ff

ചന്ദ്രനിലും ചൊവ്വയിലും ചേക്കേറുന്ന മനുഷ്യർ. അവിടെ ഭൂമിയിലെപ്പോലെ മഹാനഗരങ്ങൾ... സയൻസ് ഫിക്‌ഷൻ സിനിമകളിൽ നിറഞ്ഞുനിൽക്കുന്ന ഈ തീം നിലവിൽ സാങ്കല്പികമാണെങ്കിലും യാഥാർത്ഥ്യത്തിൽ നിന്ന് വിദൂരമല്ല! ഒരു പക്ഷേ, അടുത്ത അമ്പതു വർഷത്തിനകം മനുഷ്യൻ ചന്ദ്രനിലോ ചൊവ്വയിലോ ഒരു ഇടത്താവളം നിർമ്മിച്ചെന്നു വരാം.

അവിടേക്കുള്ള മനുഷ്യയാത്രകൾ താരതമ്യേന എളുപ്പവും ചെലവു കുറഞ്ഞതുമായി മാറിയേക്കാം. അതിനുള്ള പരീക്ഷണങ്ങളാണ് യു.എസിൽ ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ നേതൃത്വത്തിൽ നടക്കുന്നത്. ബഹിരാകാശ എൻജിനിയറിംഗിലെ 'ഗെയിം ചേഞ്ചർ" ആകാൻ പോകുന്ന സ്​റ്റാർഷിപ്പ് മെഗാ റോക്കറ്റിലൂടെയാണ് മനുഷ്യൻ ഈ നേട്ടം കൈവരിക്കാൻ പോകുന്നത്.

ഇന്നേവരെ നിർമ്മിക്കപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ വിക്ഷേപണ വാഹനമാണ് സ്​റ്റാർഷിപ്പ്. ഭാവിയിൽ ചന്ദ്രനിലും ചൊവ്വയിലും മനുഷ്യ കോളനികൾ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ 2012-ലാണ് സ്റ്റാർഷിപ്പിന്റെ ആശയം മസ്ക് അവതരിപ്പിച്ചത്. മസ്കിന്റെ ഉടമസ്ഥതയിലെ സ്പേ‌സ്‌എക്സ് കമ്പനിയാണ് നിർമ്മാതാക്കൾ. ആകെ 397 അടിയാണ് സ്റ്റാർഷിപ്പിന്റെ ഉയരം- ഉദ്ദേശം ഒരു നാല്പതുനില കെട്ടിടത്തിന്റെ ആകാശപ്പൊക്കം! കഴിഞ്ഞ ദിവസം ടെക്സസിലെ സ്റ്റാർ ബേസിൽ നടന്ന സ്റ്റാർഷിപ്പിന്റെ അഞ്ചാം പരീക്ഷണം പൂർണ വിജയമായതോടെ ആകാശവാസമെന്ന സ്വപ്നത്തിൽ നിന്ന് യാഥാർത്ഥ്യത്തിലേക്കുള്ള ദൂരം ഒറ്റയടിക്ക് ചെറുതായി!

പുനരുപയോഗിക്കാവുന്ന ഭീമൻ റോക്കറ്രാണ് സ്റ്റാർഷിപ്പ്. രണ്ടു ഭാഗങ്ങളാണ് ഇതിന്- സൂപ്പർ ഹെവി എന്ന ബൂസ്റ്റർ/ഫസ്റ്റ് സ്റ്റേജ് (232 അടി), നൂറു സഞ്ചാരിക്കൾക്ക് ഇരിക്കാവുന്ന സ്റ്റാർഷിപ്പ് പേടകം അഥവാ സെക്കൻഡ് സ്റ്റേജ് ​(165 അടി). നിർമ്മിക്കപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ വിക്ഷേപണ വാഹനമായതുകൊണ്ടുതന്നെ സ്റ്റാർഷിപ്പ് റോക്കറ്റ് വിക്ഷേപണം ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്.

മനുഷ്യരുമായുള്ള യാത്രയ്ക്ക് സ്റ്റാർഷിപ്പിനെ സജ്ജമാക്കണമെങ്കിൽ നിരവധി സുരക്ഷാ പരീക്ഷണങ്ങൾ നടത്തേണ്ടതുണ്ട്. ഇതുവരെ അഞ്ച് പരീക്ഷണങ്ങൾ സ്റ്റാർഷിപ്പിന് നടത്തി. അതിൽ ഏറ്റവും സാഹസികവും അത്ഭുതകരവുമായിരുന്നു,​ഞായറാഴ്ച നടന്ന അഞ്ചാം പരീക്ഷണം. ബോക ചിക സ്റ്റാർ ബേസിൽ നിന്ന് വിക്ഷേപിച്ച സ്റ്റാർഷിപ്പിന്റെ സെക്കൻഡ് സ്റ്റേജ് 70 കിലോമീറ്റർ ഉയരത്തിൽ വച്ച് ബൂസ്റ്ററിൽ നിന്ന് വേർപെടുകയും ഇന്ത്യൻ സമുദ്രത്തിൽ നിയന്ത്രിത ലാൻഡിംഗിന് വിധേയമാക്കുകയും ചെയ്തു. എന്നാൽ, ബൂസ്റ്ററാണ് ലോകത്തെ ഞെട്ടിച്ചുകളഞ്ഞത്. സൂചിയിൽ നൂൽ കോർക്കുന്നത്ര കൃത്യതയോടെ ബൂസ്റ്റർ,​ വിക്ഷേപണത്തറയിൽത്തന്നെ തിരിച്ചിറങ്ങി. 400 മീറ്ററിലേറെ ഉയരമുള്ള ലോഞ്ച് പാഡ് ടവറിനു മുകളിലെ രണ്ട് ഭീമൻ ലോഹക്കൈകൾ ബൂസ്റ്ററിനെ നിലംതൊടാതെ താങ്ങി നിറുത്തുകയായിരുന്നു. ആദ്യ മൂന്ന് പരീക്ഷണങ്ങളിലും ബൂസ്റ്റർ പൊട്ടിത്തെറിച്ചതായിരുന്നു തുടർ പരീക്ഷണങ്ങളിലെ ആശങ്ക.

നാലാം പരീക്ഷണത്തിൽ വിജയകരമായി വേർപെട്ട ബൂസ്റ്റർ മെക്സിക്കോ ഉൾക്കടലിൽ പതിച്ചു. ഇത്തവണ ലോഞ്ച് പാഡിൽ 'അനുസരണയോടെ" തിരിച്ചറക്കിയതോടെ തന്റെ വാഗ്ദാനങ്ങളിലൊന്ന് ശരിയെന്നു തെളിയിക്കുകയായിരുന്നു സ്പേസ് എക്സ് ഉടമയായ ഇലോൺ മസ്ക്. പൂർണമായും പുനരുപയോഗിക്കാവുന്ന ലോകത്തെ ആദ്യ റോക്കറ്റാകും സ്റ്റാർഷിപ്പ് എന്ന് മസ്ക് പറഞ്ഞിരുന്നു. അതാണ് ബൂസ്റ്ററിന്റെ തിരിച്ചിറങ്ങലിലൂടെ തെളിയിച്ചിരിക്കുന്നത്. പരീക്ഷണങ്ങൾ ഇനിയും നിരവധിയുണ്ട്. എന്നാൽ സ്വകാര്യ ബഹിരാകാശ കമ്പനിയെന്ന നിലയിൽ സ്പേസ് എക്സ് കൈവരിച്ച സമാനതകളില്ലാത്ത സാങ്കേതിക മികവ് ബഹിരാകാശ മേഖലയിലെ ചരിത്ര നേട്ടങ്ങളിലൊന്നായി തിളങ്ങുന്നു.

ചൊവ്വയിലേക്ക്

ട്രിപ്പ്; പക്ഷേ...

സ്റ്റാർഷിപ്പ് യാഥാർത്ഥ്യമാകുന്നതോടെ ബഹിരാകാശ ഗവേഷണ രംഗത്ത് പുത്തൽ സാദ്ധ്യതകളിലേക്കാണ് സ്പേസ് എക്സ് വാതിൽ തുറക്കുക. മനുഷ്യരെയും ഉപഗ്രഹങ്ങൾ,​ ഭീമൻ ടെലിസ്കോപ്പ് തുടങ്ങിയ കാർഗോകളെയും സ്റ്റാർഷിപ്പ് വഹിക്കും. ഭൂമിയുടെ ഭ്രമണപഥത്തിനപ്പുറം ചന്ദ്രൻ,​ ചൊവ്വ തുടങ്ങിയവ ആകാശ ഗോളങ്ങളിലേക്കുള്ള യാത്രയാണ് സ്റ്റാർഷിപ്പിന്റെ ടാർജറ്റ്. അതിനൊപ്പം തന്നെ,​ ഭൂമിയുടെ ഒരറ്റത്തു നിന്ന് മറ്റൊരു കോണിലേക്കുള്ള യാത്രയും ലക്ഷ്യമിടുന്നു. സാദ്ധ്യമെങ്കിൽ ഒരു മണിക്കൂർകൊണ്ട് ഭൂമിയുടെ ഒരു കോണിൽ നിന്ന് മറ്റൊരു കോണിലേക്ക് പറന്നെത്താൻ സ്റ്റാർഷിപ്പിന് കഴിഞ്ഞേക്കുമത്രേ! സ്പേസ് ടൂറിസം മേഖലയിലും സ്റ്റാർഷിപ്പ് വിപ്ലവമാകും.

അതുകൊണ്ട് സ്റ്റാർഷിപ്പിന്റെ രൂപകല്പനയും സങ്കീർണമാണ്. ചുട്ടുപൊള്ളുന്ന താപത്തിനും പാറ പോലെ ചീറിപ്പായുന്ന ആകാശവസ്തുക്കൾക്കും സ്റ്റാർഷിപ്പ് പേടകത്തെ അപകടത്തിലാക്കാൻ സാധിക്കില്ലെന്ന് ഉറപ്പാക്കണം. സ്റ്റാർഷിപ്പിന് കരുത്തേകാൻ ലിക്വിഡ് മീഥെയ്ൻ, ലിക്വിഡ് ഓക്സിജൻ എന്നിവയിൽ പ്രവർത്തിക്കുന്ന പ്രത്യേക റാപ്റ്റർ എൻജിനുകൾ തന്നെ സ്പേസ് എക്സ് നിർമ്മിച്ചു.

മൂന്നോ നാലോ വർഷത്തിനുള്ളിൽ ചൊവ്വയിൽ സ്പേസ് എക്സിന്റെ ആളില്ലാ പേടകം ഇറങ്ങുമെന്നും ഭാഗ്യമൊത്താൽ 2030-കൾ അവസാനിക്കും മുമ്പ് മനുഷ്യർ ചൊവ്വയിൽ കാലുകുത്തുമെന്നുമാണ് മസ്കിന്റെ ആത്മവിശ്വാസം. എന്നാൽ ചൊവ്വയിലെ സാഹചര്യങ്ങൾ മനുഷ്യന് പ്രതികൂലമാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഭൂമിയിലെപ്പോലെ കാന്തിക മണ്ഡലമോ ഓസോൺ പാളിയോ ഇല്ലാത്തതിനാൽ ചൊവ്വയിൽ മനുഷ്യനെ എത്തിക്കുക എന്ന ആശയം അത്യന്തം അപകടകരവും വെല്ലുവിളി നിറഞ്ഞതുമാണ്. ആളില്ലാ പേടകങ്ങൾ ഇറങ്ങിയെങ്കിലും മനുഷ്യനെ ചൊവ്വയിലെത്തിക്കാനുള്ള പദ്ധതി യാഥാർത്ഥ്യമായിട്ടില്ല. സമീപ വർഷങ്ങളിലൊന്നും അത് സാദ്ധ്യമായേക്കില്ലെന്ന് അമേരിക്കൻ സ്പേസ് ഏജൻസിയായ നാസ പറയുന്നു. അതേ സമയം, അര നൂറ്റാണ്ടിനു ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ആർട്ടെമിസ് - 3 മിഷനിൽ സ്റ്റാർഷിപ്പിനെ ഉപയോഗിക്കാൻ ആലോചനയുണ്ട്.

# സ്റ്റാർഷിപ്പ്

 ഉയരം: 397 അടി

 ഭാരം: 5000 ടൺ

 ഭാരവാഹകശേഷി: 150 ടൺ

 ആദ്യ പരീക്ഷണം: 2023 ഏപ്രിൽ 20

 നിർമ്മിക്കപ്പെട്ടതിൽ ഏറ്റവും ഉയരമേറിയ റോക്കറ്റ്.

 യു.എസിന്റെ സ്പേസ് ലോഞ്ച് സിസ്റ്റം (എസ്.എൽ.എസ് - 365 അടി ), സാറ്റേൺ V (363 അടി), ഡെൽറ്റ IV ഹെവി ( 236 അടി ) റോക്കറ്റുകളെയാണ് സ്റ്റാർഷിപ്പ് പിന്നിലാക്കിയത്.