നെങ്കിലും ഘോഷയാത്രയിലെ ജനക്കൂട്ടം കണ്ട് പ്ളാൻ മാറ്റി. കാറിൽ കയറാൻ ശ്രമിക്കെ വെടിവച്ച് വീഴ്‌ത്തുകയായിരുന്നു. ബാബയുടെ സുരക്ഷയ്ക്ക് നിയോഗിച്ചിരുന്ന പൊലീസുകാരന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ ശേഷമായിരുന്നു ആക്രമണം.

മൂന്നംഗ അക്രമി സംഘത്തിലെ ഹരിയാന സ്വദേശി ബൽജിത് സിംഗ് (23)​, യു.പിയിലെ ധമ്മരാജ് കശ്യപ് (19)​ എന്നിവരെ വൈകാതെ പിടികൂടി. മൂന്നാമൻ യു.പിക്കാരനായ ശിവകുമാർ ഗൗതം രക്ഷപ്പെട്ടിരുന്നു. ശിവകുമാറാണ് ആറുതവണ വെടിയുതിർത്തത്. ഇയാളെ ഇന്നലെ മുംബയ് പനവേലിൽ കണ്ടതായി വിവരമുണ്ട്. പിടികൂടാൻ നാല് ടീമുകളെയാണ് നിയോഗിച്ചിട്ടുള്ളത്.

തനിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് കോടതിയിൽ ഹാജരാക്കുമ്പോൾ പ്രതി ധർമരാജ് പറഞ്ഞിരുന്നു. തുടർന്ന് ഇന്നലെ നടത്തിയ പ്രായനിർണയ പരിശോധനയിൽ ഇതു കളവാണെന്ന് കണ്ടെത്തി.

അതിനിടെ,​ ബാബാ കൊലക്കേസിൽ പങ്കുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട പ്രവീൺ ലോങ്കർ എന്നയാളെ ഞായറാഴ്ച രാത്രി പിടികൂടി. ബിഷ്ണോയ് സംഘാംഗമാണ് ഇയാളുടെ സഹോദരൻ ഷുഭ്മാൻ.

ദിവസങ്ങളുടെ ആസൂത്രണം

 പ്രതികൾ ദിവസങ്ങൾ കുർളയിൽ വാടകവീട്ടിൽ താമസിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തത്

 കുർളയിൽ നിന്ന് ബാന്ദ്രയിൽ ദിവസവും ഓട്ടോയിലെത്തി ബാബയെയും മകനെയും നിരീക്ഷിച്ചു

 ഇരുവരും പതിവായി പോകുന്ന സ്ഥലങ്ങളിലും അക്രമികൾ രഹസ്യമായി പിന്തുടർന്നിരുന്നു

ഫ്രണ്ട്സ്, ഞാൻ ഗ്യാങ്സ്റ്ററാണ്

സിദ്ദിഖി കൊലക്കേസ് പ്രതി ശിവകുമാർ മൂന്ന് മാസം മുമ്പ് ഇൻസ്റ്റഗ്രാമിലൂടെ താനൊരു ഗ്യാംങ്സ്റ്ററാണെന്ന് വെളിപ്പെടുത്തിയിരുന്നു. എന്റെ പിതാവ് ബഹുമാനിക്കപ്പെടുന്നയാളാണ്. പക്ഷേ, ഞാൻ അങ്ങനെയല്ല. ശക്തരായവർ നാടിനെയും ശക്തമാക്കും എന്ന കെ.ജി.എഫ് സിനിമയിലെ ഡയലോഗും പോസ്റ്റ് ചെയ്തിരുന്നു. ശിവകുമാറിന്റെ പേരിൽ മുമ്പ് ക്രിമിനൽ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഗാന്ധാര ഗ്രാമത്തിലാണ് ഇയാളുടെ വീട്. അവിടെ ഒരു ആക്രിക്കടയിൽ ജോലി നോക്കിയിരുന്നു. മകൻ ഇത്രയും വലിയ ക്രിമിനൽ സംഘത്തിൽ ഉൾപ്പെട്ടെന്ന് കുടുംബത്തിന് ഇനിയും വിശ്വാസമായിട്ടില്ല.